ഈ പുസ്തകം ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നു, ഇത് അതി മനോഹരവും തികച്ചും പ്രയോജനരഹിതവുമാണ്. ഇത് നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല, ഒരു വിശ്വാസത്തിനും പ്രചോദനമാവുന്നില്ല, ഒരു വികാരങ്ങളെയും വൃണപ്പെടുത്തുന്നില്ല. വായനയ്ക്കു ശേഷം നിങ്ങളിത് സൂക്ഷിച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുക പോലും ഇല്ല. പക്ഷെ എന്റെ ആത്മാവിലേയ്ക്ക് ആഴ്ന്നിറങ്ങി എന്നോട് സംവദിച്ചു എന്നെ നടുക്കിയത് പോലെ ഇത് നിങ്ങളോടും ചെയ്യാന്‍ സാധ്യതയുണ്ട്. 

 

''ദൃശ്യങ്ങളെ മറ്റു ദൃശ്യങ്ങളിലേക്കുള്ള ചവിട്ടുപടികളാക്കി ഞാനെന്റെ സ്വപ്നങ്ങളുടെ പാത പിന്തുടരുന്നു. ആകസ്മിക രൂപകങ്ങളെ ആന്തരികമായ കാഴ്ചപ്പാടുകളുടെ ശ്രേഷ്ഠ ചിത്രങ്ങളാക്കി മാറ്റുന്നു. മുറുക്കമുള്ള ഒരു കുപ്പായത്തെയെന്ന പോലെ ഞാന്‍ ജീവിതത്തെ എന്നില്‍ നിന്നഴിച്ചെടുത്തു വലിച്ചെറിയുന്നു''.

ചില പുസ്തകങ്ങള്‍ സ്വപ്നങ്ങളാലും ഭ്രമാത്മകതയാലും പൊതിയും, ചുറ്റും സംരക്ഷണത്തിന്റെ ഒരു കുമിള തീര്‍ക്കും, അതിലിരുന്നു ഒരു വിശ്രമവേളയിലെന്ന പോലെയീ ലോകത്തെയെനിക്ക് വീക്ഷിക്കാനാവും. ഫെര്‍ണാണ്ടോ പെസൊവയുടെ (Fernando Pessao) യുടെ 'അശാന്തിയുടെ പുസ്തകം' (The Book of Disquiet) വായിച്ചപ്പോള്‍ ഇതിനു വിപരീതമായ ഒരനുഭവമാണ് എനിക്കുണ്ടായത്. ഞാന്‍ ഒന്നിലും പൊതിയപ്പെട്ടില്ല. പകരം ഓരോ വാചകങ്ങളും എന്നെ തന്നെ അനാവരണം ചെയ്തു, എന്നിലെ ആത്മവഞ്ചനയുടെയും അഹംഭാവത്തിന്റയും അടരുകള്‍ ഓരോന്നായി പൊഴിയ്ക്കപ്പെട്ടു.

വിഭിന്ന സാഹിത്യ വ്യക്തിത്വങ്ങള്‍ക്ക് (heteronym) ഉടമയായ ഫെര്‍ണാണ്ടോ പെസൊവ എന്ന പോര്‍ട്ടുഗീസ് എഴുത്തുകാരന്‍ തന്റെ Bernardo Soares എന്ന വ്യക്തിത്വത്തെ ഉപയോഗപ്പെടുത്തി എഴുതിയ പുസ്തകമാണ് 'The book of disquiet'. വേദനാജനകമായ ഏകാന്തതയും സാമൂഹികമായ ഉദാസീനതയും അത്യധികം അനുഭവിക്കുന്ന വ്യക്തിയാണ് Bernardo Soares.

