രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (96), വിരാട് കോലി (78), കെ എല്‍ രാഹുല്‍ (52 പന്തില്‍ 80) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആഡം സാംപ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കം

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (42)- ധവാന്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് ആറ് ബൗണ്ടറികള്‍ നേടി. എന്നാല്‍ മികച്ച തുടക്കം വലിയോ സ്‌കോറിലേക്ക് മാറ്റാന്‍ രോഹിത്തിന് സാധിച്ചില്ല. സാംപ ഓസീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്. 

മൂന്നാം നമ്പറില്‍ തിരിച്ചെത്തി കോലി

ഇഷ്ട ബാറ്റിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ കോലി നിരാശപ്പെടുത്തിയില്ല. എന്തുകൊണ്ട് ആ സ്ഥാനം എത്രത്തോളം പ്രിയപ്പെട്ടതാകുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കോലിയുടെ പ്രകടനം. ഇരുവരും 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ നാല് റണ്‍സ് അകലെ ധവാന് സെഞ്ചുറി നഷ്ടമായി. 90 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണ് 96 റണ്‍സെടുത്തത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്‍.

രാഹുലിന് പുതിയ സ്ഥാനം, നിരാശപ്പെടുത്തി അയ്യരും മനീഷും

കോലി മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയതോടെ രാഹുലിന് ആ സ്ഥാനത്ത് മാറേണ്ടിവന്നു. ശ്രേയസ് അയ്യര്‍ക്കും പിന്നാലെ അഞ്ചാം സ്ഥാനത്താണ് രാഹുലെത്തിയത്. അയ്യര്‍ സ്ഥിരം സ്ഥാനമായ നാലാം നമ്പറില്‍ തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തി. 17 പന്ത് നേരിട്ട താരം ഏഴ് റണ്‍സ് മാത്രമാണെടുത്തത്. സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് അയ്യര്‍ മടങ്ങിയത്. അധികം വൈകാതെ കോലിയും മടങ്ങി. ആറ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ  ഇന്നിങ്‌സ്. 

സാംപയ്‌ക്കെതിരെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍  ലോങ് ഓണില്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. ബൗണ്ടറി ലൈനില്‍ ക്യാച്ചെടുത്തത് അഷ്ടണ്‍ അഗര്‍ ആയിരുന്നെങ്കിലും ബൗണ്ടറി ലൈനില്‍ നിയന്ത്രണം വിട്ടതോടെ പന്ത് സ്റ്റാര്‍ക്കിന് കൈമാറുകയായിരുന്നു. രാഹുല്‍- കോലി സഖ്യം 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിക്ക് പകരമെത്തിയ മനീഷ് പാണ്ഡെയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. നാല് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത പാണ്ഡെ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ അഗറിന് ക്യാച്ച് നല്‍കി. 

ക്ലാസി രാഹുല്‍, പിന്തുണ നല്‍കി ജഡേജ

സ്ഥാനം മാറി ഇറങ്ങിയ രാഹുലിന്റേത് ക്ലാസിക് ഇന്നിങ്‌സായിരുന്നു. 52 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സെടുത്തത്. വാലറ്റത്ത് ജഡേജ ഉറച്ച് പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 350ന് അടുത്തെത്തി. അവസാന ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ജഡേജ 16 പന്തില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. ഷമി ഒരു റണ്‍ നേടി ക്രീസിലുണ്ടായിരുന്നു.

സാംപ പ്രതീക്ഷ കാത്തു, നിരാശരായി സ്റ്റാര്‍ക്കും റിച്ചാര്‍ഡസണും

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഓസീസ് പേസര്‍മാരായ സ്റ്റാര്‍ക്- റിച്ചാര്‍ഡ്‌സണ്‍ സഖ്യത്തിന്റേത്. റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 73 റണ്‍സാണ് വഴങ്ങിയത്. സ്റ്റാര്‍ക്കാവാട്ടെ 10 ഓവറില്‍ 78 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും നേടാന്‍ സാധിച്ചതുമില്ല. പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ 53 റണ്‍സ് നല്‍കി. സ്പിന്നര്‍  അഗര്‍ എട്ട് ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്തു. 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയ സാംപ മൂന്ന് വിക്കറ്റെടുത്തു. ഇതുതന്നെയായിരുന്നു ഓസീസ് ബൗളിങ്ങിലെ മികച്ച പ്രകടനവും. 

ടോസ് ഭാഗ്യം ഓസീസിന്; രണ്ട് മാറ്റങ്ങളുമായി ഇന്ത്യ

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ സന്ദര്‍ശകര്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്ദീപ് സെയ്നിയും പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(നായകന്‍), മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ടര്‍ണര്‍, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംപ.