Asianet News MalayalamAsianet News Malayalam

'ഫുക്രുവിനെ മാനസികമായി തളര്‍ത്തുക ഞങ്ങളുടെ ഗെയിം സ്ട്രാറ്റജി ആയിരുന്നു'; ആര്‍ജെ രഘുവുമായി അഭിമുഖം

'ആദ്യം ബിഗ് ബോസിലേക്ക് പോകുമ്പോൾ എനിക്ക് ഒരു ഗെയിം പ്ലാനും ഇല്ല. എന്നാൽ കണ്ണിനസുഖം വന്നു പുറത്തു പോയപ്പോൾ എനിക്ക് പുറത്തു നടക്കുന്ന കാര്യങ്ങളും എങ്ങനെ ഷോ മുന്നോട്ട് പോകുന്നുവെന്നും മനസിലായി. തിരിച്ചു വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു..'

rj raghu exclusive interview with sunitha devadas after bigg boss 2
Author
Thiruvananthapuram, First Published Mar 23, 2020, 12:08 PM IST

ബിഗ് ബോസ് തീരുമ്പോൾ ഏറ്റവും അധികം ആളുകൾ ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥി ആർ ജെ രഘുവാണ്. പ്രേക്ഷകരുടെ മനസിൽ ഏറ്റവും കൂടുതൽ സംശയങ്ങൾ ഉണ്ടാക്കിയ വ്യക്തിയും രഘുവാണ്. ആ ചോദ്യങ്ങളും സംശയങ്ങളും നമ്മൾ ചോദിക്കുകയാണ്. രഘുവിന്‍റെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ച്, ഗെയിം സ്ട്രാറ്റജികളെക്കുറിച്ച്, രജിത്തുമായും രേഷ്മയായുമുള്ള ബന്ധത്തെക്കുറിച്ച്... ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി സുനിത ദേവദാസ് നടത്തിയ അഭിമുഖം

രഘു ഒരു ഫെമിനിസ്റ്റ് ആണോ?

ഫെമിനിസ്റ്റ് എന്നാണോ എന്നെ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. സ്ത്രീകളുടെ ലിബറേഷന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് ഞാൻ. ഞാനൊരു കഥ പറയാം. എന്‍റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അതുകൊണ്ട് അവർ ജീവിതം തുടങ്ങിയത് ഒരു ഒറ്റമുറി വീട്ടിലാണ്. അവിടെയാണ് ഞാൻ ജനിക്കുന്നതും വളരുന്നതുമൊക്കെ. ആ വീടിന്‍റെ മുറ്റത്തു കിണർ ഉണ്ടായിരുന്നു. കെട്ടിമറച്ച കുളിമുറി ഇല്ലായിരുന്നു. അമ്മ കുളിക്കുമ്പോൾ അച്ഛൻ റോഡരുകിൽ നിൽക്കും. അങ്ങനെ എന്‍റെ അമ്മ ആ വീടിന്‍റെ മുറ്റത്തു വേലിയായി റോഡരുകിൽ മഞ്ഞ അരളി നട്ടു വളർത്തി. ആ അരളി ഒരാളുയരത്തിൽ വളർന്നതിൽ പിന്നെ അച്ഛന് അമ്മ കുളിക്കുമ്പോള്‍ കാവൽ നിൽക്കേണ്ടി വന്നിട്ടില്ല. എന്‍റമ്മ പാൽപ്പായസം വെക്കുന്നത് എന്‍റെ പിറന്നാളിന് മാത്രമാണ്. അല്ലെങ്കിൽ ശർക്കരയിട്ട പരിപ്പ് പായസമാണുണ്ടാക്കുക. പാൽപ്പായസമുണ്ടാക്കുമ്പോള്‍ അമ്മക്ക് അത് ഭയങ്കര ഇഷ്ടമാണ്. അപ്പൊ ഞാൻ ചോദിക്കും എന്നാ പിന്നെ ഇങ്ങക്കിത് ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കിക്കൂടേ എന്ന്. അപ്പൊ അമ്മ പറഞ്ഞു. അച്ഛനിഷ്ടമല്ല പാൽപ്പായസം എന്ന്. അന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട് നിങ്ങളിങ്ങനെ അച്ഛനു വേണ്ടി എന്തൊക്കെ ഇഷ്ടം കളഞ്ഞിട്ടുണ്ടെന്ന്. പിന്നീട് അച്ഛൻ പാലക്കാട് വേറെ വീട് വച്ചു. കുളിമുറി കെട്ടി. എന്നിട്ടും അമ്മ ആ പുതിയ വീടിന്‍റെ മുറ്റത്തും മഞ്ഞ അരളി നട്ടു വളർത്തി. ഞാൻ കോഴിക്കോട് നിന്നും രണ്ടാഴ്ചയിലൊരിക്കൽ പാലക്കാട് പോകും. അച്ഛനൊപ്പം മാവേലി സ്റ്റോറിൽ പോകാനും ഡയബറ്റിസ് ഉള്ള അമ്മയ്ക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കാനും വേണ്ടി. ഐസ്ക്രീം അച്ഛൻ അമ്മയ്ക്ക് വാങ്ങി കൊടുക്കില്ല. സംഗീതയെ വിവാഹം കഴിക്കുമ്പോള്‍ ഞാൻ പറഞ്ഞത് ഇപ്പോള്‍ നിനക്കുള്ള സ്വാതന്ത്ര്യം 50 ശതമാനം കൂടി കൂടുതൽ കിട്ടും എന്നാണ്. അത് എപ്പോള്‍ കിട്ടുന്നില്ല എന്ന് തോന്നിയാലും നിനക്ക് എന്നെ വിട്ടു പോകാം എന്നാണ്. ഇതൊക്കെയാണ് എനിക്ക് സ്ത്രീ. ആ മഞ്ഞ അരളിയാണ് എന്‍റെ നെഞ്ചിലെ നിറഞ്ഞു നിൽക്കുന്ന കളർ.

