ബിഗ് ബോസ് വീട്ടില്‍ മത്സരങ്ങള്‍ വേറെ ലെവലാവുകയാണ്. ഇവിടെ പിടിച്ചുനില്‍ക്കാന്‍ ചെറിയ കളികള്‍കൊണ്ടൊന്നും കാര്യമില്ലെന്ന് മത്സരാര്‍ത്ഥികളെല്ലാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.  കഴിഞ്ഞ ദിവസം നടന്ന ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് അതായിരുന്നു സൂചിപ്പിക്കുന്നത്. വ്യക്തിപരമായ നേട്ടം കൂടിയുള്ള ടാസ്കില്‍ രജിത് കുമാറിനെ ജയിലില്‍ കയറ്റാന്‍ വീണയും ആര്യയും കണ്ടെത്തിയ കാരണം, വ്യക്തിപരമായി കളിക്കേണ്ട ടാസ്കില്‍ ഗ്രൂപ്പായി കളിച്ച്, പണിയെടുക്കാതെ പോയിന്‍റ് നേടിയെന്നതാണ്.  പക്ഷെ അതേ കാര്യം ആര്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് ആര്യ തന്നെ പിന്നീട് പറയുന്നതും കണ്ടു. 

ഈ ടാസ്ക് ഓരോരുത്തരും വ്യക്തിപരമായി കളിക്കേണ്ട ടാസ്കാണ്. അവര്‍ കൂടുതല്‍ പോയിന്‍റ് കളക്ട് ചെയ്തെങ്കിലും അവര്‍ ടീമായിട്ടാണ് കളിച്ചത്. അതൊരു വ്യക്തിപരമായ ഗെയിമായിട്ടല്ല സുജോ ഒഴികെയുള്ളവര്‍ കളിച്ചത്. ഒരു പണിയുമെടുക്കാതെ പോയിന്‍റ് കളക്ട് ചെയ്യുകയായിരുന്നു അവര്‍ എന്നും വീണയോട് ആര്യ പറ‍ഞ്ഞു.  ആരെയൊക്കെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്നും ജയിലിലേക്ക് അയക്കേണ്ടതെന്നും നല്ലബോധമുണ്ടെന്ന് ആര്യ പറഞ്ഞു. വീണയും അതേ കാര്യം തന്നെയായിരുന്നു പറഞ്ഞത്. ഇതിന് പിന്നാലെ ഉള്ള മറ്റൊരു ചര്‍ച്ചയായിരുന്നു ആര്യയുടെ ഗ്രൂപ്പ് ഗെയിമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

അവര്‍ രണ്ടുപേരും വേറെയെവിടെ നിന്നോ വന്ന് എവിടെയോ ജീവിക്കുകയാണെന്നാണ് സൂരജ് പറഞ്ഞത്. വേറെ തന്നെ ആറ്റിറ്റ്യൂഡാണല്ലേയെന്ന് ഫുക്രു. അതിനിടയില്‍ ഇവര്‍ക്കിന്നലെ നല്ല തേപ്പ് കിട്ടിയെന്ന് ഫുക്രു പറ‍ഞ്ഞു. ആര്യ അത് വിശദീകരിച്ചു. എല്ലാവരും  കേറി.. നമുക്കാണെങ്കില്‍ കേറാന്‍ പോയിട്ട് ഡോറിനടുത്തുപോലും  എത്താന്‍ പറ്റുന്നില്ല. അപ്പോഴാണ് നമുക്കെല്ലാവര്‍ക്കും കൂടി കളിച്ചാലോ എന്ന ചോദ്യമുയര്‍ന്നത്. 

ഞാനും വീണയും അവര്‍ രണ്ടുപേരും ചേര്‍ന്ന് കളിക്കാമെന്നും, സുജോയെ ഞങ്ങള്‍ ബ്ലോക്ക് ചെയ്യാമെന്നും വീണയും അഭിരാമിയും ഡോറില്‍ തൊടണമെന്നുമായിരുന്നു പ്ലാന്‍. സുജോയെ മാത്രം ബ്ലോക്ക് ചെയ്യാനായിരുന്നു പ്ലാന്‍. ആര് കേറി എന്തെടുത്താലും ചെറിയ ഷെയര്‍ എല്ലാവര്‍ക്കും എടുക്കാമെന്നായിരുന്നു  പ്ലാന്‍. അതുകൊണ്ടാണ് ഷാജി പറഞ്ഞിട്ടും ഞാന്‍ അവരെ ബ്ലോക്ക് ചെയ്യാതെ സുജോയെ ബ്ലോക്ക് ചെയ്തത്. ഇവര് അകത്തുകയറി പുറത്തിറങ്ങിയിട്ട് മുഖത്തുപോലും നോക്കുന്നില്ലെന്നും ആര്യ പറഞ്ഞു.

ഇത്തരത്തില്‍ ഗ്രൂപ്പ് കളിച്ച് പണികിട്ടിയ ആര്യയും വീണയും അതേ കാരണം പറഞ്ഞ് രജിത്തിനെയും രഘുവിനെയും ജയിലിലേക്ക് വിടാന്‍ ഒരുങ്ങുമോ? അതോ കൂടുതല്‍ ആളുകളുടെ പിന്തുണയോടെ കളിക്കളത്തില്‍ ശക്തനായ രജിത് കുമാര്‍ തിരിച്ച് പണികൊടുക്കുമോ എന്നതെല്ലാം കാത്തിരുന്ന് കാണേണ്ടി വരും. പോയിന്‍റിന്‍റെ അടിസ്ഥാനത്തിലാണെങ്കില്‍ പതിനൊന്നാം സ്ഥാനക്കാരനായ നിലവിലെ ക്യാപ്റ്റന്‍ ഷാജി ജയിലിലേക്ക് പോകേണ്ടി വരും. ഒപ്പം ആര്യയോ വീണയോ പോകാം.