പെസൊവ ഈ പുസ്തകത്തെ തന്റെ കല്‍പിതമായ ആത്മകഥയെന്നാണ് (factless biography) വിശേഷിപ്പിച്ചിരിക്കുന്നത്. എനിക്കിതില്‍ ജീവിതത്തിന്റെ അസംബന്ധത്തെ കുറിച്ചുള്ള വ്യക്തമായ ഈണങ്ങള്‍ കാണാനായി. എന്നിരുന്നാലും നിസ്സംഗതാവാദത്തിന്റെയും ദോഷാനുദര്‍ശനത്തിന്റെയും സൂചനകളും ഈ പുസ്തകത്തിലുണ്ട്. പക്ഷെ സാമുവല്‍ ബെക്കറ്റിന്റെ രചനകളില്‍ കണ്ടു വരുന്ന വിഷാദമോ ആല്‍ബെര്‍ കാമുവിന്റെ എഴുത്തിന്റെ അന്തസത്തയായ യുക്തിസഹജമായ അസംബന്ധമോ ഇതിലെനിക്കു കാണാനായില്ല. പകരം മനോവ്യഥയിലേക്കുള്ള സസൂക്ഷ്മമായ സമീപനവും അത് വഴി തന്റെ അയുക്തമായ അസ്തിത്വത്തിലേക്കുള്ള പരിസമാപ്തിയുമാണ് കാണാനായത്.

സ്വയമൊരു പഥികന്‍ എന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നെ ബെക്കറ്റിന്റെ സ്വയം വീണ്ടും വീണ്ടും കണ്ടെത്തുന്ന പഥികനെ (The unnameable) ഓര്‍മ്മിപ്പിച്ചു.

''ഇതാണെന്റെ ധര്‍മ്മനീതി, തത്ത്വമീമാംസ, ഇതാണ് ഞാന്‍. സകലതിനുമൊരു പഥികന്‍, എന്റെ ആത്മാവിന് പോലും. ഞാന്‍ ഒന്നിനും ഉടമയല്ല, ഞാന്‍ ഒന്നും കാംക്ഷിക്കുന്നില്ല, ഞാന്‍ ഒന്നുമല്ല. അമൂര്‍ത്തമായ സംക്ഷോഭങ്ങളുടെ ഒരു സംഗ്രഹ കേന്ദ്രം, പ്രപഞ്ച വൈവിദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, അധഃപതിച്ചതെന്നാല്‍ ജീവസ്സുറ്റ ഒരു ദര്‍പ്പണം. ഈ അവസ്ഥയില്‍ ഞാന്‍ സന്തോഷവാനാണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനതില്‍ ശ്രദ്ധാലുവല്ല.''

ജീവിതത്തിന്റെ തീവ്രവേദനയെ മറികടക്കാന്‍ അദ്ദേഹം സങ്കല്‍പത്തിലും സ്വപ്നങ്ങളിലും വ്യാപൃതനാവുന്നു. അതിന്റെ ഭാഗമായാവാം ഈയൊരു ജീവിതത്തില്‍ തന്നെ അനേകം ജീവിതങ്ങള്‍ അനുഭവിക്കാന്‍ പാകത്തിന് വിഭിന്നമായ ഇത്രയധികം വ്യക്തിത്വങ്ങളെ അദ്ദേഹം സൃഷ്ടിച്ചത്. ഈ പുസ്തകം അഞ്ഞൂറിലധികം ശകലങ്ങളുടെ ഒരു സമാഹാരമാണ്. പല ദിവസങ്ങളിലായി എഴുതപ്പെട്ടത് എന്ന് കണക്കാക്കാനാവുന്ന ഓരോ ശകലങ്ങളും ഏകാന്തതയെ കുറിച്ചും, സ്വപ്നങ്ങളെ കുറിച്ചും, മുഷിപ്പിനെ കുറിച്ചും, മഴയെ കുറിച്ചും ആവര്‍ത്തിച്ച് നമ്മോടു സംസാരിക്കുന്നുണ്ട്.

''നിങ്ങളുടെ ജീവിതം നിങ്ങള്‍ ജീവിക്കൂ. അതിനാല്‍ ജീവിക്കപ്പെടാതെ. ശരിയോ തെറ്റോ, സന്തോഷമോ ദുഃഖമോ, എന്തുമാവട്ടെ നിങ്ങള്‍ നിങ്ങളായിരിക്കൂ. സ്വപ്നങ്ങളിലൂടെ മാത്രമേ നിങ്ങള്‍ക്കത് സാധ്യമാവൂ. കാരണം, നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം സത്യത്തില്‍ നിങ്ങളുടേതല്ല, അത് മറ്റുള്ളവര്‍ക്ക് സ്വന്തമാണ്''.