rj raghu exclusive interview with sunitha devadas after bigg boss 2

 

'എന്‍റെ തന്തയല്ല നിന്‍റെ തന്ത' എന്ന് പറയുന്നതും 'എനിക്ക് ഒറ്റ തന്തയെ ഉള്ളൂ' എന്ന് പറയുന്നതിനെയുമൊക്കെ രഘു എങ്ങനെയാണു കാണുന്നത്?

മോശമാണ് എന്നു തന്നെയാണ് അഭിപ്രായം. സ്ത്രീവിരുദ്ധത പറയുന്നത് തമാശയല്ല എന്നു തന്നെയാണ് കരുതുന്നത്. അതേസമയം ആണത്തമുണ്ടെങ്കിൽ നീ ചെയ്യ് എന്ന് വെല്ലുവിളിക്കുന്നത് ഇതുപോലെ തന്നെ ശരിയല്ലാത്ത കാര്യം എന്ന് കരുതുന്നു. നിങ്ങളിപ്പോൾ ഈ ചോദ്യം ചോദിക്കുന്നത് ദയയുമായി ബിഗ് ബോസിൽ ഉണ്ടായ വഴക്കിനിടയിലെ  സംസാരത്തെക്കുറിച്ചാവും. അതിങ്ങനെ ജനറൽ ആയി സംസാരിച്ചിട്ട് കാര്യമില്ല. അതിന്‍റെ സാഹചര്യം പറയണം.
ഒരു ടാസ്ക്കിന്‍റെ ഭാഗമായി വീട്ടിൽ നിന്നും പുറത്തു പോകേണ്ട ആൾ എന്ന നിലയിൽ ഞാൻ ദയയെ നോമിനേറ്റ് ചെയ്യുന്നു. കുറച്ചു കഴിയുമ്പോള്‍ അതിന്‍റെ തുടർച്ചയായി ദയ എന്നോട് വന്നു വഴക്ക് കൂടുന്നു. എന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നപോലെ, അവർ കണ്ണിനസുഖമായി പുറത്തു പോയപ്പോൾ അവരോട് ഞാൻ ചില കാര്യങ്ങൾ സംസാരിച്ചു എന്ന് പറയുന്നു. സത്യത്തിൽ അങ്ങനൊരു സംഭവമില്ല. വഴക്കിനിടയിൽ അവർ എനിക്കൊരു തന്തയെ ഉള്ളൂ എന്ന് പറയുന്നു. റിഫ്ളക്സ് ആക്ഷൻ പോലെ ഞാനും എനിക്കും ഒരു തന്തയെ ഉള്ളൂ എന്ന് പറയുന്നു. ഒരു നോർമൽ വികാരത്തിൽ ഞാനിത് പറയുന്നതല്ല. എന്നാൽ അത്രയും പ്രകോപനമുണ്ടായപ്പോൾ പറഞ്ഞു. മുൻപും ദയ എന്നെ ആണാണെങ്കിൽ വാ എന്നൊക്കെ വെല്ലുവിളിച്ചിട്ടുണ്ട്. ഞാൻ അതൊന്നും ഏറ്റെടുക്കാൻ പോയിട്ടില്ല. ആണല്ല എന്ന് പറയുകയാണ് ചെയ്തത്.

സ്ത്രീകളെ ബഹുമാനിക്കലും സ്ത്രീകളുടെ ലിബറേഷനും പൊളിറ്റിക്കൽ കറക്ട്നെസും ഒന്നും ദയയോട് കാണിക്കേണ്ടതില്ലേ? ദയയോട് പലപ്പോഴും നിങ്ങൾ മോശമായി സംസാരിച്ചത് കണ്ടിട്ടുണ്ട്. എന്താണ് കാരണം?

