അഭയാര്‍ത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ഒരു നോവല്ത്തീവണ്ടി
പുസ്തകപ്പുഴയില് അനില്‍ ദേവസ്സി എഴുതിയ 'യാ ഇലാഹി ടൈംസ്' എന്ന നോവലിന്റെ വായന. വിനീത് വിശ്വദേവ് എഴുതുന്നു

ഒരു ദിക്കിലിരുന്നു പല രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ഒരുപാധിയാണ് നോവല്‍. ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന അതീതലോകങ്ങളിലേക്ക് ഈ പുസ്തകവും വായനക്കാരന് വിസ നല്‍കുന്നുണ്ട്.
ഒരു നല്ല നോവലിന്റെ വിജയമെന്നത്, പ്രധാന കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വേദനയും വിമ്മിഷ്ടവും വായനക്കാരനിലും അനുഭവഭേദ്യമാക്കുക എന്നതു തന്നെയാണ്. ആ അര്‍ത്ഥത്തില്‍, പ്രവാസി എഴുത്തുകാരനായ അനില്‍ ദേവസ്സി എഴുതിയ 'യാ ഇലാഹി ടൈംസ്' വിജയിച്ച ഒരു നോവല്‍ തന്നെയാണ്. കാനഡ, ഈജിപ്ത്, തുര്‍ക്കി എന്നീ നാടുകളിലൂടെ കടന്നുപോകുന്ന ഈ നോവല്‍ അഭയാര്‍ഥികളുടെ ജീവിതത്തിന്റെ നിശ്ശൂന്യതകളുടെ പകര്‍പ്പെഴുത്താണ്.
അല്‍ത്തേബ് എന്ന സിറിയന്‍ യുവാവിലൂടെയും അല്‍ത്തേബിന്റെ കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് കഥ മുന്നോട്ടു പോവുന്നത്. സിറിയയില്‍ ആഭ്യന്തരകലാപങ്ങളും ഭീകരാന്തരീക്ഷവും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അല്‍ത്തേബിന്റെ ബാബ അവനെ ദുബായിലേക്ക് അയക്കുന്നു. പിന്നീട് ബാബയ്ക്കും മാമയ്ക്കും അനുജന് അല്ത്തേസിനും സിറിയയില്‍ വന്നുചേര്‍ന്ന ഭീകരാവസ്ഥ മൂലം നാടുവിട്ട് പല രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടിവരുന്നു. അഭയാര്‍ത്ഥികളാകേണ്ടി വരുന്ന അല്‍ത്തേബിന്റെ കുടുംബാംഗങ്ങളുടെയും നിസ്സഹായവസ്ഥ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഫലിപ്പിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
അല്‍ത്തേബിന് കുടുംബാംഗങ്ങളുമായുള്ള ഏകബന്ധം അമല്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ്. അമല്‍ എന്ന പേരില്‍ ഒരു പൂച്ചയെയും അല്‍ത്തേബ് വളര്‍ത്തുന്നുണ്ട്. ആ പൂച്ചക്ക് പോലും കഥയുടെ അവസാനം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്. അല്‍ത്തേബിന്റെ സുഹൃത്തുക്കളായ ശ്രീലങ്കന്‍ സ്വദേശി അതുരതരംഗ, തരംഗയുടെ ഭാര്യ ഇന്ത്യക്കാരി നളിനകാന്തി, ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ഗരറ്റ് എന്നിവരുടെ ജീവിതവും നോവലില്‍ ഉള്ളുലയ്ക്കുന്ന അനുഭവമാവുന്നു. സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ്, ലെബനോന്, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥകളും കാമനകളും പുതിയ കാലം അവരില്‍ വിതയ്ക്കുന്ന സംഘര്‍ഷത്തിന്റെ വിത്തുകളും നോവലില്‍ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.
ഒരു ദിക്കിലിരുന്നു പല രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ഒരുപാധിയാണ് നോവല്‍. ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന അതീതലോകങ്ങളിലേക്ക് ഈ പുസ്തകവും വായനക്കാരന് വിസ നല്‍കുന്നുണ്ട്. പ്രവാസി എഴുത്തുകാരനായ അനില്‍ ദേവസ്സിയുടെ ഈ പുസ്തകം പ്രവാസി എന്ന നിലയില്‍ എന്റെ ജീവിതാനുഭവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുമുണ്ട്. കൃത്യമായ ഒരു പോയിന്റിലാണ് നോവല്‍ അവസാനിക്കുന്നതെങ്കിലും കഥാപാത്രങ്ങള്‍ക്ക് പിന്നെയെന്ത് സംഭവിച്ചു എന്ന ചോദ്യം നോവല്‍ ബാക്കിയാക്കുന്നുണ്ട്.
190 പേജിലൂടെ അഭയാര്‍ത്ഥികളുടെ അവസ്ഥാന്തരങ്ങളെ ചാരുതയോടെ ചിരതീകരിച്ചിരിക്കുന്നു, എഴുത്തുകാരന്. 2018 ലെ ഡി സി സാഹിത്യ പുരസ്കാരം ഈ നോവലിനായിരുന്നു.