ബിഗ് ബോസ്സിലെ ആവേശകരമായ കാഴ്‍ചകളാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി ബജറ്റിനായും ക്യാപ്റ്റനെ നിശ്ചയിക്കാനും ടാസ്‍ക്കില്‍ കിട്ടുന്ന പോയന്റുകളാണ് അടിസ്ഥാനം. അതിനാല്‍ ടാസ്ക്കുകള്‍ തര്‍ക്കങ്ങളിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. ഇത്തവണ പക്ഷേ ഒരു പ്രാങ്ക് ടാസ്‍ക്കായിരുന്നു ബിഗ് ബോസ് നടത്തിയത്. സുജോയായിരുന്നു പ്രാങ്ക് ടാസ്‍ക്കില്‍ കബളിപ്പിക്കപ്പെട്ടത്.

സുജോ ഒഴികെയുള്ള ആള്‍ക്കാരെ പ്രാങ്ക് ടാസ്‍ക്കിനെ കുറിച്ച് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഇത്തവണ ഒരു മിഡ് വീക്ക് എവിക്ഷനുണ്ടെന്നും ഏറ്റവും കൂടുതല്‍ നോമിനേഷൻ കിട്ടുന്ന ആള്‍ ഇന്ന് തന്നെ പുറത്താകുമെന്നും  സുജോയെ എല്ലാവരും നോമിനേറ്റ് ചെയ്യണമെന്നുമായിരുന്നു പ്രാങ്ക് ടാസ്‍ക്. ക്യാപ്റ്റൻ എന്ന നിലയില്‍ ഫുക്രു ആദ്യമായി സുജോയെ നോമിനേറ്റ് ചെയ്‍തു. ആര്യയും സുജോയെ നോമിനേറ്റ് ചെയ്‍തു. പാഷാണം ഷാജിയും സുജോയെ നോമിനേറ്റ് ചെയ്‍തു. എലീനയും ദയ അശ്വതിയും സുജോയെ തന്നെ ആയിരുന്നു നോമിനേറ്റ് ചെയ്‍തത്. നോമിനേറ്റ് ചെയ്യുന്നതിന്റെ കാരണങ്ങളും ഓരോരുത്തരും പറഞ്ഞു. തന്നെയാണ് കൂടുതല്‍ പേരും നോമിനേറ്റ് ചെയ്യുന്നത് എന്ന് മനസ്സിലായ ഉടൻ തന്നെ സുജോ ദേഷ്യപ്പെടാൻ തുടങ്ങിയിരുന്നു. അഭിരാമിയും അമൃതയും രഘുവും നോമിനേറ്റ് ചെയ്‍തത് ഫുക്രുവിനെ ആയിരുന്നു. ഒടുവില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷൻ എന്ന് ബിഗ് ബോസ് ചോദിക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്‍തു. സുജോയാണ് പുറത്തുപോകേണ്ടയാള്‍ എന്നും ഏറ്റവും കൂടുതല്‍ നോമിനേഷൻ കിട്ടിയത് എന്നും വ്യക്തമായി. അതോടെ സുജോ എല്ലാവരോടും ദേഷ്യപ്പെടാൻ തുടങ്ങി.

ആര്യയടക്കമുള്ളവര്‍ ഗ്യാംഗ് കളിക്കുകയാണ് എന്ന് സുജോ പറഞ്ഞു. താൻ കരുത്തനായ മത്സരാര്‍ത്ഥിയാണ് എന്ന് മനസ്സിലായതോടെയാണ് എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞത് എന്നും സുജോ പറഞ്ഞു. എല്ലാവരും ഫേക്ക് ആണ് എന്നും സുജോ പറഞ്ഞു. കയ്യാങ്കളിയിലേക്ക് എത്താവുന്ന തരത്തിലായിരുന്നു സുജോയുടെ സംസാരം. അതോടെ രഘു പിടിച്ചുമാറ്റാൻ ശ്രമിച്ചു. അഭിരാമിയും മറ്റുള്ളവരും ചേര്‍ന്ന് സുജോയെ അവിടെ നിന്ന് കൊണ്ടുപോയി. സുജോയുടെ മനസ്സിലിരിപ്പാണ് അവൻ പറയുന്നത് എന്ന് എലീന പറഞ്ഞു. അവൻ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നും ചിലര്‍ ചോദിച്ചു. പ്രാങ്ക് ആണ് അവന്റെ മനസ്സിലിരിപ്പ് പുറത്തുവരാനാണ് ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്‍ക് കൊണ്ടുവന്നത് എന്ന് ആര്യ പറഞ്ഞു.

അവിടെ നിന്ന് പോയെങ്കിലും സുജോ മറ്റുള്ളവരോട് ദേഷ്യത്തില്‍ തന്നെയായിരുന്നു. അവര്‍ ഗ്യാംഗ് കളിക്കുകയാണ് എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ എന്ന് സുജോ പറഞ്ഞു. അവരോട് മറുപടി പറഞ്ഞിട്ടെ താൻ പോകൂവെന്നും സുജോ പറഞ്ഞു. എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞതിന്റെ രോഷം അടക്കാനാവാത്ത അവസ്ഥയിലായിരുന്നു സുജോ. എല്ലാവരും തന്നെ ടാര്‍ജറ്റ് ചെയ്‍തത് ആണ് എന്നും സുജോ പറഞ്ഞു.


അതിനിടയില്‍ അമൃത സംഭവം പ്രാങ്കാണ് എന്ന് സുജോയെ അറിയിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അമൃത ഒരിടത്ത് പ്രാങ്ക് എന്ന് എഴുതിവയ്‍ക്കുകയും ചെയ്‍തു. അത് വായിച്ചപ്പോഴും സുജോയുടെ ദേഷ്യം തണുത്തില്ല. സുജോ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു. രഘു സുജോയെ ആര്യയുടെയും മറ്റുള്ളവരുടെയും അടുത്തേയ്‍ക്ക് കൊണ്ടുപോയി. ഇത് പ്രാങ്ക് ആണ് എന്ന് പാഷാണം ഷാജി പറയുകയും ചെയ്‍തു. അതോടെ സുജോ എല്ലാവരെയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്‍തു.