Asianet News MalayalamAsianet News Malayalam

'ക്രിക്കറ്റ് ഇല്ലെങ്കില്‍ മറ്റൊന്നും വേണ്ട'; ഇന്ത്യ- പാക് പരമ്പര പുനരാരംഭിക്കണമെന്ന് ഷൊയൈബ് അക്തര്‍

2012ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനം പരമ്പര നടന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇതിന് ശേഷം ഇരു ടീമും മുഖാമുഖം വന്നത്. 

India should play bilateral series Shoaib Akhtar
Author
Lahore, First Published Feb 18, 2020, 11:57 AM IST

ലാഹോര്‍: ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍. 2012ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനം പരമ്പര നടന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇതിന് ശേഷം ഇരു ടീമും മുഖാമുഖം വന്നത്. 

'ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധമുണ്ട്, കബഡി കളിക്കുന്നു, ഡേവിസ് കപ്പില്‍ മത്സരിക്കുന്നു, എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നില്ല. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്കും പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്കും യാത്ര ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഏഷ്യാകപ്പിലെ പോലെ ഇരു രാജ്യങ്ങള്‍ക്കും സമ്മതമുള്ള പൊതുവേദി തെരഞ്ഞെടുക്കണം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നില്ലെങ്കില്‍ മറ്റ് കായിക ഇനങ്ങളിലൊന്നും സഹകരണം പാടില്ല'. 

'ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിച്ചപ്പോഴൊക്കെ അതില്‍ രാഷ്‌ട്രീയം കടന്നുവന്നിട്ടുണ്ട്. കൂടുതല്‍ വരുമാനം കണ്ടെത്താന്‍, ആരാധക പിന്തുണ കൂട്ടാന്‍, പുതിയ താരങ്ങളുടെ ഉദയത്തിന്... ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പ്രധാനമാണ്. ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ രാജ്യം സുരക്ഷിതമാണ്. പാകിസ്ഥാനിലേക്ക് വരാന്‍ താല്‍പര്യമില്ലെങ്കില്‍ പൊതുവേദിയിലാവാം മത്സരം'.

'മികച്ച ആതിഥേയ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ താരങ്ങളോട് ചോദിക്കുക. മറ്റെന്തിനെയും പോലെ അവരെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നും ക്രിക്കറ്റിനെ ബാധിക്കാന്‍ പാടില്ല. ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര ഉടന്‍ കാണാം എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios