ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അതിന്റെ പകുതി ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. കണ്ണിനസുഖം മൂലം അംഗങ്ങളില്‍ പലരും പുറത്തായിരുന്നതിനാല്‍ പോയ വാരങ്ങളില്‍ ഹൗസില്‍ തര്‍ക്കങ്ങള്‍ താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇന്‍ഫെക്ഷന്‍ മൂലം മാറിനിന്നിരുന്ന മൂന്നുപേര്‍ തിരിച്ചെത്തിയതും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലെ മത്സരാര്‍ഥികളുടെ 'ക്ഷാമം' അവസാനിപ്പിച്ചിരിക്കുകയാണ്. മത്സരങ്ങളിലൊക്കെ പഴയ ആവേശം തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഇതില്‍നിന്നുള്ള ഫലം. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏറ്റവുമധികം ആവേശമുണ്ടാക്കിയ ടാസ്‌കുകള്‍ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകളാണ്. അംഗങ്ങള്‍ കൂടിയതിനാല്‍ ഇത്തവണ ടാസ്‌കിന്റെ ആവേശം കൂടിയിട്ടുമുണ്ട്. മത്സരാര്‍ഥികളുടെ ശാരീരികശേഷി കൂടി പരീക്ഷിക്കുന്ന ടാസ്‌ക് ആണ് ഈ ആഴ്ചയിലേത്. ആക്റ്റിവിറ്റി ഏരിയ ഒരു സ്വര്‍ണ്ണ ഖനി ആക്കിയാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി ടാസ്‌ക് ഒരുക്കിയത്. ഇന്നലെ ആരംഭിച്ച ടാസ്‌ക് ഇന്നും തുടരുകയാണ്. ബസര്‍ അടിക്കുമ്പോള്‍ ആക്ടിവിറ്റി ഏരിയയിലേക്ക് ആദ്യം ഓടിയെത്തുന്ന രണ്ടുപേര്‍ക്കാണ് ഖനിയിലേക്ക് പ്രവേശിക്കാനും ഖനനം നടത്താനും അവസരം ലഭിക്കുക. ഇത്തരത്തില്‍ ഫുക്രു, ഷാജി, സുജോ, അമൃത-അഭിരാമി സഹോദരിമാര്‍ എന്നിവര്‍ ഖനിയില്‍ പ്രവേശനം നേടുകയും സ്വര്‍ണ്ണവും രത്‌നങ്ങളും നേടിയെടുക്കുകയും ചെയ്തു. സുജോയുടെ സ്വര്‍ണ്ണവും രത്‌നങ്ങളും സൂക്ഷിച്ച രജിത്, രഘു എന്നിവര്‍ സുജോയില്‍നിന്ന് പങ്കുപറ്റുകയും ചെയ്തു. 

 

ഇന്നലെ പാതിയില്‍ നിര്‍ത്തിയ ടാസ്‌ക് ഇന്ന് പുനരാരംഭിച്ചപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായി. ബസര്‍ ശബ്ദിച്ചപ്പോള്‍ 'ഖനി'യിലേക്ക് തുറക്കുന്ന വാതില്‍ ആദ്യം സ്പര്‍ശിച്ചവര്‍ ആരൊക്കെ എന്നതായിരുന്നു ഇന്നത്തെ പ്രധാന തര്‍ക്കം. രണ്ടാമത്തെ തവണ ബസര്‍ ശബ്ദിച്ചപ്പോള്‍ വാതിലില്‍ തൊട്ടതായി നാലുപേരാണ് അവകാശവാദവുമായി രംഗത്തെത്തിയത്. സുജോ, ഫുക്രു, സൂരജ്, അഭിരാമി എന്നിവര്‍. ഇതില്‍നിന്നും എല്ലാവരും ചര്‍ച്ച ചെയ്ത് സുജോ, സൂരജ് എന്നിവരെ ഖനിയിലേക്ക് അയയ്ക്കാന്‍ തീരുമാനമായി. ആരെയൊക്കെ തീരുമാനിച്ചെന്ന് അറിയാനുള്ള ബിഗ് ബോസിന്റെ ചോദ്യം ഹാളില്‍ മുഴങ്ങിയപ്പോള്‍ രജിത് ആദ്യം ഉത്തരം പറയാന്‍ തുടങ്ങിയത് ക്യാപ്റ്റന്‍ പാഷാണം ഷാജി എതിര്‍ത്തത് ചെറിയ അസ്വാരസ്യം സൃഷ്ടിച്ചു.

ആരൊക്കെയാണ് ഖനിയില്‍ പ്രവേശിക്കാന്‍ യോഗ്യത നേടിയതെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് സൂരജിന്റെ പേരാണ് ഷാജി ആദ്യം പറഞ്ഞത്. എന്നാല്‍ സുജോയാണ് ആദ്യമെന്ന് രജിത്ത് പറഞ്ഞു. എന്നാല്‍ ഉടന്‍വന്നു രജിത്തിന്റെ കമന്റ്- 'എന്റെ പൊന്നോ, ഞാനൊന്ന് പറഞ്ഞോട്ടെ.. രണ്ടുപേരെയാ വേണ്ടത്. ഫസ്റ്റും സെക്കന്റും ഒന്നുമില്ല. നിങ്ങള്‍ ഇതിന്റെ ഇടയിലിരുന്ന് ശകുനിയെപ്പോലെ കാണിക്കല്ലേ'. എന്നാല്‍ ശകുനി എന്നത് സ്വയം തോന്നുന്നതാണെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. 'അത് സ്വയം തോന്നുന്നതാണ് മനസിന്റെ ഉള്ളീന്ന്. ആദ്യത്തെ ആളിന്റെ പേരാണ് ആദ്യം പറയേണ്ടത്. അതാണ് ക്യാപ്റ്റന്റെ റോള്‍', രജിത്ത് പറഞ്ഞവസാനിപ്പിച്ചു.