അടുത്ത ഇരയ്ക്കായി കൊലയാളി, അയാള്‍ക്കു പിന്നാലെ കുറ്റാന്വേഷകന്, ഇത് ബ്രെയിന്‍ ഗെയിം!
പുസ്തകപ്പുഴയില് ഇന്ന് മായാ കിരണ്‍ എഴുതിയ 'ബ്രെയിന്‍ ഗെയിം' എന്ന കുറ്റാന്വേഷണ നോവലിന്റെ വായന. വിനീത് വിശ്വദേവ് എഴുതുന്നു

ഭീതിയും നിഗൂഢതകളും കുറ്റാന്വേഷണത്തിലെ ആകാംക്ഷകളും ഒരുപോലെ സംഗമിക്കുന്ന വേദിയായി മാറുന്നു ബ്രെയിന്‍ ഗെയിം എന്ന കുറ്റാന്വേഷണ നോവല്‍.
പേരില്ലാത്ത അജ്ഞാതനായ ഒരു കൊലയാളിയുടെ ക്രൈം ഗെയിം. അതിന് തടയിടാന്‍ ബ്രെയിന്‍ ഗെയിമുമായി എത്തുന്ന കുറ്റാന്വേഷകന്. ഇവരുടെ കഥയാണ് മായാ കിരണ്‍ എഴുതിയ 'ബ്രെയിന്‍ ഗെയിം' എന്ന കുറ്റാന്വേഷണ നോവല്‍.
ചിന്തകള്‍ക്ക് പിടികൊടുക്കാത്തത്രയും ബുദ്ധിപരമായി കൊലപാതകങ്ങള്‍ ചെയ്യുന്നയാളാണ് ഇതിലെ കൊടുംകുറ്റവാളി. അയാളുടെ ലക്ഷ്യമെന്താണ്? അയാള്‍ ഇനി ആരെയൊക്കെയാണ് കൊല്ലാന്‍ പോകുന്നത്? ഇങ്ങനെ പല ആശങ്കകളാണ് ഈ നോവല്‍ വായനയിലെ ഓരോ ഘട്ടത്തിലും അവശേഷിക്കുക.
ഓരോ കൊലപാതകവും ബുദ്ധിപരമായ മികവോടെ മുന്നോട്ട് കൊണ്ടുപോവുന്ന പേരില്ലാത്ത അജ്ഞാതനായ ആ കുറ്റവാളിക്ക് പിന്നാലെ ഹര്ഷവര്ദ്ധന് എന്ന അന്വേഷണ ഉദ്യോഗസ്ഥന് നടന്നെത്തുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. 'ദി ബ്രെയിന്‍ ഗെയിം' എന്ന നോവല്‍ ഒരു കുറ്റവാളിയുടെയും കുറ്റാന്വേഷകന്റെയും പരസ്പര മല്‍സരത്തിന്റെ എല്ലാ ആകാംക്ഷയും നിറച്ചുവച്ചു മികച്ച വായനാനുഭവം സമ്മാനിക്കുന്നു.
ഹര്ഷവര്ദ്ധന് എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ ഒരു കുറ്റാന്വേഷകന്റെ ആശങ്കകളും പ്രതീക്ഷകളും ഏകാന്തതയും നിശ്ചയദാര്‍ഢ്യവും ഒരു പോലെ ആവിഷ്കരിക്കുന്നുണ്ട്. കുറ്റകൃത്യനോവലുകള് എഴുതുന്ന ഗൗരവിന്റെ ദുരൂഹമരണം, അഡ്വക്കേറ്റ് അനന്തനുണ്ണിയുടെ ആത്മഹത്യയെന്ന് തോന്നിപ്പിച്ച മരണം, അതിനിടയിലേക്ക് കഴുകന് കണ്ണിന്റെ തുടിപ്പുകളുമായി എത്തിനോക്കുന്ന ഒരു ഫെയ്സ്ബുക്ക് പ്രൊഫൈല്‍. മരണങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ വിതച്ചവന്റെ മാനസിക നിലയെ ഭീതിദമാം വിധം വായനക്കാരനിലേക്ക് സംവേദിപ്പിക്കുന്നുണ്ട്.
കുറ്റാന്വേഷണകഥകളോട് താല്പര്യമുള്ള ഒരു നോവലിസ്റ്റാണ് കൊല്ലപ്പെടുന്ന ഗൗരവ്. ഗൗരവിന്റെ അപൂര്‍ണമായ ആ നോവല്‍ അവശേഷിപ്പിക്കുന്ന സംശയങ്ങളിലൂടെ ബ്രെയിന്‍ ഗെയിമിന്റെ ഉത്തരങ്ങള്‍ മുന്നോട്ടുപോവുന്നു. എന്തുകൊണ്ടാണ് ക്ലൈമാക്സ് പൂര്‍ത്തിയാക്കും മുമ്പ് ഗൗരവ് കൊല്ലപ്പെട്ടത്? പിന്നാലെ ഹര്ഷന്റെ അന്വേഷണത്തില്‍ ആകാംക്ഷ നിറച്ച് കടന്നുവരുന്ന ജിഗ്സോ പസില്‍ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്കാണ് വായനക്കാരനെ കൂട്ടി കൊണ്ടുപോകുന്നത്.
കഥയുടെ വഴിത്തിരിവിലേക്ക് നയിക്കുന്ന ആ ജിഗ്സോ പസില്‍ അപൂര്‍ണമായ ഒരു ഗെയിമാണ്. കൊല്ലപ്പെടാനിടയുള്ള അടുത്തയാളാര് എന്ന ആകാംക്ഷ അത് വായനക്കാരനില്‍ ഉണര്‍ത്തുന്നു. ചിലങ്കയുടെ ചാനല്‍ ഷോ 'ലെറ്റസ് ടോക് ദി ട്രൂത്ത' ഭരണകൂടത്തെ തന്നെ വിറപ്പിച്ച ഒരു ഷോയാണ്. അനൗണ്‍സ് ചെയ്ത ഒരു എപ്പിസോഡ് പാതിവഴിയില്‍ നിര്‍ത്തുമ്പോള്‍ സംപ്രേഷണം ചെയ്യപ്പെടാത്ത ആ എപ്പിസോഡിലാണ് തന്റെ ചോദ്യത്തിനുള്ള ഉത്തരം എന്ന് ഹര്ഷന് മനസ്സിലാക്കുന്നു.
ഭീതിയും നിഗൂഢതകളും കുറ്റാന്വേഷണത്തിലെ ആകാംക്ഷകളും ഒരുപോലെ സംഗമിക്കുന്ന വേദിയായി മാറുന്നു ബ്രെയിന്‍ ഗെയിം എന്ന കുറ്റാന്വേഷണ നോവല്‍.
''മനസ്സാണ് ആദ്യത്തെ വിധാതാവ്. അതില്‍ ആദ്യം തോന്നുന്ന തോന്നല്‍ അബോധമനസ്സിന്റെ മുന്നറിയിപ്പാണ്. അതിനെ പിന്തുടരണം'' ഒരു കുറ്റാന്വേഷകന്റെ മൂന്നാംകണ്ണിനെ കുറിച്ച് ഹര്ഷന് ഇങ്ങനെ ഓര്‍ക്കുന്നുണ്ട്. ഹര്ഷന്റെ അതേ ഏകാഗ്രതയിലേക്ക് വായനക്കാരനെയും ബ്രെയിന്‍ ഗെയിം എത്തിക്കുന്നു.