Asianet News MalayalamAsianet News Malayalam

ആ ഒരു സിക്സ് ആയിരുന്നില്ല എല്ലാം; ലോകകപ്പ് നേട്ടത്തിന് ഒമ്പതാം വാര്‍ഷികത്തിലും ഗംഭീറിന്റെ കലിപ്പ് തീരുന്നില്ല

ഇതാദ്യമായിട്ടല്ല ഗംഭീര്‍ ലോകകപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുന്നത്. ഒരിക്കല്‍ ധോണിയുടെ ഇടപെടലാണ് എനിക്ക് അര്‍ഹമായ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഗംഭീര്‍ തുടന്നടിച്ചിരുന്നു. 

Gautam Gambhir says world cup was won by the entire india team
Author
New Delhi, First Published Apr 2, 2020, 11:54 AM IST

ദില്ലി: ഏകദിനക്രിക്കറ്റില്‍ ഇന്ത്യ അവസാനം ലോകചാംപ്യന്മാരായിട്ട് ഇന്ന് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. 2011ല്‍ മുംബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ലോകകിരീടം നേടിയത്. വിജലക്ഷ്യമായ 275 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ നായകന്‍ എം എസ് ധോണിയും ഗൗതം ഗംഭീറുമാണ് വിജയത്തിലെത്തിച്ചത്. ഗംഭീര്‍ 97 റണ്‍സും ധോണി പുറത്താവാതെ 91 റണ്‍സും നേടിയിരുന്നു. 49 ഓവറില്‍ നുവാന്‍ കുലശേഖരയെ സിക്‌സടിച്ചാണ് ധോണി വിജയം ആഘോഷിച്ചത്. പിന്നീട് ആ ചിത്രം വ്യാപകമായി ആഘോഷിക്കപ്പെടുകയും ചെയ്തു. പലപ്പോഴും ഗംഭീറിന്റെ ഇന്നിങ്‌സ് മറക്കുകയാണുണ്ടായത്.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഇഎസ്പിഎന്‍ ധോണിയുടെ ഷോട്ടിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതിലുള്ള അടികുറിപ്പ് ഇങ്ങനെയായിരുന്നു... ''2011 ലോകകപ്പ് ഫൈനലില്‍ ഈ ഷോട്ടാണ് ലക്ഷങ്ങളോളം വരുന്ന ഇന്ത്യക്കാരെ ആഘോഷത്തിലേക്ക് നയിച്ചത്.'' എന്നാല്‍ ഗംഭീറിന് ആ ട്വീറ്റ് അത്ര ദഹിച്ചില്ല. 

അദ്ദേഹം സ്‌ക്രീന്‍ ഷോട്ടെടുത്ത് മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു. അതില്‍ ഇങ്ങനെ എഴുതി... ''ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. 2011 ലോകകപ്പ് ഉയര്‍ത്തിയത് ടീം ഇന്ത്യ ഒന്നാകെയാണ്. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ആ ഒരു സിക്‌സിനെ മാത്രമാണ് മഹത്വവല്‍ക്കരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ഇതാദ്യമായിട്ടല്ല ഗംഭീര്‍ ലോകകപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുന്നത്. ഒരിക്കല്‍ ധോണിയുടെ ഇടപെടലാണ് എനിക്ക് അര്‍ഹമായ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഗംഭീര്‍ തുടന്നടിച്ചിരുന്നു. ധോണി സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് ഞാന്‍ പുറത്തായതെന്നായിരുന്നു ഗംഭീറിന്റെ വെളിപ്പെടുത്തല്‍.

Follow Us:
Download App:
  • android
  • ios