ചെന്നൈ: ഇന്ത്യ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ മാര്‍ച്ച് ഒന്നിന് ധോണി ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ചേരുമെന്ന് വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. 29 ആരംഭിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി ധോണി ടീമിനൊപ്പം പരിശീലനം നടത്തും. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ധോണിയെ ലോകകപ്പ് കളിപ്പിക്കണമോ എന്നുള്ള കാര്യത്തില്‍ തീരുമാനമാവുക.

ഇതിനിടെ രസകരമായ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ ഐപിഎല്‍ ചെയര്‍മാനായ രാജീവ് ശുക്ല. ധോണി വിരമിക്കാനായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശുക്ല തുടര്‍ന്നു... ''ധോണി ഇനിയും ക്രിക്കറ്റില്‍ തുടരണം. അദ്ദേഹം വിരമിക്കാന്‍ സമയമായിട്ടില്ല. അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. മഹാനായ താരമാണ്. എപ്പോള്‍ വിരമിക്കണമെന്ന തീരുമാനം എടുക്കേണ്ടത് ധോണിയാണ്. താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തേണ്ടത്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

ജനുവരിയില്‍ ബിസിസിഐയുടെ പുതിയ കരാറില്‍ നിന്ന് ധോണിയെ പുറത്താക്കിയിരുന്നു. ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തുപോയതിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. 

ധോണിയുടെ വിരമിക്കലിനെ കുറിച്ച് നായകന്‍ വിരാട് കോലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം ഇരുവരും നല്‍കിയില്ല. എന്നാല്‍ അതികം വൈകാതെ ധോണി ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന തരത്തില്‍ ശാസ്ത്രി സൂചന നല്‍കിയിരുന്നു.