ദുബായ്: മുന്‍ ഇന്ത്യന്‍ താരം ജോഗിന്ദര്‍ ശര്‍മയെ ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായകമായത് ജോഗിന്ദറിന്റെ അവസാന ഓവറായിരുന്നു. അവസാന ഓവറില്‍ മിസ്ബ ഉള്‍ ഹഖിനെ പുറത്താക്കിയാണ് ജോഗിന്ദര്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്. ആ ജോലിക്ക് ഐസിസിയുടെ ആദരവും ലഭിച്ചു.

കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരം എന്ന ലേബലില്ല താരം ഇറങ്ങിത്തിരിച്ചത്. ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സുപ്പീരിന്റെഡന്റാണ് ജോഗീന്ദര്‍ ഇപ്പോള്‍. അദ്ദേഹം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് ഐസിസി ആദരിച്ചത്. 

'2007ല്‍ ലോകകപ്പ് ഹീറോ, 2020ല്‍ യഥാര്‍ഥ ജീവിതത്തിലെ ഹീറോ' എന്നാണ് ഐസിസി കുറിച്ചത്. ട്വന്റി20 ലോകകപ്പ് ഫൈനലിലെ ജോഗീന്ദറിന്റെ ചിത്രവും, പൊലീസ് യൂണിഫോമില്‍ മാസ്‌ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്നതിന് ഇടയിലെ ചിത്രവും ഐസിസി ആരാധകരുമായി പങ്കുവെച്ചു. ട്വീറ്റ് കാണാം.