Asianet News MalayalamAsianet News Malayalam

വീട്ടിലെ ഒന്നാം റാങ്കുകാരി വിജയിക്കുമോ അതോ നാട്ടിലെ ഒന്നാം റാങ്കുകാരനാവുമോ വിജയം? എന്തൊക്കെയാണിവരുടെ ഗെയിം പ്ലാനുകള്‍?

പുറത്ത് ഒന്നാമന്‍ രജിത്, അകത്ത് ഒന്നാമത് ആര്യ എങ്ങനെ? ബിഗ് ബോസ് റിവ്യൂ - സുനിതാ ദേവദാസ്

bigg boss review by sunitha devadas arya vs rajith kumar
Author
Thiruvananthapuram, First Published Feb 5, 2020, 10:52 AM IST

ഒരു മാസം സ്‌ക്രീനിൽ മുഴുവൻ നിറഞ്ഞു നിന്നത് രജിത് കുമാറാണ്. ഇപ്പോൾ കളിയുടെ രൂപവും ഭാവവും രീതിയും വീടിന്റെ അവസ്ഥയും മാറിയിരിക്കുന്നു. എല്ലാവരും ഒരു പോലെ കളിയിൽ ആക്റ്റീവ് ആണിപ്പോ.

bigg boss review by sunitha devadas arya vs rajith kumar

ബിഗ് ബോസ് വീട്ടിനുള്ളിലെ ഒന്നാം റാങ്കുകാരി ആര്യയാണ്. അവിടെയുള്ള എല്ലാവര്‍ക്കും ആര്യയെ ഭയം കലർന്ന ഒരു ബഹുമാനമാണ്. ഇക്കഴിഞ്ഞ ദിവസം ടാസ്ക്കിൽ ആര്യ ഒന്നാം റാങ്ക് എടുത്തപ്പോൾ അതിനെതിരെ സംസാരിക്കാൻ ഒരാളുമുണ്ടായില്ലെന്നു മാത്രമല്ല, ആര്യയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ പിന്തുണ കൈകൾ അവിടെ ഉയർന്നത്.

എന്നാൽ പ്രേക്ഷരുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം രജിത് കുമാറിനാണ്. ഏറ്റവും വലിയ ഫാൻ ആർമികൾ ഉള്ളത് രജിത് കുമാറിനാണ്. വീടിനുള്ളിൽ രജിത്തിനെ ആരും നല്ലൊരു മത്സരാർത്ഥിയായ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അകറ്റി നിർത്തുകയും ചെയ്യുന്നു. എന്താണിതിന്റെ കാരണം?

ചിലർ പറയുന്നു കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയൂ, രജിത് അത്രയേറെ വെറുപ്പിക്കൽ ആയതു കൊണ്ട് വീടിനുള്ളിലുള്ളവർ അത് തിരിച്ചറിഞ്ഞു അകറ്റി നിര്‍ത്തുന്നു എന്ന്. മറ്റു ചിലർ പറയുന്നു ആര്യ വീടിനുള്ളിൽ ഗ്രൂപ്പുണ്ടാക്കി കളിക്കുന്നു, അതിനാലാണെന്ന്.

ശരിക്കും എന്താ കാരണം എന്നറിയാമോ? രജിത് കുമാറിന്റെയും ആര്യയുടെയും ഗെയിം പ്ലാനുകൾ രണ്ടാണ്. ഗെയിം ട്രാക്ക് രണ്ടാണ്. ഈ വ്യത്യാസമാണ് ഇവരെ അകത്തും പുറത്തും വ്യത്യസ്ത റാങ്കുള്ളവർ ആക്കി മാറ്റുന്നത്.

