മുംബൈ: എവേ ഗ്രൗണ്ടില്‍ പകല്‍- രാത്രി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ടീം ഇന്ത്യ. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് പകല്‍- രാത്രി ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം പുതുക്കി പണിത മൊട്ടേര സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരവും പകല്‍- രാത്രി ടെസ്റ്റോടെ ആയിരിക്കും. അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് ഈ മത്സരം നടക്കുക.

2018ല്‍ പകല്‍- രാത്രി ടെസ്റ്റ് കളിക്കാനുള്ള ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്ഷണം ഇന്ത്യ നിരാകരിച്ചിരുന്നു.  പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മത്സരം. ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പകല്‍- രാത്രി ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വ്യക്തമാക്കുകയുണ്ടായി.

ജനുവരിയില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെയാണ് പകല്‍- രാത്രി ടെസ്റ്റിന്റെ കാര്യം ഇരുടീമുകളും ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചത്. ഇരുടീമുകളുടെയും ഉന്നതാധികാരത്തിലുള്ളവര്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു.