ബിഗ് ബോസിലേക്ക് സര്‍പ്രൈസ് സാന്നിധ്യമായി എത്തിയിരിക്കുകയാണ് റേഡിയോ ജോക്കി എന്ന നിലയിലും വ്ളോഗര്‍ എന്ന നിലയിലും സാമൂഹിക നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ആര്‍ ജെ സൂരജ്. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ സൂരജ് റേഡിയോ മാംഗോയിലൂടെയാണ് ആര്‍ ജെയായി തുടക്കമിടുന്നത്. കണ്ണൂര്‍ സ്റ്റേഷനില്‍ തന്നെയായിരുന്നു തുടക്കത്തില്‍. പിന്നീട് ഖത്തറിലെ റേഡിയോ മലയാളം എന്ന എഫ് എം സ്റ്റേഷനിലും ജോക്കിയായി കരിയര്‍ തുടര്‍ന്നു. ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്റേതായ സാമൂഹിക നിരീക്ഷണങ്ങളും സൂരജ് പങ്കുവെച്ചതില്‍ ചിലതൊക്കെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണ്‍ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സൂരജ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് പറയാനുള്ളത് എന്തൊക്കെയാണ്? സുനിത ദേവദാസ് നടത്തിയ അഭിമുഖം..

ആരാണ് ആർ ജെ സൂരജ് എന്ന് ചോദിച്ചാൽ എന്താണുത്തരം?

വളരെ സാധാരണ ജീവിത സാഹചര്യങ്ങളിൽ അധ്യാപകരുടെ മകനായി ജനിച്ചു വളർന്ന് ആഗ്രഹിച്ചതിനപ്പുറം നേടിയ ഒരു സന്തോഷവാനായ മനുഷ്യനാണ് ഞാൻ.

 ഇപ്പോഴും സൂരജ് സംസാരിക്കുമ്പോ ജീവിതത്തിൽ നേടിയതിനെക്കുറിച്ചും ലഭിച്ചതിനെക്കുറിച്ചും വളരെ നിറവോടെ സംസാരിക്കാറുണ്ട്. ആഗ്രഹിച്ചതൊക്കെ നേടി കഴിഞ്ഞോ?

എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനാവുക എന്നതായിരുന്നു എന്റെയും എന്റെ മാതാപിതാക്കളുടെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ അതിനപ്പുറം എനിക്ക് കിട്ടി എന്നാണ് എന്റെ തോന്നൽ. എന്റെ ടെലിവിഷൻ ഷോയൊക്കെ എന്റെ നാട്ടിലെ മനുഷ്യർ രാത്രി 9 മണിക്ക് ടെലിവിഷനിൽ കാണുന്നതു പോലും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. എനിക്കിപ്പോ അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ല. നാട്ടിലുള്ളോർക്കൊക്കെ എന്നെ അറിയാം. ജീവിക്കാൻ ആവശ്യമായ പണം കിട്ടുന്നുണ്ട്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു. അച്ഛനമ്മമാർ സന്തോഷമായി ജീവിക്കുന്നു. ഇതിൽ കൂടുതൽ എന്ത് വേണം സന്തോഷിക്കാൻ.

ഇഷ്ടപ്പെട്ട പെൺകുട്ടിയെ സാഹസികമായി സ്വന്തമാക്കിയതാണോ?

അക്ഷയയെ ഞാൻ കാണുന്നത് ഒരു ട്രെയിൻ യാത്രക്കിടയിലാണ്. എറണാകുളത്തു നിന്നും ഞാൻ കോഴിക്കോടേക്ക് വരുമ്പോൾ ഫറൂക്ക് എത്തിയപ്പോൾ കുറെ കുട്ടികൾ ഒരു മൊമെന്റോ ഒക്കെയായി ട്രെയിനിൽ കയറി. അവർ ഇന്റർ കോളേജ് ക്വിസ് ഫെസ്റ്റിലോ മറ്റോ വിജയിച്ചു സമ്മാനവുമായി വരുന്ന വഴിയായിരുന്നു. ഞാൻ അവരോട് സംസാരിച്ചു. അതിൽ അക്ഷയയുമുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ നമുക്ക് കല്യാണം കഴിച്ചാലൊന്നൊക്കെ ചോദിച്ച് പ്രൊപ്പോസ് ചെയ്തു. അക്ഷയ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. പിന്നേം കുറെ കാലം ഞാനിതു ചോദിച്ചു അവളുടെ പുറകെ നടന്നു. ഒടുവിൽ അവൾക്കും സമ്മതമായി. ഞങ്ങൾ 2018 ൽ കല്യാണം കഴിച്ചു.

Image may contain: 2 people, people smiling, shoes

 

 എന്തുകൊണ്ടായിരുന്നു അക്ഷയ ആദ്യം വിവാഹത്തിന് വിസമ്മതിച്ചത്?

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാനോ അവർ സമ്മതിക്കാൻ സാധ്യതയില്ലാത്ത ഒരു ബന്ധം വീട്ടിൽ പറയാനോ അവൾ തയ്യാറല്ലായിരുന്നു. ഞങ്ങൾ രണ്ടു ജാതിയൊക്കെ ആയിരുന്നു.

Image may contain: 1 person

 

സൂരജിന്റെ ജീവിതത്തിൽ എവിടെയൊക്കെ അക്ഷയ ഉണ്ട്?

എന്റെ ജീവിതത്തിൽ അവൾ നിറഞ്ഞു നിൽക്കുകയാണ്. അവളുടെ സ്വാധീനം കൊണ്ടും നിർബന്ധം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് ഞാൻ ഓരോന്നും ചെയ്യുന്നത്. ഇപ്പോ ബിഗ് ബോസിൽ പോകുന്നത് പോലും അവൾക്ക് ഞാൻ പോകുന്നത് ഇഷ്ടമായത് കൊണ്ടാണ്.

സൂരജ് എപ്പോഴും ചിരിക്കുന്ന ആളാണോ? ദേഷ്യം വരാറുണ്ടോ എന്തിനെങ്കിലും?

പരമാവധി ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുന്ന മനുഷ്യനാണ് ഞാൻ എന്നാണ് വിശ്വാസം. ദേഷ്യമൊക്കെ വരാറുണ്ട്. ആളുകൾ എന്തെങ്കിലും വിഷയത്തെക്കുറിച്ചും ധാരണയില്ലാതെ സംസാരിക്കുന്നത് കേൾക്കുമ്പോഴൊക്കെ ഞാൻ ഇറിറ്റേറ്റഡ്‌ അവാറുണ്ട്. ആളുകൾ പരുക്കൻ ഭാഷയിൽ സംസാരിക്കുന്നതൊന്നും എനിക്കിഷ്ടമല്ല.

എങ്ങനെയാണു സൂരജ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയി മാറിയത്? വീഡിയോ ചെയ്തു തുടങ്ങിയത് എപ്പോഴാണ്?

ഞാൻ ആദ്യമൊക്കെ എഴുതുകയാണ് ചെയ്തിരുന്നത്. ഞാൻ സൗദിയിലായിരുന്നപ്പോൾ ഒരു ദിവസം ഒരു മനുഷ്യൻ സൗദിയിൽ ആറു മാസമായി ജോലിയില്ലാതെയൊക്കെ നിന്ന് നരകിച്ചു പൈസയൊന്നുമില്ലാതായി നരകിച്ചു നാട്ടിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. അപ്പോൾ അയാളുടെ ഭാര്യ പൈസയില്ലാതെ നാട്ടിലേക്ക് വരേണ്ട എന്ന് പറഞ്ഞത് ഒരു വാർത്തയും ചർച്ചയുമൊക്കെയായി. എനിക്കത് വളരെ വിഷമമുണ്ടാക്കി. ഗൾഫിൽ ജീവിക്കുന്നവരുടെ വേദനയും ബുദ്ധിമുട്ടുകളും അവർക്കേ അറിയൂ. അതായിരുന്നു ഞാൻ ചെയ്ത ആദ്യ വീഡിയോ. ഞാൻ എനിക്ക് പറയാൻ തോന്നുന്നതൊക്കെ തുറന്ന് സംസാരിക്കും. അതാണെന്ന് തോന്നുന്നു ആളുകൾക്ക് എന്നെ ഇഷ്ടം. പിന്നെ നമ്മുടെ എതിർക്കുന്നവരെ മറക്കാൻ പാടില്ല. എന്റെ വളർച്ചയിൽ അവർക്ക് ഒരു പ്രധാന റോളുണ്ട്. എതിർക്കാനൊരു പക്ഷം ഉണ്ടായപ്പോൾ ഞാൻ പറയുന്നത് ആളുകളിലേക്ക് എത്തി. ചർച്ചയായി.

