മുംബൈ: 2019ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനാതിരായ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്ര എറിഞ്ഞ ഒരു നോ ബോളായിരുന്നു. പാക് ഓപ്പണര്‍ ഫഖര്‍ സമന്‍ ആ പന്തില്‍ പുറത്തായെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. പിന്നീട് സെഞ്ചുറിയുമായി പാക് സ്കോറില്‍ നിര്‍ണായക സംഭാവന നല്‍കിയാണ് സമന്‍ ക്രീസ് വിട്ടത്. 

അന്ന് ബുമ്ര എറിഞ്ഞ നോ ബോളിന്റെ ചിത്രംവെച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ ഇസ്ലാമാബാദ് യുനൈറ്റഡ് ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആരും പുറത്തിറങ്ങരുതെന്ന് ആരാധകരെ ഉപദേശിച്ചപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്. എപ്പോഴും ശാരീരിക അകലം പാലിക്കുക. അപ്പോഴും ഹൃദയങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുക എന്നതായിരുന്നു ഇസ്ലാമാബാദ് യുനൈറ്റഡ് ബുമ്രയുടെ നോ ബോള്‍ ചിത്രം വെച്ച് ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ഇതിന് ഇന്ത്യന്‍ ആരാധകര്‍ നല്‍കിയ മറുപടിയാകട്ടെ 2010ലെ തല്‍സമയ ഒത്തുകളിയില്‍ പങ്കാളിയായി മന: പൂര്‍വം നോ ബോളെറിയുകയും പിന്നീട് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടുകയും ചെയ്ത പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു.വീട്ടിനുള്ളില്‍ തന്നെ സുരക്ഷിതനായിരിക്കു, ഇല്ലെങ്കില്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകന്റെ മറുപടി.

തല്‍സമയ ഒത്തുകളിയില്‍ പങ്കാളായായതിന് സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ് എന്നിവരെയും ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. വാതുവെപ്പുകാര്‍ക്ക് വേണ്ടി ആസിഫും ആമിറും മന: പൂര്‍വം നോ ബോളുകളെറിയുകയായിരുന്നു.