രജിത്തിന്റെ ഗെയിം ട്രാക്ക്

ഇരവേഷം കെട്ടലായിരുന്നു ഇതുവരെയുള്ള രജിത് കുമാറിന്റെ കളിയുടെ രീതി. വീട്ടിലുള്ളവരെ ഉപദേശിച്ചും  അവരുടെ പേഴ്സണൽ സ്പെയ്സിലേക്ക് കയറിയും അവരുടെ വ്യക്തിപരമായ വീക്കെന്‍സുകളിൽ ചൊറിഞ്ഞും ഒക്കെ അസ്വസ്ഥരാക്കി നന്മ നിർദ്ദേശങ്ങൾ എന്ന രീതിയിൽ അശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞു അവരെ ക്ഷമയുടെ നെല്ലിപ്പടി കാണിച്ച് അവരുടെ കയ്യിൽ നിന്നും ആവശ്യത്തിന് വാങ്ങിച്ചു കൂട്ടും. പിന്നീട് ഇരവാദമായി, സെന്‍റിലൈൻ പിടിക്കലായി, ഒറ്റക്കിരുന്നു സംസാരമായി, നന്മയുടെ പ്രതീകമായി തന്നെയും തിന്മയുടെ പ്രതീകമായി മറ്റുള്ളവരെയും പ്രതിഷ്ഠിക്കലായി.

രജിത് കുമാർ കളിക്കുന്നത് പ്രേക്ഷകർക്ക് വേണ്ടി മാത്രമാണ്. വീടിനുള്ളിലുള്ള ആർക്കു വേണ്ടിയും രജിത് കളിക്കുന്നില്ല. രജിത് കുമാർ ഇരുന്ന് ഒറ്റക്ക് സംസാരിക്കുന്നത് വീടിനകത്തുള്ളവർക്ക് വലിയ വിഷയമാണ്. എന്നാൽ, രജിത് സംസാരിക്കുന്നതും സംവദിക്കുന്നതും പ്രേക്ഷകരോടാണ്. അദ്ദേഹത്തിന്റെ ഓരോ ആത്മഗതങ്ങളും പുറത്തുള്ളവർക്ക് നൽകുന്ന സന്ദേശങ്ങളാണ്. അതിനാൽ രജിത് വീടിനു പുറത്തു പ്രേക്ഷകർക്കിടയിൽ പോപ്പുലറായി.

രജിത്തിന്റെ കളിയുടെ രീതി

1. സ്വയം നന്മയുടെ പ്രതീകമായി അവതരിക്കുന്നു. ചുറ്റുമുള്ളവർ ഒക്കെ വഴിതെറ്റിപ്പോയ തിന്മ ബാധിച്ച മനുഷ്യർ. അവരെ തിരുത്തി നന്മയിലേക്ക് കൊണ്ട് വരാനുള്ള ടാസ്ക്ക് ആണ് ബിഗ് ബോസ് രജിത്തിന്‌ നൽകിയിരിക്കുന്നത് എന്ന രീതിയിലാണ് രജിത്തിന്റെ പെരുമാറ്റം

2. വളരെ യാഥാസ്ഥിതിക നിലപാടുകളാണ് മിക്ക വിഷയങ്ങളിലും എടുക്കുന്നത്

3. ലിംഗസമത്വത്തിലോ സ്ത്രീസമത്വത്തിലോ പുള്ളി വിശ്വസിക്കുന്നില്ല. സ്ത്രീ രണ്ടാകിട പൗരയാണ് രജിത് കുമാറിനെ സംബന്ധിച്ച്. എന്നാൽ 'അമ്മ, ദേവി  എന്നൊക്കെ സ്ത്രീയെ മഹത്വവൽക്കരിച്ചു സംരക്ഷകനാവാനും നോക്കും. സദാചാര പൊലീസിങ്ങും ഉണ്ട്. സ്ത്രീകൾ കല്യാണം കഴിക്കണം, കുട്ടിയെ ഉണ്ടാക്കണം, സ്ത്രീകൾ സിഗരറ്റ് വലിക്കരുത്, കാലിൽ കാല് കയറ്റി വച്ച് ഇരിക്കരുത് ഇങ്ങനെ പോകും ആ സദാചാര ചിന്തകൾ.

4. താൻ പറയുന്നത് അംഗീകരിക്കുന്ന, തനിക്ക് വഴങ്ങുന്ന, തന്നെ അനുസരിക്കുന്ന വ്യക്തികളുമായി മാത്രമേ വ്യക്തിബന്ധം സാധ്യമാവൂ. ഒരു തുല്യ നിലയിലുള്ള ബന്ധം ആരുമായും സാധ്യമല്ല.

