മുംബൈ: ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച് യു എൽ) ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡ് (ജിഎസ്കെസിഎച്ച്) ലയനം പൂർത്തിയായി. 31,700 കോടി രൂപയുടെ മെഗാ ഡീൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് നടപടികൾ പൂർത്തിയാക്കുന്നത്. എച്ച്‌യു‌എല്ലിന്റെ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ ജി‌എസ്‌കെയിൽ നിന്ന് ഹോർലിക്സ് ബ്രാൻഡ് സ്വന്തമാക്കാൻ കമ്പനി 3,045 കോടി രൂപയും അധികമായി നൽകിയിട്ടുണ്ട്. 

ജിഎസ്കെസിഎച്ച്- ന്റെ ബ്രാൻഡുകളായ ഹോർലിക്സ്, ബൂസ്റ്റ്, മാൾട്ടോവ എന്നിവ ഇനി മുതൽ പോഷകാഹാര വിഭാഗം ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന എച്ച് യു എല്ലിന്റെ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് ബിസിനസിന്റെ ഭാഗമാകും. ലയനത്തിന്റെ ഭാഗമായി ജിഎസ്കെസിഎച്ചിന്റെ 3,500 ജീവനക്കാർ ഇപ്പോൾ ആംഗ്ലോ -ഡച്ച് ഭീമനായ യൂണിലിവറിന്റെ ഇന്ത്യൻ വിഭാഗത്തിന് കീഴിലായി. ഈ ഇടപാട് അനുസരിച്ച്, ജി‌എസ്‌കെയുടെ ബ്രാൻഡുകളായ എനോ, ക്രോസിൻ, സെൻസോഡൈൻ തുടങ്ങിയവ രാജ്യത്ത് എച്ച്‌യു‌എൽ വിതരണം ചെയ്യും.

ഇന്റഗ്രേഷൻ ആൻഡ് ചേഞ്ച് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കൃഷ്ണൻ സുന്ദരം ബിസിനസ് നയിക്കുമെന്ന് എച്ച്‌യു‌എൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുധീർ സീതാപതി പറഞ്ഞു.