ഉള്ളിനുള്ളിലെ ആരും കാണാത്ത, ആരും തുറക്കാത്ത ഖബറുകള്‍
പുസ്തകപ്പുഴയില് ഇന്ന് കെ ആര് മീര എഴുതിയ ഖബര്‍ എന്ന നോവലിന്റെ വായന. വിനീത് വിശ്വദേവ് എഴുതുന്നു

ജില്ലാ ജഡ്ജി ഭാവനക്ക് മുന്നില്‍ വരുന്ന അസാധാരണമായ കേസില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ഖബര്‍ കേസ് ഭാവനയില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് നോവല്‍ മുന്നോട്ട് പോകുന്നത്. കാക്കശ്ശേരി ഖയാലുദ്ദീന്‍ തങ്ങള്‍ എന്ന വാദി മനുഷ്യരെ ഭാവനയെ അത്യന്തം വിഭ്രാന്തിയിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുന്നു.
എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാവും ആരാലും പൊളിക്കാന്‍ അനുവാദം ഇല്ലാത്ത ഒരു ഖബര്‍. 'കെ ആര് മീര എഴുതിയ ഖബര്‍ എന്ന േനാവല് തുറന്നുവെക്കുന്നത് വായനക്കാരുടെ ഉള്ളിലെ കൂടി ഖബറുകളാണ്. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഓരോ അക്ഷരത്തിനും ജീവനുള്ള പോലെ അനുഭവപ്പെടുന്ന പുസ്തകം.
ഒരാളുടെ സാന്നിധ്യവും അസാന്നിധ്യവും ഒരു സ്ത്രീക്ക് നല്കുന്ന പൂര്‍ണ്ണതയുടെ അവസ്ഥകളെ പ്രണയത്തിന്റെ അതി മനോഹര ഭാഷയില്‍ പറയുന്നു, ഇഈ പുസ്തകം. പെണ്‍പക്ഷ നിലപാടുകളെ അതിമനോഹരമായി തുറന്നു കാട്ടുന്ന ഒരു കഥാപാത്രമാണ് ഭാവന സച്ചിദാനന്ദന്. ഓരോ സ്ത്രീയുടെയും ഉള്ളില്‍, അല്ലെങ്കില്‍ നമുക്കിടയില്‍ ജീവിക്കുന്ന ഒരു സ്ത്രീ തന്നെയാണ് ഭാവന എന്ന കേന്ദ്രകഥാപാത്രം. അവളുടെ പ്രണയവും വേദനയും ഒറ്റപ്പെടലും വിവാഹമോചനവും അതിജീവിക്കലും പിന്നെ ഉന്നതപദവിയില്‍ എത്തി ഒരു നക്ഷത്രം പോലെ ശോഭിച്ചു നില്ക്കുന്നതും നമ്മുടെ കണ്മുന്നില് തെളിഞ്ഞു വരുമ്പോള്‍ ഒരു കഥാപാത്രത്തോട് തോന്നുന്ന സ്നേഹമോ സഹതാപമോ അല്ല ഉണ്ടാവുന്നത് പകരം നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയോട് തോന്നുന്ന ബഹുമാനം ആണ്.
ജില്ലാ ജഡ്ജി ഭാവനക്ക് മുന്നില്‍ വരുന്ന അസാധാരണമായ കേസില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ഖബര്‍ കേസ് ഭാവനയില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് നോവല്‍ മുന്നോട്ട് പോകുന്നത്. കാക്കശ്ശേരി ഖയാലുദ്ദീന്‍ തങ്ങള്‍ എന്ന വാദി മനുഷ്യരെ ഭാവനയെ അത്യന്തം വിഭ്രാന്തിയിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുന്നു. ഭാവനയുടെ തറവാട്ടിലെ യോഗിശ്വരന്‍ അമ്മാവനും ഒരു കഥാപാത്രമായി വായനക്കൊപ്പം ചേരുന്നുണ്ട്. യോഗീശ്വരന് അമ്മാവന്റെ കഥയും ഖയാലുദ്ദീന്‍ തങ്ങളുടെ കഥയും പരസ്പരം ഇഴചേര്‍ന്ന് ബന്ധിക്കപ്പെടുന്നുണ്ട്.
ഭാവനയുടെ വ്യക്തിജീവിതവും ഭര്‍ത്താവായിരുന്ന പ്രമോദുമായുണ്ടായിരുന്ന പ്രണയവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അറ്റന്ഷന് ഡെഫിസ്റ്റ് ഡിസോര്‍ഡര്‍ ഉള്ള അദ്വൈത് എന്ന മകന്റെ ജീവിതവും ഇതിനിടയില്‍ പറഞ്ഞു പോകുന്നുണ്ട്. ആദ്യപുരുഷന് അര്‍ഹിക്കുന്ന ബഹുമാനം നല്കാതിരുന്നിട്ടും, അയാള്‍ക്ക് വേണ്ടി തന്റെ സ്വപ്നങ്ങള്‍ക്ക് ചുറ്റുമൊരു ലക്ഷ്മണരേഖ വരച്ച് നല്ല ഭാര്യയായിരിക്കാന്‍ സര്‍വ്വത്ര ശ്രമിച്ച ഭാവനയില്‍ എനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ട പല സ്ത്രീകളെയും ഞാന്‍ കണ്ടു.
നാട്ടുകാരെന്ത് വിചാരിക്കുമെന്നോര്‍ക്കാതെ, ഒരുമിച്ച് കഴിയാന്‍ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടത് കൊണ്ട് ഭര്‍ത്താവില്‍ നിന്നും അകന്ന് ജീവിക്കുന്ന പുസ്തകസ്നേഹിയായ അമ്മ. ദാമ്പത്യത്തിലെ കല്ലുകടികള്‍ വിവാഹമോചനഹര്ജിയുടെ വക്കോളമെത്തവേ 'പെണ്ണായാല്‍ ഭൂമിയോളം ക്ഷമിക്കണ'മെന്ന ക്ളീഷേ ഡയലോഗ് പറയാതെ 'കൂട്ടിനുള്ളിലാണെങ്കില്‍ ചിറക് വിടര്‍ത്താന്‍ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാന്‍ അഴിയുണ്ട്. ആകാശത്താണെങ്കില്‍ ചിറക് വിടര്‍ത്താന്‍ ഇടമുണ്ട്. പക്ഷെ പിടിച്ചിരിക്കാന്‍ അഴിയില്ല' എന്ന് ടാഗോര്‍ എഴുതിയത് ഓര്‍മ്മിപ്പിച്ച ശേഷം മകളുടെ ജീവിതം അവളുടെ തീരുമാനത്തിന് വിടുന്ന ഭാവനയുടെ അമ്മ, സ്വന്തം മകള്‍ക്കു ജീവിതത്തില്‍ നല്കുന്ന ഏറ്റവും വലിയ ഉപദേശമായും സമൂഹത്തിലെ ഓരോ മാതാപിതാക്കള്‍ക്കും തന്റെ മക്കള്‍ക്ക് നല്കാവുന്ന ബൃഹത്തായ സാരോപദേശമായും വരച്ചു കാട്ടുന്നു.
'ഒരാളുടെ സേവനങ്ങള്‍ക്കു മറ്റൊരാള്‍ നല്കുന്ന പ്രതിഫലമല്ല, സ്നേഹം. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്. എത്ര ഭംഗിയായാണ് എഴുത്തുകാരി പ്രണയത്തെ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് വേണ്ടത് ആദരവാണ്, കിട്ടിയിട്ടില്ലാത്തതും അതാണ്.' ഇത്തരത്തില്‍ പ്രണയത്തിന്റെ, അംഗീകാരത്തിന്റെ, ആദരവിന്റെ ചിത്രം വരച്ചിടുന്നുണ്ട് ഖയാലുദ്ദീന്‍ തങ്ങളിലൂടെ മീരയെന്ന എഴുത്തുകാരി. രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടതിവിധിയുണ്ടായ ദിവസം തന്നെ കഥയിലെ ദുരന്തദിവസമായി അടയാളപ്പെടുത്തുക വഴി ആ സാമൂഹിക വിഷയത്തിലേക്കും എഴുത്തുകാരി കഥയിലൂടെ ഇറങ്ങിച്ചെന്നിട്ടുണ്ട്.
ഭാവനയെന്ന സ്ത്രീയുടെയുള്ളില്‍ പരിപൂര്‍ണ്ണത പ്രദാനം ചെയ്യും വിധം, സവിശേഷമായ ഒട്ടേറെ അനുഭവങ്ങള്‍ പ്രദാനം ചെയത് കൊണ്ടാണ് ഖബര്‍ കേസ് ഹര്‍ജിക്കാരന്റെ അഭാവത്തില്‍ അവസാനിക്കുന്നത്. 'ജീവിതത്തില്‍ ആദ്യമായി മറ്റൊരാളിന്റെ അസാന്നിധ്യത്തില്‍ ഞാന്‍ പരിപൂര്‍ണ്ണത അനുഭവിച്ചു.' എന്ന് ഭാവന പറയുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
ഒറ്റയിരുപ്പില്‍ ആസ്വദിച്ചു വായിക്കാവുന്ന, 100 താളുകളില്‍ രേഖപ്പെടുത്തിയ ചെറിയ നോവല്‍; പക്ഷെ കുറെ നാളുകളോളം മനസ്സില്‍ സൂക്ഷിക്കാനുള്ള പല കഥകളും ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്.