കൊച്ചി: നോട്ട് നിരോധനം മൂലം വന്ന പ്രതിസന്ധി മറികടക്കാന്‍ പേടിഎമ്മിനെ ആശ്രയിച്ച് വഴിയോരകച്ചവടക്കാരും. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ കാഷ് ലെസ് ആകാനുള്ള തയ്യാറെടുപ്പിലാണ്.

നോട്ട് നിരോധനം ആകെ വലച്ചത് ചെറുകിട കച്ചവടക്കാരെയും, വഴിയോര വാണിഭക്കാരെയുമാണ്. ആളുകളുടെ കയ്യില്‍ പണമില്ലാതായതോടെ കച്ചവടം തകിടം മറിഞ്ഞു. വാങ്ങുന്ന സാധനത്തിന് പണം കൈപ്പറ്റുകയല്ലാതെ മറ്റ് സംവിധാനങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്നവര്‍ മറിച്ച് ചിന്തിച്ച് തുടങ്ങി. പേടിഎമ്മുണ്ടോ എന്ന വിനോദസഞ്ചാരികളുടെ ചോദ്യത്തിന് ചെവിയോര്‍ത്ത് തുടങ്ങി. ഇതോടെ മറൈന്‍ ഡ്രൈവിലേയും, ഫോര്‍ട്ട് കൊച്ചിയിലേയും വഴിയോരകച്ചവടക്കാരടക്കം പേടിഎം പ്രയോജനപ്പെടുത്തി തുടങ്ങി

വിദേശികള്‍ കൂടുതലായും എത്തുന്ന ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ പേടിഎം സംവിധാനം കച്ചവടക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാരികള്‍ പേടിഎമ്മും, മറ്റ് ക്രഡിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ്‌.