ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരാര്‍ഥികളാണ് രജിത് കുമാറും ഫുക്രുവും. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കിന് ശേഷം ജയില്‍ ശിക്ഷ ലഭിച്ചത്. ഹൗസില്‍ ഈയിടെയായി മിക്കപ്പോഴും പരസ്പരം അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും ഒരുമിച്ച് ജയിലിലെത്തിയപ്പോള്‍ രജിത്തും ഫുക്രുവും പരസ്പരം സൗമ്യമായി പലതും സംസാരിച്ചു. മറ്റുള്ളവര്‍ക്ക് അവരോടുള്ള മനോഭാവത്തെക്കുറിച്ചാണ് ഇരുവരും പ്രധാനമായും പരസ്പരം പറഞ്ഞത്. ഹൗസിനുള്ളില്‍ രജിത്തിനോട് ഈയിടെയായി പലരും കാട്ടുന്ന സ്‌നേഹം രജിത്തിന് പുറത്തുള്ള സപ്പോര്‍ട്ട് കണ്ടിട്ടാണെന്ന് ഫുക്രു പറഞ്ഞു.

ക്യാപ്റ്റനായിരുന്നപ്പോളൊഴികെ മറ്റെല്ലാത്തവണയും എലിമിനേഷന്‍ ലിസ്റ്റില്‍ വന്നിട്ടും ഔട്ട് ആവാതിരുന്നതിനാലാണ് രജിത്തിനോട് ഹൗസിലെ ചിലര്‍ ഇപ്പോള്‍ അടുപ്പം കാട്ടുന്നതെന്ന് ഫുക്രു പറഞ്ഞു. വീണ നായരെയാണ് ഫുക്രു ഇതിലൂടെ ഉദ്ദേശിച്ചതെന്ന് ഷോ സ്ഥിരമായി കാണുന്നവര്‍ക്ക് മനസിലാവും. 'നിങ്ങള്‍ക്ക് പുതിയതായിട്ട് കുറെ സ്‌നേഹങ്ങള്‍ വന്നില്ലേ? അത്, നിങ്ങള്‍ ഇത്രയും എലിമിനേഷനില്‍ നിന്നിട്ട് നിങ്ങള്‍ക്ക് കിട്ടുന്ന ഒരു ബലം കണ്ടിട്ട് മാത്രമാ. അല്ലാതെ ഒന്നുമല്ല. മനസ് കൊണ്ട് നിങ്ങളെ വെറുപ്പും നിലനില്‍പ്പിനുവേണ്ടി നിങ്ങളോട് അടുപ്പവും', ഫുക്രു പറഞ്ഞു. നിനക്ക് ആ ഗ്രൂപ്പിനകത്തുള്ള പലരുടെയും സത്യങ്ങളും രഹസ്യങ്ങളും നന്നായിട്ട് അറിയാമെന്ന രജിത്തിന്റെ മറുപടിക്ക് ഇത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവുമെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. 

 

പലരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ടാല്‍ താന്‍ അവിടേക്ക് വരാറില്ലെന്നും മാറി പോവാറേയുള്ളെന്നും രജിത് പറഞ്ഞു. നിങ്ങള്‍ക്ക് അതിനുള്ള സപ്പോര്‍ട്ട് പുറത്തുണ്ടെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. എന്നാല്‍ ഫുക്രു പറഞ്ഞതിനെ ശരിവെക്കുകയും ചെയ്തു രജിത് കുമാര്‍. 'ഇപ്പോള്‍ നീ പറഞ്ഞതുപോലെ കുറേ സ്‌നേഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്', രജിത് പറഞ്ഞു. 'അത് ഫേക്ക് ആയിട്ടുള്ളതാണെന്ന് മനസിലാക്കിയാല്‍ മതി', ഫുക്രു മുന്നറിയിപ്പ് നല്‍കി.