ദയ എന്ന മത്സരാർത്ഥി അവിടെ ചെയ്യുകയും പറയുകയും ചെയ്യുന്ന ചില കാര്യങ്ങളുടെ പേരിലുള്ള വിയോജിപ്പുകളാണ് ഞാൻ പ്രകടിപ്പിച്ചിട്ടുള്ളത്. രജിത് കുമാർ എന്ന മത്സരാർത്ഥിയോട് എനിക്ക് നിരവധി വിയോജിപ്പുകളുണ്ട്. എന്നാൽ ദയ രജിത് കുമാറിനെക്കുറിച്ചു പറയുന്ന പല കാര്യങ്ങളും ശരിയല്ല എന്നതിനാലാണ് എനിക്ക് അവരോട് വിയോജിക്കേണ്ടി വന്നത്. നീതിയുടെയും നിലപാടിന്‍റെയും കുപ്പായം ജനുവരി 5 നു ബിഗ് ബോസിലേക്ക് വരുമ്പോൾ എടുത്തണിഞ്ഞതല്ല. രജിത് കുമാർ അവരോട് രഹസ്യമായി ഐ ലവ് യൂ എന്ന് പറഞ്ഞെന്നും വന്നയുടൻ രജിത് കുമാറിനോട് 'മാഷിനെയാണ് എനിക്കിഷ്ടം' എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചതും പുള്ളി പുറത്തു പോയപ്പോൾ എന്‍റെ ടീ ഷർട്ട് വേസ്റ്റ് ബാസ്‌ക്കറ്റിൽ നിന്നും എടുത്തതും ചിന്നുവിനു വേണ്ടി വാശി പിടിച്ചതുമൊന്നും അത്ര സത്യസന്ധമായ പെരുമാറ്റമായി എനിക്ക് തോന്നിയില്ല. ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

വിയോജിപ്പ് പ്രകടിപ്പിക്കുന്നതും സ്ത്രീവിരുദ്ധത പറയുന്നതും കൂവി തോൽപ്പിക്കുന്നതും വേറെയല്ലേ? ദയയോട് മനുഷ്യൻ എന്ന ഒരു പരിഗണന കാണിക്കേണ്ടതില്ലെന്നു തോന്നിയോ?

ഇതൊന്നും നിങ്ങൾ പറയുന്നത് ശരിയല്ല. ആദ്യ ദിവസം വഴക്കിട്ട് പിണങ്ങിയ ശേഷം ദയ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ട് കിടന്നു. എനിക്കത് സത്യത്തിൽ വിഷമമായി. ഇത്രേം തടിയുള്ള ഞാനും അന്ന് ആഹാരം കഴിച്ചില്ല. അവർ പട്ടിണി കിടക്കുമ്പോൾ ഞാൻ കഴിക്കുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ്. അവർ വീണ്ടുമൊരിക്കൽ ഞാൻ അന്ന് എനിക്കൊരു തന്തയേ ഉള്ളൂ എന്ന് പറഞ്ഞത് അവർക്ക് ഫീൽ ചെയ്തു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ സോറി പറഞ്ഞിരുന്നു. ദയയോട് ഞാൻ പലപ്പോഴും നന്നായി തന്നെ സംസാരിച്ചിട്ടുണ്ട്. അവർ ജയിലിൽ കിടന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ ഞാനതൊക്കെ പോയി വിശദമായി ചോദിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഇവരോട് അടുക്കുന്നത് സൂക്ഷിച്ചു വേണമെന്ന് എനിക്ക് മനസിലായി. ദയ അച്ചുവിനോട് അടുത്താലുള്ള അവസ്ഥ എന്താണെന്ന് അറിയാൻ നിങ്ങൾ രജിത് കുമാറിന്‍റെ അവസ്ഥ നോക്കിയാൽ മതി. കോടതി ടാസ്ക്കിൽ രജിത് കുമാറിനെതിരെ അവർ ആരോപണമായി ഉന്നയിച്ച പരാതി എത്ര വലിയ കള്ള പരാതിയാണ്?

rj raghu exclusive interview with sunitha devadas after bigg boss 2

 

രജിത് കുമാറിനോടുള്ള രഘുവിന്‍റെ നിലപാട് എന്തായിരുന്നു? രേഷ്മയുടെ കണ്ണിൽ മുളക് തേച്ച വിഷയത്തിൽ നിങ്ങൾ രജിത് കുമാറിനൊപ്പവും രേഷ്മയ്ക്കൊപ്പവും നിന്നില്ലേ? ആദ്യ വരവിലെ രഘുവും രണ്ടാം വരവിലെ രഘുവും പരസ്പരവിരുദ്ധമായ നിലപാടുകളും കളി രീതിയുമുള്ള രണ്ടു മനുഷ്യരായിരുന്നു. എന്താണ് കാരണം?

