ഹൈദരാബാദ്: സ്ഥിരതയാര്‍ന്ന് പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മധ്യനിരയില്‍ സ്ഥാനമുറപ്പിച്ച താരമാണ് ഹനുമ വിഹാരി. വിദേശ പിച്ചുകളിലും മികച്ച പ്രകടനമാണ് താരം പുറത്തെടക്കുന്നത്. ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 552 റണ്‍ണ്‍സാണ് തരാത്തിന്റെ സമ്പാദ്യം. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുകയാണ് താരം. എങ്കിലും സമൂഹമാധ്യമങ്ങളിലുടെ സാന്നിധ്യമറിയിക്കുന്നുണ്ട് താരം.

ഇപ്പോള്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. ട്വിറ്ററില്‍ ചോദ്യോത്തര വേളയിലാണ് വിഹാരി സംസാരിച്ചത്. ഇഷ്ടപ്പെട്ട താരം ആരാണെന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരാണ് വിഹാരി പറഞ്ഞത്. എന്നാല്‍ ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ആരെന്ന് ചോദിച്ചപ്പോല്‍ രണ്ട് ഉത്തരം അദ്ദേഹത്തിന് പറയേണ്ടി വന്നു. വിരാട് കോലി, എം എസ് ധോണി എന്നിവരുടെ പേരുകളാണ് വിഹാരി പുറത്തുവിട്ടത്. 

ഇന്ത്യന്‍ ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്വാധീനവുമാണ് മികച്ച പ്രകടനം നടത്താന്‍ തനിക്കു പ്രചോദനമാവുന്നതെന്നു നേരത്തേ വിഹാരി വെളിപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മയാണോ ഓസീസ് താരം ഡേവിഡ് വാര്‍ണറാണോ ഏറ്റവും മികച്ച ഓപ്പണര്‍ എന്നായിരുന്നു മറ്റൊരു ചോദ്യം. രോഹിത് എന്നല്ലാതെ മറ്റൊരു ഉത്തരം താരത്തിനില്ലായിരുന്നു.