ചെന്നൈ: രവീന്ദ്ര ജഡേജയെ റണ്ണൗട്ടാക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ മത്സരശേഷം പൊട്ടിത്തെറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ കോലി ആഞ്ഞടിച്ചത്.

ജഡേജ റണ്ണൗട്ടാണോ എന്ന് ഫീല്‍ഡര്‍ ചോദിച്ചപ്പോള്‍ അല്ലെന്നാണ് അമ്പയര്‍ പറഞ്ഞത്. അത് അവിടെ തീരേണ്ടതാണ്. പുറത്തിരിക്കുന്നവര്‍ക്ക് അമ്പയറോട് തീരുമാനം റിവ്യു ചെയ്യാന്‍ ആവശ്യപ്പെടാനാവില്ല. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കണ്ടശേഷമാണ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടത്. ഇത്തരമൊരു സംഭവം ക്രിക്കറ്റില്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. നിയമങ്ങളൊക്കെ എവിടെയാണെന്ന് എനിക്കറിയില്ല. ഇക്കാര്യത്തില്‍ മാച്ച് റഫറിയും അമ്പയറും തീരുമാനമെടുക്കമം. അല്ലാതെ ഗ്രൗണ്ടിന് പുറത്തിരിക്കുന്നവരല്ല, ഔട്ടാണോ എന്ന് വിധിക്കേണ്ടതെന്നും കോലി പറഞ്ഞു.

മത്സരത്തിന്റെ 48-ാം ഓവറിലാണ് നാടകീയ റണ്ണൗട്ട് സംഭവം നടന്നത്. 21 പന്തില്‍ 21 റണ്‍സെടുത്ത ജഡേജ അതിവേഗ സിംഗിളിന് ശ്രമിക്കവെയാണ് റണ്ണൗട്ടായത്. റോസ്റ്റണ്‍ ചേസിന്റെ ഡയറക്ട് ത്രോ വിക്കറ്റില്‍ കൊള്ളുമ്പോള്‍ ജഡേജ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ ഔട്ടിനായി കാര്യമായി അപ്പീല്‍ ചെയ്തില്ല.

റോസ്റ്റണ്‍ ചേസ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഷോണ്‍ ജോര്‍ജിന് അരികിലെത്തി അത് ഔട്ടാണോ എന്ന് ചോദിച്ചപ്പോഴും അദ്ദേഹം ഔട്ട് വിധിക്കുകയോ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയോ ചെയ്തില്ല. ഇതിനിടെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും  അമ്പയര്‍ക്ക് അരികിലെത്തി ഔട്ടാണോ എന്ന് ചോദിച്ചു. അപ്പോഴും തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാതിരുന്ന അമ്പയര്‍ ഇതിനിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ദൃശ്യം കണ്ടതോടെ ഉടന്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു.

തേര്‍ഡ് അമ്പയര്‍ ജഡേജയെ ഔട്ട് വിധിച്ചതോടെ ഇരിപ്പിടത്തില്‍ നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റ ക്യാപ്റ്റന്‍ വിരാട് കോലി ഗ്രൗണ്ടില്‍ ബൗണ്ടറി ലൈനിന് അരികിലെത്തി. എന്നാല്‍ ഇതിനിടെ ജഡേജ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടന്നതിനാല്‍ കോലി ഗ്രൗണ്ടിലിറങ്ങിയില്ല.