രജിത് കുമാറിനോട് ആശയപരമായ വിയോജിപ്പ് ഉള്ള ആളാണ് ഞാൻ. ഒരു തരത്തിലും പുള്ളിയുടെ കൂടെ നിന്നിട്ടുള്ള ആളല്ല. എന്നാൽ രജിത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തുന്ന, കൂട്ടായി ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. സുജോ എന്‍റെ അടുത്ത സുഹൃത്താണ്. സാന്ദ്രയുമായി എനിക്ക് ഒരു സഹോദരിയോടുള്ള ആത്മബന്ധമുണ്ട്. അമൃതയും അഭിരാമിയുമായി എനിക്ക് വളരെ അടുപ്പമുണ്ട്. ബിഗ് ബോസ് വീട്ടിൽ രണ്ടു ടീമുകൾ ഉണ്ടെന്ന് നിങ്ങൾക്ക് എല്ലാവര്‍ക്കും അറിയാം. അവിടെയുള്ള ഞാനുൾപ്പെടുന്ന ടീമിൽ രജിത് കുമാറും ഉണ്ടായിരുന്നു. എനിക്കടുപ്പമുള്ള പലർക്കും രജിത് കുമാറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഞാൻ, സുജോ, അലസാൻഡ്ര, അഭിരാമി, അമൃത, രജിത് കുമാർ  എന്നിവർ ഉൾപ്പെട്ട ആ ടീമിനെ ഞാൻ ഒരു ഫ്രറ്റേണിറ്റി എന്നാണ് വിളിക്കുക. അവിടെ ഒരു ഗ്രൂപ്പ് തലവൻ ഇല്ല. വിയോജിപ്പുകൾ പറയാനുള്ള ഇടമുണ്ട്. എനിക്ക് രജിത് കുമാറിന്‍റെ പല നിലപടുകളോടും വിയോജിപ്പ് തന്നെയായിരുന്നു. കോൾ സെന്‍റര്‍ ടാസ്ക്കിൽ രേഷ്മയോട് പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടെ എനിക്ക് വിയോജിപ്പുണ്ട്. രേഷ്മയുടെ കണ്ണിൽ മുളക് തേച്ച സംഭവം തെറ്റാണ്. ഒരു തരത്തിലും അതിനോട് യോജിക്കുന്നില്ല. പൂർണമായും രേഷ്മയ്ക്കൊപ്പമാണ് ഞാൻ നിന്നത്. ആദ്യ വരവിലെ രഘ, രണ്ടാം വരവിലെ രഘു എന്നിങ്ങനെ രണ്ടാളുകൾ ഇല്ല. അതൊക്കെ രഘു എന്ന മത്സരാർത്ഥിയുടെ ഗെയിം സ്ട്രാറ്റജിയാണ്.

പൂർണമായും രേഷ്മയ്ക്കൊപ്പം നിന്നു എന്ന് അവകാശപ്പെടുന്ന രഘു, ഈ സംഭവത്തെക്കുറിച്ചു പറഞ്ഞത് കക്കൂസ് പൊളിച്ചു ജയിലിൽ പോകുക എന്ന് കേട്ടിട്ടില്ലേ? അതേപോലെയായി രജിത്തിന്‍റെ അവസ്ഥ എന്നാണ്. എന്താണ് അതിന്‍റെ അർത്ഥം? രേഷ്മയോടുള്ള നിങ്ങളുടെ നിലപാടല്ലേ അത്?

ഞാൻ കോഴിക്കോടൻ ഭാഷ സംസാരിച്ചു നടക്കുന്ന ഒരു നാടൻ മനുഷ്യനാണ്. ഇതൊക്കെ ഞങ്ങളുടെ നാട്ടിലെ സ്ഥിരം ഡയലോഗുകളാണ്. അതിനങ്ങനെ വലിയ അർത്ഥങ്ങളൊന്നുമില്ല. ഇക്കണക്കിനു ഞാൻ ഇപ്പോഴും പറയുന്ന 'എന്താണ് കാക്കേ' എന്ന വാചകം നിങ്ങൾ വളച്ചൊടിച്ചു ഞാൻ മതസ്പർദ്ധ പ്രചരിപ്പിക്കുന്നു എന്ന് പറയുമല്ലോ? ആ വാചകത്തിനു അങ്ങനെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ഒരു ഗുമ്മിനു അങ്ങ് പറഞ്ഞു എന്നേയുള്ളു. ഒരു നാടൻ പ്രയോഗം. ഞാൻ രേഷ്മയ്ക്കൊപ്പമാണ് നിന്നത് എന്ന് രേഷ്മക്ക് അറിയാം എന്തായാലും. എനിക്ക് അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല.
ഞാൻ ആശയപരമായി കമ്മ്യൂണിസത്തെ പിന്തുടരുമ്പോഴും എക്സിക്യൂഷന്‍ ചെയ്യുമ്പോൾ  വലതുവശം ചേർന്നു പോകുന്ന ആളാണ്. ഇത് രണ്ടുമല്ലെങ്കിൽ നിങ്ങളെന്നെ നക്സൽ ആക്കും.

സത്യത്തിൽ ഒന്നും മനസിലായില്ല. അടുത്ത ചോദ്യം ചോദിക്കാം. ദയ ഗെയിം കളിക്കുന്നു. അതിനായി ചിന്നുവിനെ എടുക്കുന്നു, ടീ ഷർട്ട് എടുക്കുന്നു എന്നൊക്കെ പറഞ്ഞല്ലോ? അവിടെ രഘു ഉള്‍പ്പെടെയുള്ളവർക്ക് പലതരം ഗെയിം സ്ട്രാറ്റജികൾ ഉണ്ടായിരുന്നല്ലോ?

ആദ്യം ബിഗ് ബോസിലേക്ക് പോകുമ്പോൾ എനിക്ക് ഒരു ഗെയിം പ്ലാനും ഇല്ല. എന്നാൽ കണ്ണിനസുഖം വന്നു പുറത്തു പോയപ്പോൾ എനിക്ക് പുറത്തു നടക്കുന്ന കാര്യങ്ങളും എങ്ങനെ ഷോ മുന്നോട്ട് പോകുന്നുവെന്നും മനസിലായി. തിരിച്ചു വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു. അത് എന്‍റെ കളി കണ്ടു നിങ്ങൾ മനസിലാക്കുന്നതാണ് എനിക്കിഷ്ടം. ഞാൻ തന്നെ വിശദീകരിക്കുന്നത് ബോറല്ലേ? ആ സ്ട്രാറ്റജി തന്നെയാണ് ഞാൻ ഫോളോ ചെയ്തത്. എന്‍റെ നിലപാടിലോ സ്ത്രീപക്ഷ നിലപാടിലോ ഒന്നും ഞാൻ ഒരു വെള്ളവും ചേർത്തിട്ടില്ല. 24 മണിക്കൂർ നടക്കുന്ന ഷോയിൽ പരമാവധി രണ്ടു മണിക്കൂർ മാത്രമാണ് പ്രേക്ഷകർ കാണുന്നത്. അതിനപ്പുറത്തും ഇപ്പുറത്തും പലതും സംഭവിക്കുന്നുണ്ട്.

rj raghu exclusive interview with sunitha devadas after bigg boss 2

 

രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെക്കുറിച്ചു രഘു നിരന്തരം ആ വീടിനകത്തു പറഞ്ഞുകേട്ട ഒരു കാര്യമാണ് രജിത്തേട്ടൻ അത് ചെയ്യില്ല, രജിത്തേട്ടനല്ല അത് ചെയ്തത് എന്നൊക്കെ. എന്താണ് അതിന്‍റെ അർത്ഥം?

അതിന്‍റെ അർത്ഥം രജിത് കുമാറിനെ ഒന്നാം ദിവസം മുതൽ ഞാൻ കാണുന്നുണ്ട്. രജിത് കുമാർ അവിടെ പല തരം ട്രിക്കുകൾ കളിച്ചിട്ടുണ്ട്. രജിത് കുമാർ അവിടെ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പലതും പറഞ്ഞിട്ടുണ്ട്. ഞാൻ എതിർത്തിട്ടുമുണ്ട്. എന്നാൽ രജിത് കുമാർ ഒരു സ്ത്രീയെ ആക്രമിക്കുമെന്നോ അത്തരത്തിൽ പെരുമാറുമെന്നോ ഞാൻ പ്രതീക്ഷിച്ചിട്ടില്ല. അയാളിൽ നിന്നും അത്തരമൊരു സംഭവം വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അതിനാലാണ് രജിത്തേട്ടൻ അത് ചെയ്യില്ല, രജിത്തേട്ടനല്ല എന്നൊക്കെ പറയാൻ കാരണം. ഇതിനു മുൻപ് ചെയ്യാത്തൊരു കാര്യം പെട്ടന്ന് ചെയ്യുമ്പോള്‍ എനിക്ക് അങ്ങനെയല്ലേ അത് പറയാൻ കഴിയൂ. പക്ഷെ അവിടെയുള്ള മറ്റേതെങ്കിലും മത്സരാർത്ഥി ഒരു സ്ത്രീയെ ഉന്തിയിടുകയോ തെറിപ്പിച്ചു വീഴ്ത്തുകയോ ചെയ്താൽ അയാളത് ചെയ്യും എന്ന് ഞാൻ പറയും. കാരണം അവരത് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ടാസ്ക്കിനിടയിൽ ആണെങ്കിൽ പോലും. 