5. എല്ലായ്പ്പോഴും പ്രേക്ഷകരെ കുറിച്ച് ആലോചിച്ചു കൊണ്ടാണ് ഓരോന്നും പ്ലാൻ ചെയ്യുന്നത്. പുറത്തു നടക്കുന്ന പ്രേക്ഷകരുടെ വിലയിരുത്തലുകൾ അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും രജിത് കൃത്യമായി ഊഹിച്ചെടുക്കുന്നുണ്ട്.

6. നാട്ടുകാർ എന്ത് കരുതും എന്നതാണ് പ്രധാന ആശങ്ക. നിരന്തരം അതിനെക്കുറിച്ചു സംസാരിക്കുന്നു. ഇത്ര പ്രായമുള്ളവർ ഇങ്ങനെ ആയിരിക്കണം എന്നൊക്കെ നിരന്തരം സ്വയവും മറ്റുള്ളവരെയും ഓർമിപ്പിക്കുന്നു.

7. ആദ്യ ഘട്ടത്തിൽ ഇരവാദവും ഇരവേഷം കെട്ടലുമായി മുന്നോട്ട് പോയി കളിയിൽ എല്ലാവരേക്കാളും ബഹുദൂരം മുന്നിലായിരുന്ന രജിത്തിന്റെ കളിയുടെ രീതി ഇപ്പോ മാറിയിരിക്കുന്നു. ഇപ്പോൾ രജിത് പലരുമായും കൂട്ടായി. സുജോ, അലസാന്ദ്ര, പവൻ, ദയ തുടങ്ങിയവരുമായൊക്കെ സംസാരിക്കാനും അത്യാവശ്യം നല്ല ബന്ധങ്ങളും ഉണ്ടായതോടെ പരദൂഷണമായി ഇപ്പോ പ്രധാന കളി രീതി. എല്ലാവരെക്കുറിച്ചും വിലയിരുത്തുക. കയ്യിൽ കിട്ടുന്ന എല്ലാവരോടും മറ്റുള്ളവരെക്കുറിച്ചു പറയുക. സീരിയൽ താരങ്ങളുടെ ഗ്രൂപ്പ് പൊളിക്കാനായി അതിലുള്ളവരോട് അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുക. സുജോയെയും സാന്ദ്രയെയും തെറ്റിക്കാൻ വേണ്ടി സുജോക്ക് എരി കയറ്റി കൊടുക്കുക എന്ന രീതിയിൽ ഇപ്പോ കളി രീതി വേറെയായി.

8. സുജോയുമായി ഒരു ലവ്, ഹേറ്റ്, പൊസസീവ് കളിരീതിയും തുടങ്ങിയിരിക്കുന്നു. സുജോയും അലസാന്ദ്രയും പരസ്പരം കളിക്കുന്നതും ഈ ഗെയിം തന്നെ.

9. ഓരോ മത്സരാർത്ഥികൾ പുറത്തു പോകുമ്പോഴും രജിത് കളിയെയും കളിയുടെ രീതികളെയും കൂടുതൽ പഠിക്കുന്നു. അതിനനുസരിച്ചു കളി രീതി മാറ്റുന്നു.

10. ആര്യയെയാണ് രജിത് പ്രധാന എതിരാളിയായി കരുതുന്നത്. ആര്യയെ ലക്ഷ്യം വച്ചാണ് ഇപ്പോ കളി മുഴുവനും നീങ്ങുന്നത്.

ആര്യയുടെ ഗെയിം ട്രാക്ക്

ആര്യ അതിസമർത്ഥയായ ഒരു മത്സരാര്‍ത്ഥിയാണ്. ആര്യ കളിക്കുന്നത് വീടിനകത്തുള്ളവരെ ഫോക്കസ് ചെയ്താണ്. അതിനാൽ ആര്യയെ അധികമാരും എലിമിനേഷൻ ലിസ്റ്റിൽ ഇടാറില്ല. ഒരു തരം സേഫ് ഗെയിം ആണ് ആര്യയുടെ രീതി. ആര്യ കാമറയോടൊ പ്രേക്ഷകരോടോ സംസാരിക്കാറില്ല. എന്നാൽ വീടിനകത്തുള്ളവരെ ഓരോരുത്തരെയും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും പ്ലസ് പോയിന്‍റ്സും മൈനസ് പോയിന്‍റ്സും ആര്യക്കറിയാം. ഓരോരുത്തരുടെയും ശക്തിയും ദൗർബല്യവും അറിയാം. അതിനനുസരിച്ചാണ് ആര്യയുടെ കളി. എന്നാൽ ആര്യയുടെ ധാരണ പുറത്തു തനിക്ക് വൻ ജനപിന്തുണയുണ്ടെന്നാണ്. പുറത്തു നടക്കുന്ന കാര്യങ്ങളെ വിലയിരുത്തുന്നതിൽ ആര്യ ഗംഭീര പരാജയമാണ്. അതിനാൽ തന്നെ എന്താണ് എപ്പിസോഡായി പുറത്തു പോകുന്നത് എന്നതിനെക്കുറിച്ചും വലിയ ധാരണയില്ല.

ആര്യയുടെ കളിയുടെ രീതി

1. പ്രേക്ഷകർ ഉൾപ്പെടെയുള്ള എല്ലാവരുടെയും വൈകാരികതയെ ചൂഷണം ചെയ്യുന്നതാണ് കളിയുടെ രീതി.

2. സെന്റി ലൈനും ദാരിദ്ര്യ ലൈനും പിടിച്ച് സഹതാപ വോട്ട് നേടാനാണ് ആദ്യം ശ്രമിച്ചത്. കുടുംബത്തിന്റെ ഏക അത്താണി, വീടില്ല, സിംഗിൾ മദർ എന്ന രീതിയിൽ ഒരുതരം  സീരിയൽ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ശ്രമം

3. ടാസ്ക്കുകളും പൊതു പരിപാടികളും വരുമ്പോൾ ആര്യ മിടുക്കിയായി കളിക്കും. കാരണം എല്ലാവരെയും ആര്യ അളന്നു കുറിച്ച് വച്ചിട്ടുണ്ട്.

4. ഡോമിനേറ്റിങ് വ്യക്തിത്വമുള്ള സ്ത്രീയാണ് ആര്യ. അതിനാൽ മറ്റുള്ളവരുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ പെട്ടന്ന് കഴിയുന്നുണ്ട്. ആര്യ ശബ്ദമുയർത്തി ഒരു കാര്യം പറഞ്ഞാൽ ആ വീട്ടിൽ രജിത് ഉൾപ്പെടെയുള്ളവർ എതിർക്കാൻ മുന്നോട്ട് വരാറില്ല.

5. ആര്യ അമിതആത്മവിശ്വാസമുള്ള മത്സരാർത്ഥിയാണ്. വീട്ടിനുള്ളിലെ അവസ്ഥ കണ്ടിട്ട് ആര്യ കരുതുന്നത് തനിക്കാണ് മറ്റുള്ള എല്ലാ മത്സരാര്‍ത്ഥികളെക്കാളും കഴിവും ജനപിന്തുണയും എന്നാണ്. അതിനാൽ ചില ചുവടുകൾ പിഴക്കുന്നുണ്ട്.

6. ഷോ തുടങ്ങിയ സമയത്തു ആര്യ വീണയുടെ കൂടെ എലീനയെ ഒരു കാരണവുമില്ലാതെ ടാർഗറ്റ് ചെയ്തു ആക്രമിച്ചു കൊണ്ടിരുന്നതും രാത്രിയിൽ വീണയോട് പറഞ്ഞിരുന്ന പരദൂഷണങ്ങളുമാണ് പുറത്തു ആര്യയോടുള്ള ഇഷ്ടം പോകാനുള്ള പ്രധാന സംഭവങ്ങൾ. ഇപ്പോൾ അതിൽ നിന്നും ആര്യ പുറത്തു വരുന്നുണ്ട്.

7. ഗ്രൂപ്പ് ഉണ്ടാക്കുന്നതിലും ഉള്ള ഗ്രൂപ്പുകൾ പൊളിക്കുന്നതിലും കാല് മാറുന്നതിലുമൊക്കെ അതിമിടുക്കിയാണ് ആര്യ. അങ്ങനെയാണ് ആര്യ കളിയെ മുന്നോട്ട് കൊണ്ട് പോകുന്നത്

8 . വീടിനുള്ളിൽ ആര്യ സ്വയം എടുത്തിരിക്കുന്ന റോൾ എല്ലാവര്‍ക്കും മേലെ നിൽക്കുന്ന, എല്ലാവരെയും ഉപദേശിക്കുന്ന, നിയന്ത്രിക്കുന്ന, സ്നേഹത്തോടെ ശാസിക്കുന്ന ഒരു ചേച്ചിയുടെ റോളാണ്. അതിൽ മിക്കവാറും എല്ലാവരും പെട്ട് പോയിട്ടുണ്ട്. ആർക്കും അതിനാൽ ആര്യയോട് പല വിഷയത്തിലും എതിർപ്പ് ഉണ്ടെങ്കിൽ പോലും അത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല.

