ദില്ലി: കുറഞ്ഞ നിരക്കുകളും സൗകര്യപ്രദമായ യാത്രയുമാണ് ഓണ്‍ലൈന്‍ ടാക്സികളെ ജനപ്രിയമാക്കിയത്. ഇതേത്തുടര്‍ന്ന് ഓട്ടോ, ടാക്‌സി തൊഴിലാളികളും ഊബര്‍ പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുമാരുമായി വാക്കേറ്റവും സംഘര്‍ഷവും പതിവാണ്. ഏതായാലും, കുറഞ്ഞ നിരക്കില്‍ ഓടുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂക്കുകയറിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ച് സാധാരണ സമയങ്ങളില്‍ മൂന്നിരട്ടിയും രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയുള്ള സമയങ്ങളില്‍ നാലിരട്ടിയും വര്‍ദ്ധനയുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കിലാണ്(മിനിമം ഫെയര്‍) വര്‍ദ്ധന. പുതുക്കിയ നിരക്കിന് ഓരോ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പിന്റെ അനുമതി കൂടി ലഭ്യമായാല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വഴി പണം നല്‍കുന്ന ടാക്സി സര്‍വ്വീസുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള എക്കണോമി ടാക്‌സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കാണ് നിരക്ക് വര്‍ദ്ധന. കൂടാതെ ഓണ്‍ലൈന്‍ ടാക്‌സികളിലെ മൊബൈല്‍ ആപ്പ് അധിഷ്‌ഠിത മീറ്ററിംഗ് സംവിധാനം പരിശോധിച്ച് അനുമതി നല്‍കാന്‍ ഐടി മന്ത്രിലായം നിയോഗിക്കുന്ന ഏജന്‍സിക്ക് അധികാരം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.