ഇപ്പോ ബിഗ് ബോസ് സിസ്റ്റേഴ്സ്.... അമൃതയും അഭിരാമിയും ബിഗ് ബോസിലെത്തിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല. എന്നാൽ ആ വീടിനെയും വീട്ടിലുള്ളവരെയും അടിമുടി ഒന്ന് കുലുക്കാൻ അവർക്ക് കഴിഞ്ഞു. ഇവരെത്തിയപ്പോൾ മുതൽ കളി കീഴ്മേൽ മറിഞ്ഞു, വീട് ഒന്ന് കുലുങ്ങി ഉണർന്നു, മറ്റു മത്സാർത്ഥികൾ ആകെ ചിതറി അസ്വസ്ഥരായി, അഭിരാമിയും അമൃതയും ബിഗ് ബോസിന്റെ അമ്പതാം ദിവസമാണ് വീട്ടിനുള്ളിലേക്ക് പാട്ടുകാർ എന്ന പോലെ വന്നു കയറിയത്. 

അപ്പോൾ എല്ലാവരും സന്തോഷഭരിതരും ആഹ്ലാദവാന്മാരും ആയിരുന്നു. എന്നാൽ എല്ലാവരും ഇരിക്കുമോഴാണ് ബിഗ് ബോസ് പുതിയ മത്സരാര്‍ത്ഥികളായ അഭിരമിക്കുന്ന അമൃതയ്ക്കും സ്വാഗതം എന്ന് വിളിച്ചു പറഞ്ഞത്. ഒരൊറ്റ നിമിഷം കൊണ്ട് മിക്കവരുടെയും മുഖത്തെ പ്രകാശം അണഞ്ഞു, ആശങ്ക ഉണ്ടായി, എല്ലാവരും ഒരു നിമിഷം കൊണ്ട് അരക്ഷിതരായി മാറി. ഇവർ എങ്ങനെയാണു വീടിനെയും ഓരോ മത്സരാര്‍ത്ഥികളെയും സ്വാധീനിച്ചത് എന്ന് നോക്കാം.

രജിത് കുമാർ ശ്രമിച്ചത് ഇവരുമായി കൂട്ടുകൂടാനും കൂടെ നിർത്താനുമാണ്. അതിനായി അദ്ദേഹം പതിനെട്ടടവും പയറ്റി.ബിഗ് ബോസ് സിസ്റ്റേഴ്സ് അദ്ദേഹത്തിനെ നിരാശപ്പെടുത്തിയില്ല. അദ്ദേഹം പറയുന്നതിനൊക്കെ തലയാട്ടി. നല്ല കേൾവിക്കാരായി നിന്നു. എന്നാൽ അദ്ദേഹം ചില കാര്യങ്ങൾ പറയുമ്പോഴുള്ള ഇവരുടെ പ്രതികരണം അതീവ രസകരമായിരുന്നു. ഉദാഹരണത്തിന് രജിത് കുമാർ പറയുന്നു എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു ചിലർ എന്നെ വിമർശിക്കുന്നു, അത് ശരിയല്ല എന്ന്.

ഉടൻ അഭിരാമി പറയുന്നു, അതെ, ചേട്ടാ എന്നെയും ചിലർ എന്റെ ലുക്ക് കണ്ടു വിലയിരുത്തുന്നു, ബോഡി ഷെയിം ചെയ്യുന്നു എന്ന്. അടുത്തതായി വിശ്വാസവും ശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്നും ഇല്ലെന്നും രാജിത്തും ജസ്‍ലയും തമ്മിൽ തര്‍ക്കം നടക്കുമ്പോൾ അമൃത പറയുന്നു, നേരാ, വിശ്വാസവും ശാസ്ത്രവും തമ്മിൽ ചില ബന്ധമുണ്ട് എന്ന്.

ഇവർ ആത്മാർഥമായി രജിത്തിനൊപ്പം നിൽക്കുകയാണോ, അതോ രജിത് കുമാറിനെ ട്രോളുകയാണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. എന്തായാലും രജിത് കുമാറിന്റെ അതേ ലൈൻ പിടിച്ചാണ് ഗെയിം കളി. ടാസ്ക്ക് വന്നപ്പോൾ രജിത്തിനൊപ്പം നിന്ന് കളിച്ചെങ്കിലും കിട്ടിയ സ്വർണം പങ്കു വെക്കാനോ രജിത് കുമാറിനെ സൂക്ഷിക്കാൻ ഏൽപ്പിക്കാനോ ഒന്നും ഇവർ തയ്യാറായതുമില്ല. അവർ ഒറ്റക്ക് തന്നെ കളിച്ചു, ജയിച്ചു.

ആര്യയാണ് ബിഗ് ബോസ് സിസ്റ്റേഴ്സ് കളിയിലേക്ക് വന്നപ്പോൾ തകർന്നു പോയ ഒരു കഥാപാത്രം. ആദ്യം ആര്യ ഇവരെ ഹാർദ്ദവമായി വരവേറ്റു. എന്നാൽ പിന്നീട് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടായി. ഒന്ന് ഇവർ രജിത് കുമാറിന്റെ ടീമിൽ ചേർന്നു . രണ്ടാമതായി ആര്യയ്ക്ക് താൻ എന്തൊക്കെയോ ആണെന്നും മറ്റുള്ള എല്ലാവരേക്കാളും ഉന്നത ശ്രേണിയിൽപ്പെട്ട  മത്സരാർത്ഥി ആണെന്നും ഒരു ധാരണ ഉണ്ടായിരുന്നു. അതും തകർന്നു പോയി.

ആര്യയെ ഇന്നലെ ടാസ്ക്കിനിടയിൽ ബിഗ് ബോസ് സിസ്റ്റേഴ്സ് അടിപൊളിയായി പറ്റിക്കുകയും ചെയ്തു. ഇന്നലത്തെ ടാസ്ക്കിൽ ആര്യ ഇവരോട് ഒത്തു കളിക്കാമെന്നും ആര്യ സുജോയെ ബ്ലോക്ക് ചെയ്തു തരാം എന്നിട്ട് അഭിരാമിയും അമൃതയും വീണയും പോയി സ്വർണം പെറുക്കി വാ എന്നും, എന്നിട്ടത് ആര്യയ്ക്ക് ഷെയർ ചെയ്യണമെന്നും പറഞ്ഞിരുന്നു. അവരത് തലകുലുക്കി സമ്മതിക്കുകയും ടാസ്ക്ക് കഴിഞ്ഞപ്പോൾ ആര്യയ്ക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്തു. സുജോയെ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച ആര്യയുടെ മുഖത്ത് സുജോയുടെ ഇടിയും കിട്ടി. ആദ്യമായാണ് ബിഗ് ബോസ് വീട്ടിൽ ആര്യ തിരിച്ചടി നേരിടുന്നത്. ആര്യയുടെ ആത്മവിശ്വാസവും സന്തോഷവും ഒക്കെ പോവുകയും അരക്ഷിതയാവുകയും ചെയ്തു. അവാർഡ് നൽകിയപ്പോൾ ആര്യയ്ക്ക് കോവർ കഴുത അവാർഡും നൽകി.

ബിഗ് ബോസ് സിസ്റ്റേഴ്സ് വീട്ടിൽ വന്നയുടൻ ടാർഗറ്റ് ചെയ്ത വ്യക്തി ഫുക്രുവാണ്. ആദ്യ ദിനം മുതൽ അവനെ പല തരത്തിൽ ചൊറിയാൻ തുടങ്ങി. ഫസ്റ്റ് ഇമ്പ്രെഷൻ അവാർഡിൽ ഫുക്രുവിന് പൂവാലൻ കോഴി, കോമാളി അവാർഡുകൾ നൽകി ആത്മവിശ്വാസം തകർക്കുകയാണ് ആദ്യം ചെയ്തത്. അതിന്റെ ഭാഗമായുണ്ടായ അഭിമുഖത്തിലും അവനെ പരമാവധി മാനസികമായി തകർക്കാൻ അവർ ശ്രമിച്ചു. ഫുക്രുവിനോടും ജസ്‍ലയോടും ഫുക്രുവിനെക്കുറിച്ചു ചോദിച്ച ചോദ്യങ്ങൾ അവനെ ഫീൽ ചെയ്യിപ്പിച്ചിട്ടുണ്ട്.

