പെര്‍ത്ത്: വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചായ രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ 18 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇന്ത്യക്കായി പൂനം യാദവ് മൂന്നും അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. 

35 റണ്‍സ് നേടിയ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുര്‍ഷിദ ഖതുന്‍ (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൂനം, അരുന്ധതി, ശിഖ എന്നിവര്‍ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഷെഫാലി വര്‍മ (39), ജമീമ റോഡ്രിഗസ് (34), വേദ കൃഷ്ണമൂര്‍ത്തി (20) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സല്‍മ ഖതുന്‍, പന്ന ഘോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സ്ഥിരം ഓപ്പണര്‍ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. റിച്ച ഘോഷാണ് പകരം ടീമിലെത്തിയത്. മന്ഥാനയ്ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ താനിയ ഭാട്ടിയ (2), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (8), ദീപ്തി ശര്‍മ (11), റിച്ച ഘോഷ് (14) എന്നിവര്‍ നിരാശപ്പെടുത്തി. ജമീമ, ദീപ്തി എന്നിവരുടെ അനാവശ്യ റണ്ണൗട്ടുകളാണ് ഇന്ത്യന്‍ മധ്യനിരയെ ചതിച്ചത്. ആദ്യ വിക്കറ്റിന് ശേഷം ഒത്തുച്ചേര്‍ന്ന ഷെഫാലി- ജമീമ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവുരും 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ ഷെഫാലി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 17 പന്ത് നേരിട്ട ഷെഫാലി 39 റണ്‍സെടുത്തു. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 11 റണ്‍സ് നേരിട്ട ഹര്‍മന്‍പ്രീത് എട്ട് റണ്‍സുമായി മടങ്ങി. ഇതിനിടെ ജമീമയും ദീപ്തിയും റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ അവസാനങ്ങളില്‍ വേദയുടെ ബാറ്റിങ്ങ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. വേദയ്‌ക്കൊപ്പം ശിഖ പാണ്ഡെ (7) പുറത്താവാതെ നിന്നു. 27ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.