Asianet News MalayalamAsianet News Malayalam

അങ്ങനെ വലിയൊരാളില്ല, രജിത് കുമാറിന് മുന്നറിയിപ്പ് നല്‍കി മോഹൻലാല്‍ പറഞ്ഞ കാര്യങ്ങള്‍

നിങ്ങള്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാല്‍ രജിത് കുമാറിനോട്.

Mohanlal comes out against Rajith Kumar in bigg boss
Author
Chennai, First Published Feb 15, 2020, 10:58 PM IST

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ എല്ലാ ആവേശത്തോടെയും രസത്തോടെയും സംപ്രേഷണം തുടരുകയാണ്.  ചില മത്സരാര്‍ഥികള്‍ക്ക് കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോകേണ്ടി വന്നതാണ് ചെറിയ കല്ലുകടിയായത്. ബിഗ് ബോസ്സില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കയ്യാങ്കളിയും സംഘര്‍ഷവും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് മോഹൻലാല്‍ വന്നപ്പോള്‍ തന്നെ അത്തരം വിഷയങ്ങള്‍ മാറ്റി കൂടുതല്‍ ഊഷ്‍മളമായി ഷോ മുന്നോട്ടുകൊണ്ടുപോകേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. ഓരോരുത്തരോടും കുടുംബം എങ്ങനെയായിരിക്കണം എന്ന് ചോദിച്ചായിരുന്നു മോഹൻലാല്‍ ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സൂചിപ്പിച്ചത്.


കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെയൊക്കെ ഇന്നേയ്‍ക്ക് വലിച്ചിഴയ്‍ക്കാതെ ഓരോ ദിവസവും നല്ല രീതിയില്‍ തുടങ്ങുകയാണ് ഓരോ കുടുംബത്തിലും വേണ്ടത് എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ബിഗ് ബോസ്സിനെ മാത്രമല്ല മൊത്തം കുടുംബത്തെ ഉദ്ദേശിച്ചാണ് താൻ പറഞ്ഞത് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ മോഹൻലാല്‍ രജിത് കുമാര്‍ ഷോയില്‍ എന്തുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്ന് ചോദിച്ചു. രണ്ടു കുടുംബമായി ബിഗ് ബോസ്സിനെ തോന്നാറുണ്ടോ എന്ന് മോഹൻലാല്‍ ചോദിച്ചു. തോന്നാറുണ്ട് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ അത് മാറ്റാൻ എന്തെങ്കിലും മുൻകൈ എടുത്തുകൂടെ എന്ന് മോഹൻലാല്‍ ചോദിച്ചു. പലപ്പോഴും താൻ മുൻകൈ എടുക്കാറുണ്ട്. അവരുടെ കൂടെ പോയി ഇരിക്കാറുണ്ട്. അവരുടെ എല്ലാത്തരം കാര്യങ്ങളിലും പങ്കെടുക്കാറുണ്ട് എന്നും രജിത് കുമാര്‍ പറഞ്ഞു. താൻ ഒരു സീനിയറാണ് എന്ന് രജിത് കുമാര്‍ പറഞ്ഞപ്പോള്‍ മോഹൻലാല്‍ ഇടപെട്ടു. താൻ സീനിയറാണ് എന്ന് എന്തുകൊണ്ടാണ് എപ്പോഴും പറയുന്നത് എന്നായിരുന്നു മോഹൻലാല്‍ ചോദിച്ചത്. അങ്ങനെ സീനിയര്‍ എന്നൊന്നും ഇല്ല എന്ന് മോഹൻലാല്‍ പറഞ്ഞു.


