ഇത്തവണത്തെ ബിഗ് ബോസ് വീട്ടിലെ പുകമുറിക്ക് ഒരു പ്രത്യേകതയുണ്ട്. അതിന്റെ മുകളിലുള്ള ചിത്രം ഒരു ഫ്രീക്ക് പെണ്ണിന്റെയാണ്. പുക വലിക്കുന്നവർക്ക് സുന്ദരിമാരെ ആകർഷിക്കാൻ കഴിയുമെന്നാണോ അതോ സുന്ദരിമാർക്ക് പുക വലിക്കാനുള്ള മുറി എന്നാണോ എന്താണ് ബിഗ് ബോസ് ആ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന്  ഇന്നലെ വരെ പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല. എന്നാൽ ഇന്നലെ രണ്ടു ഫ്രീക്ക് പെണ്ണുങ്ങൾ ബിഗ് ബോസിലെ പുകമുറിയിലെത്തി സിഗരറ്റ് വലിച്ചു തള്ളി. ജസ്‍ലയും അലസാന്ദ്രയും.

പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഇത് കണ്ട പ്രേക്ഷകരിൽ ഉണ്ടായത്.

1 . ങേ .. പെണ്ണുങ്ങൾ പരസ്യമായി പുക വലിക്കുന്നോ എന്ന അസ്വസ്ഥത
2 . പുക വലിക്കുന്ന പെണ്ണുങ്ങൾ കുഴപ്പക്കാരാണെന്ന വാദം
3 . ആ ഇനി കളി മാറും, അങ്ങനെ വരട്ടെ എന്ന സന്തോഷം
4 . പുക വലിക്കുമ്പോൾ മനുഷ്യർ തമ്മിലുണ്ടാവുന്ന അടുപ്പത്തിൽ നിന്ന് പലതും പുറത്തു വരുമെന്ന വിചാരം.

അങ്ങനെ പലതും പലർക്കും തോന്നി. പുകവലിയേക്കാൾ പലരുടെയും പ്രശ്‍നം പരസ്യമായ പുകവലി എന്നതാണ്. പരസ്യമായി പുക വലിക്കാത്തവരൊക്കെ പുക വലിക്കുന്നില്ലെന്നോ പുകവലി ആണുങ്ങൾക്ക് മാത്രമുള്ളതെന്നോ പെണ്ണുങ്ങൾ പുക വലിച്ചാൽ സമത്വം വരുമെന്നോ ഒന്നും കരുതേണ്ടതില്ല. പുക വലി ശീലമുള്ള രണ്ടു പേര് പുക വലിക്കുന്നു എന്ന് കരുതിയാൽ മതി ഇതിനെ. അവിടെ ആൺ , പെൺ വ്യത്യാസമൊന്നുമില്ല. ആര് വലിച്ചാലും പുകവലി ആരോഗ്യത്തിന് ഹാനികരം. അത്രേയുള്ളു.. ആ ബോധമുള്ളവർ തന്നെയാണ് പുക വലിക്കുന്നതും.
അത് പോട്ടെ...

ഇന്നലെ അവിടെ പുക വലിച്ചത് രണ്ടു പേരാണ്. ജസ്‍ലയും അലസാന്ദ്രയും. ഒന്നിച്ചു പുക വലിച്ചെങ്കിലും രണ്ടു പേരും രണ്ടു പേരുടെ ലോകത്തായിരുന്നു. രണ്ടു കാര്യങ്ങൾക്കാണ്‌ രണ്ടു പേരും പുക വലിച്ചത്.
അലസാന്ദ്ര പുക വലിച്ചത് സുജോയിൽ നിന്ന് കിട്ടിയ തേപ്പിന്റെ കാഠിന്യം കുറയ്ക്കാനാണ്.

നമുക്ക് അറിയാം സുജോയും അലസാന്ദ്രയും തമ്മിൽ ബിഗ് ബോസ് വീടിനുള്ളിൽ പ്രണയമായിരുന്നു. എന്നാൽ പുറത്തു പോയി തിരിച്ചു വന്നപ്പോ ഇവർ തമ്മിൽ പ്രണയമില്ല. കാരണമായി സുജോ പറയുന്നത് അലസാന്ദ്രയുമായി ബിഗ് ബോസിനുള്ളിൽ കാണിച്ച പ്രേമം ഒരു ഗെയിം സ്ട്രാറ്റജി ആയിരുന്നു. സഞ്ജനയുമായുള്ളത് സീരിയസ് റിലേഷനാണ്. അലസാന്ദ്രയുമായി പ്രേമിച്ചു ഗെയിം കളിച്ചതു സഞ്ജനക്ക് വിഷമമായി. അതിനാൽ
ഇനി പ്രേമിച്ചുള്ള കളിക്ക് ഞാനില്ല എന്നാണ്.

