പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. അമിതമായ മാംസാഹാരം-പ്രത്യേകിച്ച് ചുവന്ന മാംസം  കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാവുന്നു. പത്ത് ശതമാനത്തില്‍ താഴെ ആളുകളില്‍ ചില പാരമ്പര്യ ഘടകങ്ങള്‍ ബി.ആര്‍.സി.എ. ജീന്‍ കാണുന്നു. 


പ്രധാന ലക്ഷണങ്ങള്‍  

പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാവും.

നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 


രോഗ നിര്‍ണയം

പി.എസ്.എ. പരിശോധന: പി.എസ്.എ.  എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍നിന്നും ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. രക്തത്തില്‍ ഇതിന്റെ അളവ് സാധാരണ 4 നാനോഗ്രാം/മില്ലിലിറ്റര്‍ ആയിരിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍ പി.എസ്.എ. കൂടുതലായി കാണുന്നു.

അള്‍ട്രാസൗണ്ട് സ്‌കാനിങ് മുഖേന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാന്‍ കഴിയും

മരവിപ്പിച്ചതിന് ശേഷം പ്രത്യേകതരം സൂചി ഉപയോഗിച്ച്, മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി  രോഗം സ്ഥിരീകരിക്കുന്നു,

ബയോപ്‌സി റിപ്പോര്‍ട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ, അല്ലാത്തവ എന്ന് തരം തിരിക്കാം