9. ആര്യ കരുതുന്നത് പുറത്തു തന്റെ എതിരാളി ഫുക്രുവാണെന്നാണ്. അതിനാലാണ് വീണയും ആര്യയും ഫുക്രുവിനെ ടാർഗറ്റ് ചെയ്തു പല കളികളും കളിക്കുന്നത്. ഫുക്രുവിനെ കുട്ടിക്കളിയുള്ള ആളാക്കി മുദ്രകുത്തി കളിയിൽ ദുര്‍ബലനാക്കാൻ കഴിയും എന്ന് ആര്യയുടെ ഗ്രൂപ്പ്  കരുതുന്നു. അവിടെയാണ് ആര്യയുടെ കളി പാളിപ്പോയത്. ഫുക്രുവിനെ ആ കുട്ടിത്തത്തോടു കൂടി അംഗീകരിച്ചവരാണ് പ്രേക്ഷകർ. ഫുക്രുവിനെ കൂടെ ചേർത്ത് നിർത്തിയാൽ ഫുക്രു ഫാൻസ്‌ വോട്ടും കിട്ടുമെന്ന് കരുതുന്നു.

10. ആര്യയുടെ ഗെയിം പ്ലാനുകളിൽ വന്ന ഏറ്റവും വലിയ പിഴവ് രജിത്തിന്റെ പുറത്തുള്ള ജനപിന്തുണ അറിയുന്നില്ല എന്നതാണ്. കൂടാതെ ആര്യ പ്രേക്ഷകർക്ക് വേണ്ടി കളിക്കുന്നും  ഇല്ല. ആര്യ വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും കളിക്കുന്നത്.

ഇതിൽ ആരുടെ ഗെയിം പ്ലാനാണ് നല്ലത് എന്നോ ആരുടെയാണ് ചീത്ത എന്നോ പറയാൻ ബുദ്ധിമുട്ടാണ്. ആര്യയുടെ കളി രീതി വച്ച് എലിമിനേഷനിൽ അധികം വരുന്നില്ല. വീട്ടിനുള്ളിൽ ജീവിക്കാൻ സുഖമുണ്ട്.

രജിത്തിന്റെ വീട്ടിലെ അവസ്ഥ അത്ര സുഖകരമായിരിക്കില്ല. എന്നാൽ എലിമിനേഷനിൽ എല്ലാ ആഴ്ചയും വന്നാൽ പോലും പുറത്തു വോട്ട് ചെയ്യാൻ ആളുണ്ട്. രജിത് പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുമ്പോൾ ആര്യ ബിഗ് ബോസ് വഴി സംവദിക്കുന്നു.

ഒരു മാസം സ്‌ക്രീനിൽ മുഴുവൻ നിറഞ്ഞു നിന്നത് രജിത് കുമാറാണ്. ഇപ്പോൾ കളിയുടെ രൂപവും ഭാവവും രീതിയും വീടിന്റെ അവസ്ഥയും മാറിയിരിക്കുന്നു. എല്ലാവരും ഒരു പോലെ കളിയിൽ ആക്റ്റീവ് ആണിപ്പോ. അതിന്റെ ഫലമായി ഇപ്പോൾ രജിത്തിന്‌ മുൻപ് ലഭിച്ചിരുന്ന സ്ക്രീൻ സ്‌പെയ്‌സ് കിട്ടുന്നില്ല. ആ ഒരു സാഹചര്യത്തിൽ കളികൾ എങ്ങനെ മാറി മറിയുമെന്നു കാത്തിരുന്ന് കാണാം. 

എന്നാൽ ഇനി നിങ്ങള് പറ ആരാണ് അങ്ങനെ നോക്കുമ്പോ ശരിക്കുമുള്ള ഒന്നാമൻ?

Follow Us:
Download App:
  • android
  • ios