സാന്ദ്ര പറയുന്നത് സഞ്ജനയെ എക്സ് ഗേൾ ഫ്രണ്ട് എന്നാണ് സുജോ പറഞ്ഞിരുന്നത്. ഇപ്പോ പ്രേമം സ്ട്രാറ്റജി ആണെന്ന് സുജോ പറയുന്നു. തനിക്ക് പക്ഷെ ശരിക്കും പ്രണയമായിരുന്നു എന്നാണ്. ഇക്കാര്യമാണ് പുക വലിച്ചു കൊണ്ട് അലസാന്ദ്ര ജസ്ലയോട് പറയുന്നത്. ജസ്ല ഇതിനൊക്കെ മറുപടി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

എങ്കിലും ജസ്ല പുകവലിക്കുമ്പോ ശ്രദ്ധിക്കുന്നത് മറ്റു കാര്യങ്ങളിലാണ്. ജസ്‍ലയെ നമ്മൾ ഇന്ന് ആദ്യമായിട്ടല്ല പുകമുറിയിൽ കാണുന്നത്. ഇന്ന് കയ്യിൽ സിഗററ്റുമായി ആദ്യം കണ്ടെന്നേ ഉള്ളു. കഴിഞ്ഞ കുറച്ചു ദിവസമായി ജസ്‍ലയുടെ താവളം പുകമുറിയാണ്. രജിത്തിനെ ഉൾപ്പെടെ ജസ്‍ല അവിടെ എത്തിച്ചിരുന്നു.

ജസ്‍ല പൂർണമായും ഗെയിമിലേക്ക് വീണിരിക്കുന്നു ഇപ്പോൾ. അവൾ ഗെയിം സ്ട്രാറ്റജികളാണ് ഇപ്പോള്‍ അവിടെയിരുന്നു പ്ലാൻ ചെയ്യുന്നത്.

ബിഗ് ബോസ് തുടങ്ങിയിട്ട് 50 ദിവസമായി. അവിടെ പലരും സിഗരറ്റ് വലിച്ചിരുന്നെങ്കിലും കാമറ അങ്ങോട്ട് എത്താൻ മാത്രമുള്ള ഒരു ചർച്ചയും അവിടെ ഇത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ആദ്യമായി കാമറ അങ്ങോട്ട് ചെന്നു .

അപ്പോള്‍ പുകവലിയല്ല വിഷയം. പുക വലിക്കുന്നവർ എന്ത് സംസാരിക്കുന്നു എന്നതാണ്.

ബിഗ് ബോസ് ഒരു ഗെയിമാണെങ്കിലും അതൊരു സോഷ്യൽ എക്സ്പിരിമെന്റാണ് എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്.

കഴിഞ്ഞ ദിവസം രണ്ടു പെൺകുട്ടികൾ പരസ്യമായി സിഗരറ്റ് വലിച്ചപ്പോഴേക്കും അതെത്ര വലിയ ചർച്ചയായി. എന്തൊക്കെ ചർച്ചയായി?
ഒരു മുസ്‌ലിം പെൺകുട്ടി പുക വിളിക്കാമോ?
പെണ്ണുങ്ങൾ പരസ്യമായി പുക വിളിക്കാമോ എന്ന് തുടങ്ങി നൂറു നൂറു ചർച്ചകൾ. ഇതൊക്കെ കൂടിയാണ് ബിഗ് ബോസ് ഗെയിം. മനുഷ്യരെ അത് അടിമുടി ഇളക്കി ഉലക്കും .എല്ലാ സമൂഹത്തിന്റെ ശരികളെയും ചോദ്യം ചെയ്യും. പ്രേക്ഷകരൊക്കെ ആ സാമൂഹിക പരീക്ഷണത്തിലൂടെ കടന്നു പോകും.
വീടിനകത്തുമുണ്ട് പുകവലി ചർച്ചകൾ. വന്നു കയറിയ ഉടൻ അഭിരാമിയോട്  രജിത് കുമാർ പറയുന്നുണ്ട്, ജസ്‍ല പുക വലിക്കും എന്നൊക്കെ.

പുകവലി നല്ലതോ ചീത്തയോ, പെണ്ണുങ്ങൾ സിഗരറ്റ് വലിക്കാമോ എന്ന ചർച്ചയിൽ നിന്നും അവർ സംസാരിക്കുന്ന കാര്യങ്ങളിലേക്ക് കളികളുടെ അധോലോകത്തേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.