ഒരു കുടുംബത്തില്‍ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല എന്നും മോഹൻലാല്‍ പറഞ്ഞു. ലോകത്ത് അങ്ങനെ വലിയൊരാള് എന്നൊരാള് ഇല്ല എന്നും മോഹൻലാല്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയില്ല, സാര്‍ എന്നു വിളിക്കുമ്പോള്‍ അങ്ങനെ വിളിക്കേണ്ട അങ്ങനെ വിളിച്ചാല്‍ ഒരു ഗ്യാപ് വരുമെന്നാണ് താൻ പറയാറുള്ളത് എന്ന് രജിത് കുമാര്‍ പറഞ്ഞു. കോളേജില്‍ കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ട് നിങ്ങള്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാല്‍ ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. ഞാൻ പറയുന്നതാണ് ശരി, തിരിച്ചൊന്നും പറയാൻ പാടില്ല, അവര്‍ കുട്ടികളാണ്. പറയുന്നത് കേള്‍ക്കണം എന്നൊക്കെയുണ്ടോ. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ചെറിയ പ്രായമുള്ള എത്രയോ പ്രതിഭകളുണ്ട് എന്നും മോഹൻലാല്‍ പറഞ്ഞു. എന്തുകൊണ്ടാണ് രജിത് ഒറ്റയ്‍ക്ക് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും മോഹൻലാല്‍ ചോദിച്ചു. മറ്റുള്ളവര്‍ പറയുന്നത് ക്യാമറയെ നോക്കിയാണ് എന്നാണ്. അത് നിങ്ങളുടെ തന്ത്രമായിരിക്കാം, അതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ മറ്റുള്ളവര്‍ പറയുന്നു, ഞങ്ങള്‍ വന്ന് രജിത്തിനെ ഞങ്ങളുടെ ഫ്രണ്ടാകാൻ വിളിക്കുകയാണ്, അദ്ദേഹം വരുന്നില്ല. എന്തുകാര്യവും പറയുന്നത് അതിനെ തമാശയായി എടുക്കുന്നില്ല എന്നും മോഹൻലാല്‍ പറഞ്ഞു. എന്നാല്‍ ചുണ്ടുകള്‍ കൊണ്ടും ഹൃദയം കൊണ്ടും വിളിക്കാം എന്നു രജിത് കുമാര്‍ പറഞ്ഞു.


ഇന്റിമസി ആയി കഴിഞ്ഞാല്‍ തന്നെപ്പോലെ ഇന്റിമസി ആകുന്ന മറ്റൊരാള്‍ ഇല്ല എന്ന് രജിത് കുമാര്‍ പറഞ്ഞു. പക്ഷേ ഒരാള്‍ സംസാരിക്കാൻ വന്നാല്‍ രജിത് കുമാര്‍ മാറിക്കളയുന്നതാണ് കാണുന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. മുപ്പതുവയസ്സേയുള്ളൂ എന്ന് വീണയോടൊക്കെ പറയുന്നു. മാറുന്നത് വേറെ ചര്‍ച്ചയാക്കി മാറ്റുന്നതുകൊണ്ട് താനായിട്ട് ഒരു പ്രശ്‍നം ഉണ്ടാക്കേണ്ട എന്നു വിചാരിച്ചിട്ടാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു.

രജിത് കുമാറിന്റെ കൈക്ക് എന്തുപറ്റിയെന്ന് ചോദിച്ചായിരുന്നു മോഹൻലാല്‍ സംഘര്‍ഷത്തെ കുറിച്ച് സൂചിപ്പിച്ചത്. രജിത് കുമാര്‍ സംഭവത്തെ കുറിച്ച് പറഞ്ഞു. ഞങ്ങള്‍ കണ്ടതാണ്, രണ്ടു മിനിട്ട് കാത്തിരുന്നാല്‍ മതിയായിരുന്നു, നിങ്ങള്‍ തന്നെ പറയുന്നു, അവൻ കുട്ടിയാണ് എന്ന്, അവൻ തമാശയ്‍ക്ക് കാണിച്ചതാകാം, അല്ലെങ്കില്‍ കാര്യത്തിലാകാം. കാത്തിരുന്നാല്‍ പ്രശ്‍നം ഉണ്ടാകുമായിരുന്നില്ലല്ലോയെന്ന് മോഹൻലാല്‍ പറഞ്ഞു. ശാരീരികമായ ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല, വേറെ തരത്തിലാണ് ഇനി പെരുമാറുക എന്നും മോഹൻലാല്‍ പറഞ്ഞു. അപ്പോള്‍ തലയാട്ടിയ ഫുക്രുവിനോടും മോഹൻലാല്‍ അക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചു. തലയാട്ടണ്ട, നിന്നോടും ആണ് പറയുന്നത് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. അതുപോലെ ആര്യ ടാസ്‍ക് ചെയ്യുമ്പോള്‍ രജിത് കുമാര്‍ ഓടിയതിനെയും മോഹൻലാല്‍ വിമര്‍ശിച്ചു. അത് തമാശയായി എടുക്കുകയെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. അതേസമയം ടാസ്‍ക്കില്‍ രജിത് കുമാറിനെ മാത്രം കൊച്ചാക്കിയതിനെയും ആര്യയെയും മോഹൻലാല്‍ വിമര്‍ശിച്ചു.

Follow Us:
Download App:
  • android
  • ios