അതിനു പുറമെ ഇന്നലത്തെ ടാസ്ക്കിൽ ഫുക്രു ടാസ്ക്ക് വേഷത്തിൽ ഓടാൻ നിന്നപ്പോൾ അമൃത അത് ചോദ്യം ചെയ്തു. ഫക്രു സ്ഥിരം ശൈലിയിൽ ഒച്ചയുയർത്തി അതിനെ എതിർത്തപ്പോൾ അമൃത സമാധാനത്തോടെ ഫുക്രുവിനെ ഇറിറ്റേറ്റ് ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ ഫുക്രു ശബ്ദമുയർത്തി മൈൻഡ് യുവർ ഓൺ ബിസിനസ് എന്ന് അലറി.  അമൃത സമാധാനത്തോടെ വീ ആർ ഇൻ ദി ഗെയിം. ഇറ്റ് ഈസ് പാർട്ട് ഓഫ് ഔർ ബിസിനസ് എന്ന് തിരിച്ചടിച്ചു.

ഒരു നിമിഷം ആലോചിച്ചു നിന്ന ഫുക്രു ട്രൗസർ ഊരി ജസ്‍ലയ്ക്ക് നേരെ എറിഞ്ഞു കൊടുത്തു. ഇന്നാ പിടിച്ചോ എന്റെ നിക്കർ എന്നും പറഞ്ഞു കൊണ്ട്.
ഫുക്രു ഇതുവരെ അവനെ പുകഴ്ത്തുന്ന, അവനോട് ബന്ധം സ്ഥാപിക്കാൻ മത്സരിക്കുന്ന, അവനെ സ്നേഹിക്കാൻ മുട്ടി നിൽക്കുന്ന പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. അവൻ പതറി പോയി. ബിഗ് ബോസ് സഹോദരിമാർ എത്ര എളുപ്പത്തിലാണ് ഫുക്രുവിനു മേൽ ആധിപത്യം സ്ഥാപിച്ചത് എന്ന് നോക്കൂ.

അടുത്തതായി ഇവർ ടാർഗെറ് ചെയ്തത് പാഷാണം ഷാജിയെ ആണ്. ഇത് വരെ എല്ലാ ടാസ്ക്കിലും മുന്നിലായി തുടർച്ചയായ നാലാഴ്ചകളിൽ കാപ്റ്റനായി അഹങ്കരിച്ചു നിൽക്കുകയായിരുന്നു പാഷാണം ഷാജി. ടാസ്ക്കിനിടെ ഇവരെ സെറ്റപ്പ് എന്ന് ഷാജി വിളിച്ചതിനെ എല്ലായിടത്തും നടന്നു പറഞ്ഞു ചർച്ചയാക്കി. ഷാജിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന ചർച്ച ആക്കാൻ കഴിഞ്ഞത്  പെൺകുട്ടികളുടെ വൻ വിജയമായി. കൂടാതെ അവാർഡ് നൽകിയപ്പോൾ ഷാജിക്ക് കാട്ടുമാക്കൻ അവാർഡും അലവലാതി അവാർഡും ഇവർ നൽകി. 

ഇതിനെക്കുറിച്ച് പലരോടും ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ഇത് വരെ വീട്ടിലുണ്ടായിരുന്ന പെണ്ണുങ്ങൾ ഷാജിയെ പുകഴ്‌ത്താൻ മത്സരിക്കുന്നവരായിരുന്നു. ആദ്യമായിട്ടാണ് ഷാജിയും തന്നെ അലവലാതി എന്ന് മുഖത്ത് നോക്കി വിളിച്ച രണ്ടു പെൺകുട്ടികളെ കാണുന്നത്. ഷാജിയും ആകെ അടിമുടി ഒന്ന് പതറിയിട്ടുണ്ട്. ഇത്തവണ ടാസ്ക്കിൽ ഏറ്റവും കുറച്ചു പോയിന്റുകൾ നേടിയത് പാഷാണം ഷാജിയാണ്. ക്യാപ്റ്റനില്‍  നിന്ന് ജയിലിലേക്ക് ഷാജിയെ വിടാൻ ഇവർക്ക് കഴിഞ്ഞു. ടാസ്ക്കിൽ ഒന്നാമത് സുജോയും രണ്ടാമത് അമൃതയും അഭിരാമിയുമാണ്.

