കാന്‍ബെറ: വനിത ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ജയം. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെ 86 റണ്‍സിനാണ ആതിഥേര്‍ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ 103 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നേരത്തെ അലിസ ഹീലി (53 പന്തില്‍ 83), ബേത് മൂണി (58 പന്തില്‍ പുറത്താവാതെ 81) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

വിജയത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായയി. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. 36 റണ്‍സ് നേടിയ ഹര്‍ഗാന ഹഖാണ് ബംഗ്ലാദേശിന്റെ േടോപ് സ്‌കോറര്‍. നിഗര്‍ സുലര്‍ത്താന (19), ഷമിമ സുല്‍ത്താന (13), റുമാന അഹമ്മദ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാങ്ങള്‍. ഷട്ടിന് പുറമെ ജെസ്സ് ജോണസെന്‍ രണ്ടും അന്നബെല്‍ സതര്‍ലന്‍ഡ്, നിക്കോലാ ക്യാരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ഒന്നാം വിക്കറ്റില്‍ 151 റണ്‍സാണ് ഹീലി- മൂണി സഖ്യം കൂട്ടിച്ചേര്‍ത്തത്. ഹീലി 10 ഫോറും മൂന്ന് സിക്‌സും നേടി. മൂണിയുടെ അക്കൗണ്ടില്‍ ഒമ്പത് ഫോറുണ്ടായിരുന്നു. ഹീലിക്ക് ശേഷം ക്രീസിലെത്തിയ അഷ്‌ലി ഗാര്‍ഡ്‌നര്‍ ഒമ്പത് പന്തില്‍ 22 റണ്‍സെടുത്തു. ജയത്തോടെ ഓസീസ് സെമി സാധ്യതകള്‍ സജീവമാക്കി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയത്തോടെ നാല് പോയിന്റാണ് ഓസീസിന്. ഇന്ത്യക്ക് പിന്നില്‍ രണ്ടാമതാണ് ഓസീസ്.