ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് ഫാഫ് ഡുപ്ലസിസ് പടിയിറങ്ങി. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് നായകന്‍റെ തൊപ്പിയഴിക്കുന്നതായി ഫാഫ് തന്നെയാണ് അറിയിച്ചത്. എന്നാല്‍ ഡുപ്ലസി ദക്ഷിണാഫ്രിക്കയ്‌ക്കായി തുടര്‍ന്നും കളിക്കും. 

ഭാവി മുന്നില്‍കണ്ട് യുവ താരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കുകയാണ് എന്ന് ഡുപ്ലസിസ് വ്യക്തമാക്കി. സങ്കീര്‍ണമായ തീരുമാനമാണ് ഇതെന്നും എന്നാല്‍ ക്വിന്‍റണ്‍ ഡികോക്കിന് എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കുന്ന കാര്യം സംശയമാണെന്ന് മുപ്പത്തിയഞ്ചുകാരനായ ഡുപ്ലസി നേരത്തെ വ്യക്തമാക്കിയിരുന്നു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡികോക്ക് പുതിയ നായകനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പരകളില്‍ ഡുപ്ലസിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഡികോക്കാണ് പ്രോട്ടീസിനെ നയിച്ചത്.

ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പില്‍ പരാജയപ്പെട്ട ശേഷം വലിയ സമ്മര്‍ദവും വിമര്‍ശനവും ഡുപ്ലസിക്ക് മേലുണ്ടായിരുന്നു. തുടര്‍ന്നുള്ള പരമ്പരകളിലെ തോല്‍വി സമ്മര്‍ദം കൂട്ടി. ബാറ്റിംഗിലും ഡുപ്ലസി നിരാശപ്പെടുത്തി. കഴിഞ്ഞ 14 ഇന്നിംഗ്‌സില്‍ 20.92 ശരാശരി മാത്രമാണ് താരത്തിനുള്ളത്.