Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി തന്നെ; പരമ്പര ഇംഗ്ലണ്ടിന്

പരമ്പരയില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ പോലും സെഞ്ചുറി നേടിയില്ല. പരമ്പരയിലാകെ 23 പുറത്താകലുകളില്‍ പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയാവുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

England Beat South Africa To Win Test Series 3-1
Author
Johannesburg, First Published Jan 27, 2020, 10:09 PM IST

ജൊഹാനസ്ബര്‍ഗ്: നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് കീഴടക്കി നാലു മത്സര പരമ്പര ഇംഗ്ലണ്ട് 3-1ന് സ്വന്തമാക്കി. 466 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 274 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത മാര്‍ക് വുഡാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. സ്കോര്‍ ഇംഗ്ലണ്ട് 400, 248, ദക്ഷിണാഫ്രിക്ക 183, 274. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മാര്‍ക് വുഡ് കളിയിലെ താരമായപ്പോള്‍ ബെന്‍ സ്റ്റോക്സ് പരമ്പരയുടെ താരമായി.

ആദ്യ ഇന്നിംഗ്സില്‍ നിന്നും വ്യത്യസ്തമായി മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. 98 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്വിന്റണ്‍ ഡീകോക്ക്(39), ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(35), ടെംബാ ബാവുമ(27), ഡീല്‍ എല്‍ഗാര്‍(24), പീറ്റര്‍ മലന്‍(24) എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലെത്താനായില്ല.

പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റശേഷമാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ ഈ ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പരമ്പരയില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ പോലും സെഞ്ചുറി നേടിയില്ല.

പരമ്പരയിലാകെ 23 പുറത്താകലുകളില്‍ പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയാവുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 25 പുറത്താക്കലുകളില്‍ പങ്കാളിയായിട്ടുള്ള ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios