Asianet News MalayalamAsianet News Malayalam

'ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്'; പാട്ട് വിവാദത്തില്‍ ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാലിന്റെ പ്രതികരണം

'അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. അത് 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്.'

mohanlal reacts to song controversy in bigg boss 2
Author
Thiruvananthapuram, First Published Jan 19, 2020, 11:52 PM IST

ബിഗ് ബോസ് വേദിയില്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയിലെ പാട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. 'ഞാന്‍ പാടി' എന്നതുകൊണ്ട് ഉദ്ദേശിച്ചത് സിനിമയില്‍ പാടി അഭിനയിച്ചു എന്നാണെന്നും പക്ഷേ ചിലര്‍ ആ പ്രസ്താവന തെറ്റിദ്ധരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും അത്തരത്തില്‍ തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡില്‍ ആയിരുന്നു മോഹന്‍ലാലിന്റെ ഈ വിഷയത്തിലെ പ്രതികരണം.

മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. അത് 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നു. 

ബിഗ് ബോസിന്റെ കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡിലാണ് മോഹന്‍ലാല്‍ പരാമര്‍ശിച്ച സംഭവം നടന്നത്. അന്നത്തെ എപ്പിസോഡില്‍ പങ്കെടുത്ത ധര്‍മ്മജന്‍ വേദിയില്‍ മോഹന്‍ലാലിന് അടുത്തുനിന്ന് ഒരു പാട്ട് പാടിയിരുന്നു. 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിലെ 'മാതളത്തേനുണ്ണാന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയത്. ഇത് ഏത് സിനിമയിലെ പാട്ടാണെന്നും ആരാണ് പാടിയതെന്നും അറിയുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അറിയില്ല എന്നായിരുന്നു രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ധര്‍മ്മജന്റെ മറുപടി. 'ഈ പാട്ട് പാടിയിരിക്കുന്നത് ഞാനാണ്' എന്നായിരുന്നു അന്ന് ധര്‍മ്മജനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍ ആ പാട്ട് യഥാര്‍ഥത്തില്‍ പിന്നണി പാടിയ വി ടി മുരളി മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയാവുകയും ചെയ്തു. മോഹന്‍ലാല്‍ തെറ്റായ അവകാശവാദം ഉന്നയിച്ചു എന്ന് ഒരു വിഭാഗം ആരോപിച്ചപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് സിനിമയില്‍ പാടി അഭിനയിച്ചതിനെക്കുറിച്ചാവുമെന്ന് എതിര്‍വാദവും ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലാണ് തന്റെ ഭാഗം വ്യക്തമാക്കി മോഹന്‍ലാല്‍ ഇന്ന് രംഗത്തെത്തിയത്. 

Follow Us:
Download App:
  • android
  • ios