Asianet News MalayalamAsianet News Malayalam

92,000 കോടി കുടിശ്ശിക ഇന്ന് അര്‍ധരാത്രിക്കകം തീര്‍ക്കണം; ടെലികോം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

കുടിശ്ശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയതിനെതിരെ ഇന്ന് രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്.

telecom companies ordered to clear dues before today midnight
Author
Delhi, First Published Feb 14, 2020, 6:52 PM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള 92,000 കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്രടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അതിരൂക്ഷ വിമര്‍ശനമുണ്ടായതിനെ പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാവിലെ വിഷയം പരിഗണിച്ച സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു. 

എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി. കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ ഉദ്യോഗസ്ഥനും കോടതി ഇന്ന് നോട്ടീസ് അയച്ചിട്ടുണ്ട്. 

ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ... കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരു നയാപൈസ പോലും കുടിശ്ശിക ഇനത്തില്‍ ഇതുവരെ നല്‍കിയിട്ടില്ല. മണിപവറിന്‍റെ കരുത്താണ് ഇതൊക്കെ. ഇങ്ങനെയൊരു സംവിധാനത്തിലും രാജ്യത്തിലും പ്രവര്‍ത്തിക്കരുത് എന്നെനിക്ക് തോന്നുന്നു. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ മനസാക്ഷിയെ തളര്‍ത്തുന്നതാണ്. ടെലികോം വകുപ്പിലെ ഒരു ഡെസ്ക് ഓഫീസര്‍ സുപ്രീംകോടതി ജഡ്ജിയെ പോലെ ഉത്തരവുകള്‍ ഇറക്കുന്നു. ആരാണീ ഓഫീസര്‍. എവിടെ അയാള്‍. അയാളെ ഉടനെ വിളിച്ചു വരുത്തൂ. ഈ രാജ്യത്ത് എന്തെങ്കിലും ഒരു നിയമം ബാക്കിയുണ്ടോ...? - ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ് അബ്ദുള്‍ നസീര്‍, എംഎആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 

 എജിആര്‍ കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈല്‍ സേവനദാതാക്കള്‍ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍ - 23000 കോടി, വോഡാഫോണ്‍ - 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ - 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക. 

 
 

Follow Us:
Download App:
  • android
  • ios