Asianet News MalayalamAsianet News Malayalam

ആഴങ്ങളില്‍ ചോരയുടെ കലക്കങ്ങള്‍, ഇത് മരണത്തിന്റെ ചൂടുംചൂരുമുള്ള കായല്‍!

പുസ്തകപ്പുഴയില്‍ ഇന്ന് റിഹാന്‍ റാഷിദ് എഴുതിയ 'കായല്‍ മരണം' എന്ന നോവലിന്റെ വായന. വിനീത് വിശ്വദേവ് എഴുതുന്നു

reading the novel kayal maranangal by Rihan Rashid
Author
First Published Nov 23, 2022, 7:38 PM IST

ഒരു കായല്‍ തുരുത്തും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില നിഗൂഢതകളും ഒന്നിന് പിറകെ ഒന്നായി രഹസ്യങ്ങള്‍ നമ്മളെ വന്നു ചുറ്റിച്ചുകൊണ്ടിരിക്കും. ചില ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചകളും വരച്ചു കാണിക്കുന്നുമുണ്ട്. കഥാപാത്രങ്ങളാണ് തങ്ങളുടെ ഭാഷയില്‍ കഥ പറഞ്ഞു നീങ്ങുന്നത്. വായനക്കാരനുമായി സംവദിക്കുന്നത്. കാര്‍മ്മലിയില്‍ തുടങ്ങി സാറായില്‍ അവസാനിക്കുന്നു നോവല്‍.

 

reading the novel kayal maranangal by Rihan Rashid

 

അല്ലേലും തുരുത്തിലൊരു സത്യമുണ്ട്, അതിനിയെത്ര മഴ പെയ്താലും ഇളകത്തില്ല.. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ശ്രമിച്ചു നോക്കൂ...

ക്രൈം ഫിക്ഷന്‍ വായനനാനുഭവം ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സഞ്ചരിക്കേണ്ട ദൃശ്യയാത്രയാണ് റിഹാന്‍ റാഷിദ് എഴുതിയ 'കായല്‍ മരണം'. ചുവന്ന കണ്ണുകളിലൂടെ മരണത്തെ കാര്‍ന്നു നോക്കുന്ന സുഷിരമുഖം ആണ് പുസ്തകത്തിന്റെ പുറംചട്ടയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. കായലിന്റെ ആഴങ്ങള്‍ പോലെ വ്യത്യസ്തമായ ശൈലിയിലും രീതിയിലുമാണ് കഥയെ എഴുത്തുകാരന്‍ സമീപിച്ചിരിക്കുന്നത്. തുരുത്തിലേക്കും, ദേശങ്ങളിലേക്കും വായനക്കാരനെ കഥാപാത്രങ്ങളിലൂടെ സംസാരിപ്പിച്ചു കൊണ്ട് നല്ലൊരു വായനാനുഭവമാണ് എഴുത്തുകാരന്‍ ഒരുക്കിയിരിക്കുന്നത്.

ഇതൊരു കുറ്റാന്വേഷണ നോവല്‍ എന്നതിനേക്കാള്‍ അച്ഛന്‍ -മകള്‍ ബന്ധത്തിന്റെയും വിശ്വാസത്തിന്റെയും സ്‌നേഹ യാത്രയാണ്. 

രണ്ടു കൊലപാതകങ്ങളില്‍ തുടങ്ങുന്ന ഈ നോവലില്‍ പ്രധാന കഥാപാത്രമായ കാര്‍മ്മലി തന്റെ പിതാവിന്റെ തിരോധാനത്തെ കുറിച്ചന്വേഷിച്ചു കൊണ്ട് നടത്തുന്ന ദുരൂഹതയേറെയുള്ള ഒരു യാത്രയാണ് കായല്‍ മരണത്തിന്റെ മുഖ്യ പ്രമേയം. കൊച്ചിയുടെ വിരിമാറില്‍ മട്ടാഞ്ചേരിയിലൂടെ ഐതിഹ്യങ്ങളും സാങ്കല്‍പ്പിക കഥകളും മെനഞ്ഞ് തോമാതുരുത്തെന്ന ഭൂമികയുടെ നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുകയാണ് റിഹാന്‍ എന്ന എഴുത്തുകാരന്‍.

റാണിയും നെല്‍സനും കൊല്ലപ്പെടുമ്പോള്‍ ചാന്ദിനി പറയുന്ന കഥകളിലൂടെ വായനക്കാരനും സഞ്ചരിക്കുന്നു. ചാന്ദിനിയുടെ കുടുംബപാശ്ചാത്തലം, കായലില്‍ നിന്നും കക്ക വാരല്‍ ആണെങ്കിലും, പിന്നീട് ഗോവയില്‍ പഠിക്കാന്‍ പോകാനുണ്ടായ സാഹചര്യം, തോമാശ്ലീഹായുടെ 13 ശിഷ്യരും, ഏഴരപ്പള്ളിയും, തോമന്‍ തുരുത്തും, നിഗൂഢത നിറഞ്ഞ കുരിശുപള്ളി, തോമ്പിയാശാനും, പുണ്യാളനും പുണ്യാളന്റെ യാത്രകളും പ്രവര്‍ത്തനങ്ങളും, ജോസച്ചനും, പിന്നെ സാറ പറഞ്ഞ കഥയും അനുവാചകനെ മറ്റൊരു തുരുത്തിലേക്ക് കൊണ്ടുപോകും. ദൃശ്യവല്‍കൃതമായ എഴുത്തിലൂടെ വായനക്കാരനെ ഓരോ ദേശങ്ങളിലേക്കും സഞ്ചരിപ്പിക്കുകയാണ്.