മത്സരാർത്ഥികൾ പരസ്പരം സംസാരിച്ചും തർക്കിച്ചും റാങ്ക് നിർണയിക്കേണ്ട ഒരു ടാസ്ക്ക് ഉണ്ടായിരുന്നു. അതിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി നിലകൊണ്ട രഘു സ്ത്രീകളായ അഭിരാമിക്കും അമൃതക്കും സാന്ദ്രക്കും വേണ്ടി പിന്മാറുന്നു എന്ന് പറഞ്ഞുകൊണ്ട് പിന്മാറി. എന്നാൽ മറ്റൊരു സീനിൽ അവർ വളരെ ഡിപ്പെന്‍ഡന്‍ഡ് ആണ്, എനിക്ക് പറ്റില്ല എന്നും ബിഗ് ബോസ് സഹോദരിമാരെക്കുറിച്ചു സുജോയോട് സംസാരിക്കുന്നുണ്ട്. അതേസമയം ഇവർ എന്‍റെ അമ്മ മല്ലികയുടെ വയറ്റിൽ പിറക്കാതെ പോയവർ എന്നും പറയുന്നുണ്ട്. ഇതൊക്കെ തമ്മിൽ എങ്ങനെ മാച്ചാവും?

ആദ്യം റാങ്ക് നിർണയ ടാസ്ക്കിനെക്കുറിച്ചു പറയാം. അതിൽ ഞാനും ആര്യയും പാഷാണം ഷാജിയും അമൃതയും അഭിരാമിയും അലസാന്ദ്രയുമാണ് ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിച്ചത്. ആര്യ, താൻ ഫുക്രുവിനും പാഷാണം ഷാജിക്കും വേണ്ടി പിന്മാറുന്നു എന്ന് പറഞ്ഞു മാറി. അപ്പോഴാണ് ഞാൻ ഈ മൂന്നു പെൺകുട്ടികൾക്ക് വേണ്ടി പിന്മാറുന്നു എന്ന് പറഞ്ഞത്. അമൃതയും അഭിരാമിയും എനിക്ക് എന്‍റെ സഹോദരിമാർ തന്നെയാണ്. അമൃത രജിത് കുമാറിനെ വളരെ ആശ്രയിച്ചാണ് ഷോയിൽ നിന്നിരുന്നത്. അതിനാൽത്തന്നെ രജിത് കുമാർ പെട്ടന്ന് ഷോയിൽ നിന്നും പോയപ്പോൾ അവർ പെട്ടന്ന് പരിഭ്രാന്തരായി. ആ കളിരീതിയും പെരുമാറ്റവും എനിക്ക് അക്‌സപ്റ്റബിൾ ആയിരുന്നില്ല. അത് ഞാൻ അവരോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. ഞാൻ അവിടേക്ക് ഒറ്റക്ക് ഗെയിം കളിക്കാനാണ് പോയത്. അങ്ങനെ തന്നെയാണ് ഗെയിം കളിച്ചതും.

പുകമുറിയിൽ വച്ച് നടക്കുന്ന ഒരു സംസാരത്തിൽ സുജോയ്ക്ക് മസിലുള്ളതു കൊണ്ട് സുജോയ്ക്കൊപ്പം നിന്ന് കളിക്കുന്നു എന്നൊരു പരാമർശമുണ്ട്. കൂടാതെ ഖനനം ടാസ്ക്കിൽ സുജോയ്ക്കും രജിത് കുമാറിനുമൊപ്പം ചേർന്ന് കളിച്ചു സുജോയുടെ സ്വർണത്തിന്‍റെ പങ്കു പറ്റുന്നുമുണ്ട്. കൂടാതെ നോമിനേഷനിലും മറ്റും ഗ്രൂപ്പിന്‍റെ ഭാഗമായി നിൽക്കുന്നുമുണ്ട്. അതൊക്കെ ഒത്തുകളി അല്ലേ?