അടുത്തതായി ഇവർ ടാർഗറ്റ് ചെയ്തത് ജസ്‍ലയെയാണ്. അവാർഡ് നൽകിയപ്പോൾ ജസ്‍ലയ്ക്ക് കുരങ്ങൻ അവാർഡ് നൽകി. തുടർന്ന് ജസ്‍ല രജിത്തുമായി ഉരസുമ്പോഴൊക്കെ അമൃത കൃത്യമായി ഇടപെട്ട് ജസ്‍ലയെ പിന്തിരിപ്പിച്ചു. കൂടാതെ ഇന്നലെ ജസ്‍ല രജിത് കുമാറിനോട് ശബ്ദമുയർത്തി കയർക്കുമ്പോൾ അമൃത എന്ത് ഭാഷയാണിത് ജസ്‍ല എന്ന് അൽപ്പം ശബ്ദമുയർത്തി തന്നെ ചോദിച്ചു കൊണ്ട് തന്റെ സ്റ്റാൻഡ് വ്യക്തമാക്കി.
ബാക്കിയുള്ള മത്സരാര്‍ത്ഥികളും അകെ അങ്കലാപ്പിലാണ്. സൂരജും സുജോയും അലസാന്ദ്രയും വീണയുമൊക്കെ വളരെ കരുതലോടെയാണ് ഇപ്പോൾ നിൽക്കുന്നത്.

മൊത്തത്തിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റം ആര്യ, പാഷാണം ഷാജി, വീണ, ഫുക്രു, പിന്നെ ജസ്‍ലയും സൂരജും ഉൾപ്പെടുന്ന ടീം ബിഗ് ബോസ് വീട് അടക്കി വാഴുകയായിരുന്നു. അതിനു അഭിരാമിയുടെയും അമൃതയുടെയും വരവോടെ അന്ത്യമുണ്ടായി എന്നതാണ്. അത് മാത്രമല്ല, വളരെ പെട്ടന്ന് രജിത് കുമാർ നേതൃത്വം നൽകുന്ന ടീം രജിത് കുമാർ, സുജോ, രഘു, അമൃത, അഭിരാമി എന്നിവർ വന്നു ചേർന്ന് കൂടുതൽ ശക്തിപ്പെടുകയും ജസ്ലയും അലസാന്‍ഡ്രയും പ്രത്യേക ടീമായി മാറുകയും ചെയ്തു എന്നതാണ്. അതിൽ തന്നെ രജിത് കുമാർ ടീമിൽ സന്തോഷവും ആത്മവിശ്വാസവും ആര്യ ടീമിൽ അരക്ഷിതാവസ്ഥയും അങ്കലാപ്പും ഉണ്ടായി.

മൊത്തത്തിൽ ഇപ്പോൾ ബിഗ് ബോസ് ഗെയിം കാണാൻ രസമുണ്ട്. കാരണം ഇപ്പോൾ നല്ല ആകാംഷയുണ്ട്. ആർക്കും ഒന്നും പ്രവചിക്കാൻ പറ്റാത്ത പോലെയായി ഗെയിം. അഭിരാമിയും അമൃതയും ആദ്യ ആഴ്ച തന്നെ ടാസ്ക്കിലൊക്കെ പെർഫോം ചെയ്തു കളിയിൽ സ്ഥാനം ഉറപ്പിച്ചു. ആര്യ ടീമിന് കാര്യമായി പോയിന്റ് നേടാൻ കഴിഞ്ഞില്ല. അലസാന്‍ഡ്രയും സുജോയും തമ്മിൽ പുകഞ്ഞു കത്തുന്ന പ്രേമവും നൈരാശ്യവും അടിയാവുമോ തുടങ്ങി ഇപ്പോൾ ഗെയിമിൽ പ്രേക്ഷകർക്ക് നല്ല ആകാംഷയുണ്ട്. അപ്പൊ വലിയ വലിയ കളികൾക്കും ട്വിസ്റ്റുകൾക്കുമായി നമുക്ക് കാത്തിരിക്കാം.