Image may contain: 1 person, smiling, sitting, tree and outdoor

 

സൂരജിന്റെ വിവാദമായ ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ  പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ച്‌ കൊണ്ട് ചെയ്തത്. പിന്നീട് സൂരജ് മാപ്പു പറയുകയും ആ വീഡിയോ പിൻവലിക്കുകയുമുണ്ടായി. പറയുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാത്ത വ്യക്തിയാണോ സൂരജ്?

ആ സംഭവത്തിൽ സത്യത്തിൽ എന്താണ് നടന്നതെന്ന് എനിക്ക് എവിടെയും അങ്ങനെ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോ പറയാം. ഞാനന്ന് ഖത്തറിലാണ്. ഖത്തറിൽ ആദ്യ റേഡിയോ തുടങ്ങിയത് 2017 നവംബറിലാണ്. ഈ സംഭവം നടക്കുമ്പോ റേഡിയോ തുടങ്ങിയിട്ട് ഒരു മാസമായിട്ടേയുള്ളു. ഞാനന്ന് വേറെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. റേഡിയോയിൽ പാർട്ട് ടൈം ജോലിയും തുടങ്ങിയിരുന്നു. ഈ വിഷയമുണ്ടായപ്പോൾ ആക്രമണം മുഴുവൻ റേഡിയോക്ക് നേരെയായിരുന്നു. റേഡിയോ പൂട്ടേണ്ടി വരും എന്ന അവസ്ഥ വന്നു.എത്രയോ മനുഷ്യരുടെ സ്വപ്നമായിരുന്നു ആ സ്ഥാപനം. അത് ഞാനായിട്ട് നശിപ്പിക്കാൻ എനിക്ക് മനസു വന്നില്ല. ഞാൻ മാപ്പു പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു.

രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും  വിമര്ശിക്കുന്നത്ര എളുപ്പമല്ല മതത്തെ വിമർശിക്കാൻ എന്ന് അതിൽ നിന്നും പഠിച്ചോ?

മതമാണല്ലോ ഏറ്റവും വലിയ വിഷം. മതാധിഷ്ടിത രാഷ്ട്രീയവും പ്രശ്നമാണ്. രാഷ്ട്രത്തിന്റെ ഗതിയെ മാറ്റാൻ മതത്തെ ഉപയോഗിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഒരു മതം എന്നല്ല, എല്ലാ മതവും എല്ലാ രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. അത് രാഷ്ട്രത്തിനും മനുഷ്യർക്കും നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം.

ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ്? അല്ലെങ്കിൽ എന്തെങ്കിലും അഡിക്ഷനൊക്കെ ഉള്ള ആളാണോ?

ഞാൻ സോഷ്യൽ മീഡിയക്ക് അഡിക്ടാണ്. എപ്പഴും ഇവിടെയാണ് ഞാൻ ഉള്ളത്. അക്ഷയ പറയുന്നത് ബിഗ് ബോസ് ഒരു ദുർഗുണ പരിഹാര പാഠശാലയാണെന്നാണ്. ഒന്നുകിൽ ഞാൻ നന്നാവും. അല്ലെങ്കിൽ അവിടെയുള്ള ബാക്കിയുള്ളവർ നന്നാവും എന്ന്.