അവിടെ പ്രകടമായി രണ്ടു ടീമുകളുണ്ട്. ആര്യയുൾപ്പെടുന്ന ടീം അവിടെ ആദ്യമേയുണ്ട്. അതിനെ നേരിടാനാണ് രണ്ടാമത്തെ ഗ്രൂപ്പ് ഉണ്ടാവുന്നത്. നോമിനേഷനും എവിക്ഷനും ജയിൽ നോമിനേഷനുമൊക്കെ ഉള്ളതുകൊണ്ട് അവിടെ ഇത് ആവശ്യമാണ്. ഫിസിക്കൽ ടാസ്ക്കിലൊന്നും എനിക്ക് പെർഫോം ചെയ്യാൻ കഴിയില്ല. സുജോയുമായി ഒത്തു കളിച്ചിട്ടുണ്ട്. എന്നാൽ അതിൽനിന്നും സ്വർണത്തിന്‍റെ പങ്കു വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എപ്പിസോഡ് നോക്കിയാൽ അറിയാം സുജോ നിർബന്ധിച്ചത് കൊണ്ടാണ് അത് സ്വീകരിച്ചത്. ഫിസിക്കൽ ടാസ്ക്കുകളിൽ ഞാനൊരു 100 സി സി ബൈക്ക് ആണെങ്കിൽ സുജോ ഒരു 350 സി സി ബുള്ളറ്റാണ്. അത് കാണാതെ പോകരുത്. എങ്കിലും നിർണായകമായ എല്ലാ ഘട്ടങ്ങളിലും ഞാൻ എന്‍റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നീതിയ്ക്കൊപ്പം നിന്നിട്ടുണ്ട്. ഗ്രൂപ്പിനുള്ളിലും വിയോജിപ്പുകൾ പറഞ്ഞിട്ടുണ്ട്. രേഷ്മ - രജിത് കോൾ ടാസ്ക് വിഷയം കോടതി ടാസ്ക്കിൽ വന്നപ്പോൾ രേഷ്മയോട് മാപ്പ് പറയണം എന്ന് ഞാൻ രജിത് കുമാറിനോട് പറഞ്ഞിട്ടുണ്ട്.

ബാത്ത് റൂമിൽ വച്ച് സുജോയും രഘുവും തമ്മിൽ എലീനയും ഫുക്രുവും ബാത്ത് റൂമിൽ എന്തോ ചെയ്തെന്നു പ്രേക്ഷകരിലേക്ക് തെറ്റിദ്ധാരണ പരത്തുന്ന ഒരു ഡയലോഗ് പറഞ്ഞതായി കണ്ടു. എന്തായിരുന്നു അത്?

അത് സുജോ പറഞ്ഞതാണ്. ആ സമയത്ത് അവിടെ ഒരു ഇറിറ്റേറ്റിംഗ് ഫൈറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പൊ ഞാൻ മറുപടി പറഞ്ഞത് നമ്മൾ കാണാത്ത കാര്യം പറയേണ്ട, ബാ പോകാം എന്നാണ്. അതൊരു ലൈറ്റർ സാധനമാണ്. സുജോ എന്തെങ്കിലും കണ്ടിട്ടുണ്ടോ ഇല്ലേ എന്ന് എനിക്ക് അറിയില്ല. ഒന്നും കണ്ടിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. ഞാനും കണ്ടിട്ടില്ല. ഞാൻ അവിടെ സദാചാരത്തിന്‍റെ കണ്ണോടെ ഒന്നും കണ്ടിട്ടില്ല. കാണുകയുമില്ല. 

ഫുക്രുവിനോട് രഘു ഉള്‍പ്പെടുന്ന ടീമിനുള്ള വിരോധം എന്തായിരുന്നു? ഫുക്രുവിനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നതായി തോന്നിയിരുന്നു?

ഫുക്രുവിനോട് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതിലൊന്നു ടാസ്ക്കുകളിൽ ജയിക്കാൻ വേണ്ടി എന്ത് തന്ത്രവും പ്രയോഗിക്കുന്നതാണ്. കൂടാതെ അവൻ നാളെ യൂത്ത് ഐക്കൺ ആവാൻ സാധ്യതയുള്ള ഒരു ചെറുപ്പക്കാരനാണ്. അവന്‍റെ ചില നിലപാടുകൾ തിരുത്തണമെന്ന് അതിനാൽ എനിക്ക് ആഗ്രഹമുണ്ട്. പിന്നെ ഗെയിം എന്ന നിലയിൽ നോക്കിയാൽ രജിത് കുമാർ പോയതിനു ശേഷം ഫുക്രുവിനെ മാനസികമായി തളർത്തുക എന്നത് ഞങ്ങൾ ഗെയിം സ്ട്രാറ്റജിയായും എടുത്തിരുന്നു. ഫുക്രുവിനെ അകത്തോ പുറത്തോ ആക്രമിക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഷോ തീരുമ്പോൾ ഞങ്ങൾ എല്ലാം പരസ്പരം സംസാരിച്ചു തീർത്തിരുന്നു. ഇതൊരു ഗെയിം അല്ലേ?

ബിഗ് ബോസ് സീസൺ 1 വിജയി സാബുമോനെ അനുകരിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം നടത്തിയിരുന്നോ? 'തുരത്തി തുരത്തി അടിക്കും' എന്ന സാബുവിന്‍റെ ഹിറ്റ് ഡയലോഗ് ഒക്കെ പറഞ്ഞു കേട്ടിരുന്നു?

അത് ഞാൻ കഴിഞ്ഞ ബിഗ് ബോസ് കണ്ടിട്ട് എനിക്കിഷ്ടപ്പെട്ട ഒരു ഡയലോഗ് കടമെടുത്തതാണ്. കോഴിയൊക്കെ വീടിനകത്തേക്ക് കയറി വരുമ്പൊ ഞാൻ തുരത്തി തുരത്തി അടിക്കും എന്നൊക്കെ പറയാറുണ്ട്. അങ്ങനെ പറഞ്ഞു പറഞ്ഞു അത് പല സ്ഥലത്തും പറയാറുണ്ട്. സിനിമ ഡയലോഗുകൾ കടമെടുക്കുന്നത് പോലെ സ്വന്തമാക്കിയതാ..

കൊവിഡ് 19 കാരണം ഷോ അപ്രതീക്ഷിതമായി 75 ദിവസത്തിൽ അവസാനിച്ചല്ലോ. 100 ദിവസം ബിഗ് ബോസ് മുന്നോട്ട് പോയിരുന്നെങ്കിൽ ആരൊക്കെ ആയിരിക്കും ഫൈനൽ 5 ൽ വരിക?

രഘു, ഫുക്രു, ആര്യ, സാന്ദ്ര, പിന്നെ സുജോ ആയിരിക്കും.

എന്തുകൊണ്ടാണ് അഭിരാമിയും അമൃതയും ആ ലിസ്റ്റിൽ ഇല്ലാതെ പോയത്?

അവർ ഷോ ക്വിറ്റ് ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അവർ നിലനിന്നിരുന്നെങ്കിൽ സുജോയ്ക്കോ സാന്ദ്രയ്ക്കോ പകരം അവർ വന്നേനെ.

rj raghu exclusive interview with sunitha devadas after bigg boss 2

 

രഘു ഫൈനൽ അഞ്ചിൽ വരും എന്ന് ആത്മവിശ്വാസം തോന്നാൻ കാരണം എന്താണ്?

ഞാൻ വളരെ ഫോക്കസ്‍ഡ് ആയി ഗെയിം കളിച്ച ആളാണ്. എനിക്ക് നീതിബോധമുണ്ട്. അതിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്‍റെ എതിരാളികളോടു പോലും ആ നീതിബോധം ഞാൻ കാണിച്ചിട്ടുണ്ട്. സത്യത്തിനൊപ്പം നിന്നാണ് ഓരോ വിഷയത്തിലും ഞാന്‍ നിലപാട് എടുത്തത്. ആദ്യ തവണ റാങ്ക് നിർണ്ണയിക്കുന്ന ടാസ്ക്ക് വന്നപ്പോൾ ഞാൻ രണ്ടാം സ്ഥാനത്തു നുഴഞ്ഞു കയറിയതായിരുന്നു. 'നുഴഞ്ഞു കയറിയത്' എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഉപയോഗിച്ചതാണ്. കാരണം അന്ന് അവിടെയുള്ള ആരും രണ്ടാം സ്ഥാനത്തിനു വേണ്ടി ആവശ്യം ഉന്നയിക്കാത്തതുകൊണ്ട് എനിക്ക് ആ പൊസിഷൻ കിട്ടിയതാണ്. എന്നാൽ രണ്ടാം തവണ ആത്മവിശ്വാസത്തോടു കൂടിയാണ്  ഒന്നാം സ്ഥാനത്തിന്  അര്‍ഹനാണെന്ന് ഞാന്‍ പറഞ്ഞത്. ഞാൻ കളിച്ച കളി ഒളിപ്പോര് ആയിരുന്നു. അതിനാലാവും എന്നെ ആരും എതിരാളിയായി കാണാത്തതും. അപ്പൊ ഗെയിം കഴിഞ്ഞു. കഴിഞ്ഞിറങ്ങിയിട്ട് ഞങ്ങൾ പത്തു പേരും കൂടി ഒരു ആറേഴു മണിക്കൂർ ഇരുന്ന് ഇതൊക്കെ ചർച്ച ചെയ്തു. പരസ്പരം എല്ലാം പറഞ്ഞു തീർത്തു. എല്ലാവരും എല്ലാവരോടും എല്ലാം ഏറ്റു പറഞ്ഞു. സ്നേഹിച്ചു. എല്ലാവരും സന്തോഷമായി കെട്ടിപിടിച്ചു പിരിഞ്ഞു.

Follow Us:
Download App:
  • android
  • ios