ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകാണണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തിയ്യതിയിലും ഐപിഎല്‍ നടക്കില്ലെന്ന് ഉറപ്പാണ്. നിലവില്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

എന്നാന്‍ ഐപിഎല്‍ നടത്തേണ്ട സമയത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ടി20 ലോകകപ്പിന് മുന്‍പുള്ള അഞ്ചാഴ്ചകളിലായി ഐപിഎല്‍ നടത്താനുള്ള നിര്‍ദ്ദേശമാണ് വോണ്‍ മുന്നോട്ട് വെക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തണം. അഞ്ചാഴ്ചകളില്‍ ഒതുങ്ങുന്നത് ആയിരിക്കണം ഐപിഎല്‍. ടി20 ലോകകപ്പിന് തയ്യാറെടുക്കാന്‍ ഈ ഐപിഎല്‍ താരങ്ങള്‍ക്ക് വലിയൊരു വേദിയാകുമെന്നും ഐപിഎല്ലും. ടി20 ലോകകപ്പും നടക്കേണ്ടതുണ്ട്.''

ട്വിറ്ററിലൂടെയായിരുന്നു വോണ്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഐപിഎല്‍ ഉപേക്ഷിക്കുന്നതിന് പകരം ഇങ്ങനെയൊരു സമയത്തേക്ക് മാറ്റി വെക്കുന്നത് നന്നായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ അഭിപ്രായം.