കായലിന്റെ ആഴങ്ങളെക്കാള്‍ മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തി എക്കാലവും തുടരുന്നു എന്ന് നമുക്ക് ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും. കാര്‍മ്മലിയ്ക്ക് എപ്പോഴും ധൈര്യം പകര്‍ന്നു നല്‍കി, പാതി തളര്‍ന്നപ്പോഴും സ്വയാര്‍ജ്ജിതയായി വളര്‍ത്താന്‍ ശ്രമിച്ച ആ പിതാവിന് ഒരിക്കലും തെറ്റിയില്ല. ആ മകള്‍ അതിന പ്രാപ്തയായി. അപ്പനെ തേടിയിറങ്ങാന്‍ കാര്‍മ്മലിയുടെ ചില സമയത്തെ നിസ്സഹാവസ്ഥകള്‍, അത് വായനക്കാരനെ വന്നു തൊട്ടു പോകുന്നുണ്ട്, അതുപോലെ ഭയപ്പെടുത്തുന്നുമുണ്ട്. പാതി തളര്‍ന്ന ശരീരത്തേക്കാള്‍ പാതി തളര്‍ന്ന മനസ്സിവിടെ കാണാം. അപ്പന്റെ കൂടെയുള്ളവരുടെ നിസ്സഹായവസ്ഥകളും അവര്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളും അവളെ ദുര്‍ബലപ്പെടുത്തുകയും, ഭയചകിതയാക്കുകയും ചെയ്യുന്നുണ്ട്.

ഒരു കായല്‍ തുരുത്തും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില നിഗൂഢതകളും ഒന്നിന് പിറകെ ഒന്നായി രഹസ്യങ്ങള്‍ നമ്മളെ വന്നു ചുറ്റിച്ചുകൊണ്ടിരിക്കും. ചില ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചകളും വരച്ചു കാണിക്കുന്നുമുണ്ട്. കഥാപാത്രങ്ങളാണ് തങ്ങളുടെ ഭാഷയില്‍ കഥ പറഞ്ഞു നീങ്ങുന്നത്. വായനക്കാരനുമായി സംവദിക്കുന്നത്. കാര്‍മ്മലിയില്‍ തുടങ്ങി സാറായില്‍ അവസാനിക്കുന്നു നോവല്‍.

കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേയ്ക്ക് കഥ എത്രവേഗമാണ് സഞ്ചരിക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വങ്ങള്‍ നിമിഷനേരം കൊണ്ട് മാറിമറയുന്നതും കാണാം. കായലിനാല്‍ ഒറ്റപ്പെട്ട തുരുത്തും കാര്‍മ്മലിയുടെ വീടും പടുതാകുളവുമെല്ലാം വര്‍ണ്ണനകള്‍ കൊണ്ട് വായനക്കാരില്‍ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. കായല്‍ ചിലപ്പോഴൊക്കെ വന്യതയോടെ വായനക്കാരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആകാംക്ഷയുടെ മറ്റൊരു തോണിയിലേക്ക് നമ്മളും കയറും.

വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ, ഭാവനകളോ, ഐതിഹ്യങ്ങളോ എന്തായാലും കാനന്‍ തുരുത്തും മുത്തപ്പനും തോമപള്ളിയും അതിനുള്ളിലെ നിധിയും തൊടാന്‍ ആര്‍ക്കും കഴിയില്ല. അതൊരു ദേശത്തിന്റെ മനസ്സര്‍പ്പിച്ച വിശ്വാസമാണ്.!

നിഗൂഢതയും, ആകാംക്ഷയും ആവോളം വായനക്കാരന്റെ മനസുകളില്‍ ഒരു കായലിലേക്ക് തള്ളിയിടുംപോലെ കുറെ ചോദ്യമുനകള്‍ ഉന്നയിക്കുന്നുണ്ട് എഴുത്തുകാരന്‍.

ചാന്ദിനി ആരായിരുന്നു?

ചാന്ദിനി പറഞ്ഞതെല്ലാം സത്യമായിരുന്നോ?

ഡോക്ടര്‍ കുഞ്ഞിഔസേപ്പിന് പിന്നീട് എന്തു സംഭവിച്ചു?

റാണിയും നെല്‍സനും എങ്ങനെയാണ് മരണപ്പെട്ടത്?

കാര്‍മലിയുടെ ദൗത്യം വിജയിച്ചോ?

ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം പുസ്തകത്തില്‍ റിഹാന്‍ പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios