ജൊഹന്നസ്‌ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്കാണ് കളി.

പത്തൊന്‍പത് വയസില്‍ താഴെയുള്ളവരുടെ ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിന് ആണ് തുടക്കമാകുന്നത്. 16 ടീമുകളെ നാല് ഗ്രൂപ്പാക്കി തിരിച്ചാണ് മത്സരം. ഒരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ലീഗ് ഘട്ടത്തിലേക്ക് മുന്നേറും. ന്യൂസിലൻഡ്, ശ്രീലങ്ക, ജപ്പാൻ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ മൂന്ന് മുൻ ചാംപ്യൻമാരടങ്ങിയ ബി ആണ് ടൂർണമെന്റിലെ മരണ ഗ്രൂപ്പ്. 

പോരാട്ടം കടുക്കും; മുന്‍തൂക്കം ഇന്ത്യക്ക്

നിലവിലെ ചാപ്യൻമാരായ ഇന്ത്യ തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ. മധ്യനിര ബാറ്റ്സ്‌മാൻ പ്രിയം ഗാർഗാണ് ക്യാപ്റ്റൻ. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ യഷസ്വി ജൈസ്വാൾ അടക്കം രാജ്യാന്തരശ്രദ്ധ നേടിക്കഴി‍ഞ്ഞവർ ഏറെയുണ്ട് നീലപ്പടയിൽ. കഴിഞ്ഞ ലോകകപ്പിന് ശേഷം കളിച്ച 31 കളികളിൽ 21 ഉം ജയിച്ച ഇന്ത്യ ഒടുവിൽ നടന്ന ചതുർരാഷ്‌ട്ര ടൂർണമെന്റിൽ കിരീടം നേടിയതും പ്രതീക്ഷയാണ്. 

മറ്റന്നാള്‍ ശ്രീലങ്കക്കെതിരെയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 48 ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ അടുത്ത മാസം ഒമ്പതിനാണ് ഫൈനൽ.