പുസ്തകത്തില്‍ ഇടയ്ക്കിടെ കടന്നു വരുന്ന മഴ അദ്ദേഹത്തിന്റെ മനസിന്മേല്‍ ഇടമുറിയാതെ പെയ്തു സ്വത്വത്തെ മുക്കികളയുന്ന ചിന്തകളെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നി പോകുന്നു.

''ഓരോ തുള്ളി മഴയും പ്രകൃതിയില്‍ എന്റെ പരാജിത ജീവിതത്തിന്റെ വിലാപമാണ്. ഓരോ തോരാ മഴയിലും എന്റെ ഉല്‍ക്കണ്ഠയുടേതായി എന്തോ അടങ്ങിയിരിക്കുന്നു. ചാറിയും പെയ്തും ചാറിയും പെയ്തും ഒരു ദിവസത്തിന്റെ മുഴുവന്‍ വിഷാദവും ഭൂമിയിലേയ്ക്ക് ഒഴുക്കി കളയുന്നു''.

അദ്ദേഹം തന്റെ ഏകാന്തതയില്‍ ഒരു പതിറ്റാണ്ടോ അതിലധികമോ എടുത്തു എഴുതിയ ഈ ശകലങ്ങള്‍ തികച്ചും അത്ഭുതകരമാണ്. ഈ പുസ്തകം ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നു, ഇത് അതി മനോഹരവും തികച്ചും പ്രയോജനരഹിതവുമാണ്. ഇത് നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല, ഒരു വിശ്വാസത്തിനും പ്രചോദനമാവുന്നില്ല, ഒരു വികാരങ്ങളെയും വൃണപ്പെടുത്തുന്നില്ല. വായനയ്ക്കു ശേഷം നിങ്ങളിത് സൂക്ഷിച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുക പോലും ഇല്ല. പക്ഷെ എന്റെ ആത്മാവിലേയ്ക്ക് ആഴ്ന്നിറങ്ങി എന്നോട് സംവദിച്ചു എന്നെ നടുക്കിയത് പോലെ ഇത് നിങ്ങളോടും ചെയ്യാന്‍ സാധ്യതയുണ്ട്.

ഈ പുസ്തകം ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നു, ഇത് അതി മനോഹരവും തികച്ചും പ്രയോജനരഹിതവുമാണ്. ഇത് നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല, ഒരു വിശ്വാസത്തിനും പ്രചോദനമാവുന്നില്ല, ഒരു വികാരങ്ങളെയും വൃണപ്പെടുത്തുന്നില്ല. വായനയ്ക്കു ശേഷം നിങ്ങളിത് സൂക്ഷിച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുക പോലും ഇല്ല. പക്ഷെ എന്റെ ആത്മാവിലേയ്ക്ക് ആഴ്ന്നിറങ്ങി എന്നോട് സംവദിച്ചു എന്നെ നടുക്കിയത് പോലെ ഇത് നിങ്ങളോടും ചെയ്യാന്‍ സാധ്യതയുണ്ട്.

(ഉദ്ധരണിയിലെ വിവര്‍ത്തനം എന്റേതാണ്)

 

അശാന്തിയുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടു ഭാഗങ്ങള്‍ക്ക് രണ്ട് എഴുത്തുകാര്‍ നിര്‍വഹിച്ച മലയാള വിവര്‍ത്തനങ്ങള്‍ കൂടി ഇതോടൊപ്പം വായിക്കാം. 

അച്ഛനും അമ്മയും ഞാനും
വിവ: വി രവികുമാര്‍

..................

മാനുഷികവികാരങ്ങളുടെ കാര്യത്തില്‍ എന്റെ ഹൃദയം ഊഷരമാണെന്ന തിരിച്ചറിവ് എന്നെ വിഷാദവാനാക്കിയിട്ടുണ്ടോയെന്നത് എനിക്കത്ര തീര്‍ച്ചയില്ല. ഒരാത്മരോദനത്തെയല്ല, ഒരു നാമവിശേഷണത്തെയാണ് ഞാന്‍ കാര്യമായിട്ടെടുക്കുക.

പക്ഷേ ചിലനേരം ഞാന്‍ മറ്റൊരു തരമാവാറുണ്ട്; ഞാനപ്പോള്‍ യഥാര്‍ത്ഥമായ കണ്ണീരൊഴുക്കും: പൊള്ളുന്ന കണ്ണീര്‍, ഒരമ്മയില്ലാത്തവന്റെ, ഒരമ്മ ഉണ്ടായിട്ടേയില്ലാത്തവന്റെ കണ്ണീര്‍; ആ മരിച്ച കണ്ണീരു കൊണ്ടു പൊള്ളുന്ന എന്റെ കണ്ണുകള്‍ എന്റെ ഹൃദയത്തെയും പൊള്ളിയ്ക്കും.

എനിയ്‌ക്കെന്റെ അമ്മയെ ഓര്‍മ്മയില്ല. എനിക്കൊരു വയസ്സായപ്പോള്‍ അവര്‍ മരിച്ചുപോയി. എന്റെ മനോവികാരങ്ങളില്‍ കര്‍ക്കശമോ വിഘടിതമോ ആയി എന്തെങ്കിലുമുണ്ടെങ്കില്‍ അതിന്റെ വേരുകള്‍ കിടക്കുന്നത് ആ ഊഷ്മളതയുടെ അഭാവത്തിലാണ്, എനിക്കോര്‍മ്മിച്ചെടുക്കാന്‍ പോലുമില്ലാത്ത ചുംബനങ്ങളുടെ പേരിലുള്ള പൊള്ളയായ നഷ്ടബോധത്തിലാണ്. ഞാനൊരു കാപട്യമാണ്. അന്യരുടെ മാറുകളിലേ ഞാന്‍ ഉറക്കമുണര്‍ന്നിട്ടുള്ളു, അതും നേരിട്ടൊരു ചൂടു കിട്ടാതെയും.

ഹാ, ഞാന്‍ മറ്റൊരാളാകേണ്ടിയിരുന്നു എന്ന ചിന്തയാണ് എന്നെ സദാ സ്വാസ്ഥ്യം കെടുത്തുന്നതും ക്‌ളേശിപ്പിക്കുന്നതും. ഞാനിന്നാരാകുമായിരുന്നു, ഗര്‍ഭപാത്രത്തില്‍ നിന്നു നിറഞ്ഞുപൊന്തി ഒരു ശിശുവിന്റെ മുഖത്തു ചുംബനങ്ങളായര്‍പ്പിക്കപ്പെടുന്ന വാത്സല്യത്തിനു ഞാന്‍ പാത്രമായെങ്കില്‍?

എനിക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, വിധിയെനിക്കു കല്പിച്ചുതന്ന മനോഘടനയുടെ കലുഷമായ കയങ്ങളില്‍ ഞാന്‍ ഇങ്ങനെയൊക്കെയാണ്.

ആരുടെയും മകനാകാത്തതില്‍ നിന്നുണ്ടായ നഷ്ടബോധം എന്റെ വികാരശൂന്യതയ്ക്കു വളം വച്ചിട്ടുണ്ടാവാം. കുട്ടിയായിരിക്കുമ്പോള്‍ എന്നെ അടുക്കിപ്പിടിച്ചവര്‍ക്ക് സ്വന്തം ഹൃദയത്തോട് എന്നെ അടുക്കിപ്പിടിയ്ക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്ന ഒരാളെയാവട്ടെ, ദൂരെദൂരെ ഒരു കല്ലറയില്‍ കിടത്തിയിരിക്കുകയുമാണ് - വിധി കല്പിച്ചിരുന്നുവെങ്കില്‍ എന്റേതാവുമായിരുന്ന അമ്മ.

പില്ക്കാലത്ത് ആളുകള്‍ എന്നോടു പറഞ്ഞിട്ടുണ്ട്, അമ്മ കാണാന്‍ സുന്ദരിയായിരുന്നുവെന്ന് എന്നോടു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടിയില്ലെന്ന്. അപ്പോഴേക്കും എന്റെ ശരീരവും ആത്മാവും വളര്‍ച്ച പ്രാപിച്ചിരുന്നു; പക്ഷേ വികാരങ്ങളെന്തെന്ന് എനിക്കറിയില്ലായിരുന്നു; സംഭാഷണം മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നു കീറിയെടുത്ത താളുകളുമായിരുന്നില്ലെനിയ്ക്ക്.

ഞങ്ങളെ വിട്ട് അകലെയകലെ താമസിച്ചിരുന്ന അച്ഛന്‍ എനിക്കു മൂന്നു വയസ്സുള്ളപ്പോള്‍ ആത്മഹത്യ ചെയ്തു; ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം അത്രയകലെപ്പോയി ജീവിച്ചതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല. അറിയണമെന്ന് പ്രത്യേകിച്ചൊരാഗ്രഹം തോന്നിയിട്ടുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ മരണമോര്‍ക്കുന്നത് ഞങ്ങള്‍ ആ വാര്‍ത്തയറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഭക്ഷണവേളയ്ക്കു മേല്‍ വന്നുവീണ ഗൗരവത്തിന്റെ മേലാടയായിട്ടാണ്. ഇടയ്ക്കിടെ മറ്റുള്ളവര്‍ എന്നെ നോക്കുന്നതും, ചിലതെന്തോ മനസ്സിലായെന്ന മട്ടില്‍ ഞാന്‍ അവരെ നോക്കുന്നതും എനിക്കോര്‍മ്മയുണ്ട്. ഞാനറിയാതെ അവരെന്നെത്തന്നെ നോക്കിയിരിക്കുമോയെന്ന വിചാരത്താല്‍ ഞാന്‍ പിന്നെ ആഹാരത്തില്‍ത്തന്നെ ശ്രദ്ധിക്കുകയും ചെയ്തു.

Painting: Almada Negreiros


ഫലപ്രദമായി സ്വപ്നംകാണുന്നതിന്റെ കല
വിവ: ടി പി വിനോദ് 

ആദ്യമായി നിങ്ങള്‍ ഒന്നിനേയും ഏതിനേയും ആദരിക്കുകയോ ബഹുമാനിക്കുകയോ ഇല്ലെന്ന് തീര്‍ച്ചയാക്കുക. അനാദരവില്‍ ജീവിക്കുന്നതിനിടയിലും ആദരിക്കേണ്ടതായി എന്തെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്ന ആഗ്രഹം നിലനിര്‍ത്തുക. ഇഷ്ടം തോന്നാത്തവയെ വെറുത്തുകൊണ്ടിരിക്കുമ്പോഴും ആരെയെങ്കിലും സ്‌നേഹിക്കേണ്ടതുണ്ടെന്ന് വേദനിച്ചും കൊതിച്ചുമിരിക്കുക. ജീവിതത്തെപ്പറ്റി മതിപ്പില്ലാതിരിക്കുമ്പോള്‍ തന്നെ ജീവിച്ചിരിക്കുക എന്ന ആശയത്തിന്റെ അതിശയത്തെ ഓമനിക്കുക. ഇത്രയുമാവുമ്പൊഴേക്ക് നിങ്ങളുടെ സ്വപ്നം കാണലിന്റെ അടിത്തറ തയ്യാറായിക്കഴിഞ്ഞു.

ഏറ്റവും ഉയരമുള്ള കടമ്പയിലേക്കാണ് നിങ്ങള്‍ പോകുന്നതെന്ന് മനസ്സിലാക്കുക. സ്വപ്നം കാണുക എന്നത് അവനവനെ കണ്ടുപിടിക്കലാണ്. നിങ്ങള്‍ നിങ്ങളുടെ ആത്മാവിലേക്ക് തുഴയുന്ന കൊളമ്പസ് ആവുകയാണ്. നിങ്ങള്‍ നിങ്ങളുടെ തന്നെ ഭൂപ്രകൃതികള്‍ കണ്ടെത്താന്‍ പുറപ്പെടുകയാണ്. നിങ്ങള്‍ ശരിയായ പാതയിലാണെന്നും നിങ്ങളുടെ ഉപകരണങ്ങള്‍ക്ക് നിങ്ങളെ വഴിതെറ്റിക്കാനാവില്ലെന്നും ഉറപ്പുവരുത്തുക.

സ്വപ്നം കാണുന്നതിന്റെ കല പ്രയാസമുള്ളതാണ്. എന്തെന്നാല്‍, അത് നിഷ്‌ക്രിയതയുടെ കലയാണ്. അതില്‍ നമ്മള്‍ പരിശ്രമങ്ങളെ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ്. ഉറക്കത്തെ സംബന്ധിച്ച് ഒരു കലയുണ്ടെങ്കില്‍ ഏതാണ്ടിതുപോലെ ആയിരിക്കും അത്.

സ്വപ്നം കാണുന്നതിന്റെ കല സ്വപ്നങ്ങളെ നിയന്ത്രിക്കുന്ന ഏര്‍പ്പാടല്ലെന്ന് മനസ്സിലോര്‍ക്കേണ്ടതുണ്ട്. നിയന്ത്രണം ഒരു പ്രവര്‍ത്തിയാണ്. ശരിയായ സ്വപ്നം കാണലില്‍ ഒരാള്‍ അയാള്‍ക്ക് തന്നെ പരിപൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുകയാണ്, ഒരാള്‍ക്ക് അയാളുടെ തന്നെ ബാധ കയറിയിരിക്കുകയാണ്.

ഭൗതികമായ എല്ലാ ഉത്തേജനങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ നിങ്ങള്‍ക്ക് സ്വയംഭോഗം ചെയ്യാനോ മദ്യപിക്കാനോ കറപ്പ് വലിക്കാനോ തോന്നിയെന്നിരിക്കും ... ഇവയെല്ലാം ഏതെങ്കിലും തരത്തില്‍ അന്വേഷണങ്ങളും പ്രയത്‌നങ്ങളുമാണ്. നല്ല സ്വപ്നദര്‍ശിയാവാന്‍ വേറെയൊന്നുമാവാതെ നല്ല സ്വപ്നദര്‍ശി മാത്രമായിരിക്കുകയാണുവേണ്ടത്. കറപ്പും മോര്‍ഫീനുമൊക്കെ അങ്ങാടിയില്‍നിന്ന് വാങ്ങുന്നവയാണ്. അവയിലൂടെ എങ്ങനെയാണ് സ്വപ്നംകാണാനാവുക ? സ്വയംഭോഗം ഒരു ശാരീരികക്രിയയാണ് . അതില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് ?

ഇനി, നിങ്ങള്‍ക്ക് സ്വയംഭോഗത്തെ സ്വപ്നംകാണാനാവുന്നുവെന്നിരിക്കട്ടെ- നല്ലതു തന്നെ. കറപ്പുവലിക്കുന്നതിനെപ്പറ്റിയോ മോര്‍ഫീന്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയോ സ്വപ്നം കാണാനും കറപ്പ് എന്ന ആശയത്തില്‍ നിന്ന് ലഹരി കിട്ടാനും നിങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ അത് പ്രശംസനീയമാണ്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ സ്വപ്നദര്‍ശിയുടെ ചെയ്തികളിലാണ്.

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കുള്ള സങ്കടത്തെക്കാള്‍ വലിയ സങ്കടത്തിലും നിലവിലുള്ള ദുരിതത്തെക്കാള്‍ കൂടിയ ദുരിതത്തിലുമാണ് നിങ്ങള്‍ കഴിയുന്നതെന്ന് എല്ലായ്‌പ്പോഴും വിചാരിക്കുക. അതില്‍ ഒരു ദോഷവുമില്ല. അതിന് സ്വപ്നങ്ങളുടെ ലോകത്തിലേക്കുള്ള കുറുക്കുകോവണിയാവാന്‍ കഴിയും.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

'ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും' 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം