രാ‌ജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ രാജ്കോട്ട് ഏകദിനത്തില്‍ രണ്ട് റെക്കോര്‍ഡ‍ുകള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് സെഞ്ചുറി നേടിയാൽ റിക്കി പോണ്ടിംഗിന്‍റെയും സച്ചിന്‍ ടെന്‍ഡുൽക്കറിന്‍റെയും റെക്കോര്‍ഡുകള്‍ കോലിക്ക് മറികടക്കാനാകും.

റെക്കോര്‍ഡുകള്‍ അരിഞ്ഞിടാന്‍ കോലി

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും അധികം സെഞ്ചുറികള്‍ നേടുന്ന നായകനെന്ന നേട്ടമാണ് ആദ്യത്തേത്. നിലവില്‍ പോണ്ടിംഗിനും കോലിക്കും എല്ലാ ഫോര്‍മാറ്റിലുമായി 41 സെഞ്ചുറികള്‍ ആണുള്ളത്. കോലി നായകനായി 196ഉം പോണ്ടിംഗ് 376ഉം രാജ്യാന്തര ഇന്നിംഗ്സ് കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള ബാറ്റ്സ്‌മാന്‍ എന്ന സച്ചിന്‍റെ റെക്കോര്‍ഡാകും കോലിയുടെ മറ്റൊരു ലക്ഷ്യം. നിലവില്‍ സച്ചിന് ഒന്‍പതും കോലിക്ക് എട്ടും റെക്കോര്‍ഡുകള്‍ ഉണ്ട്. 

ഇതിനുപുറമേ ഇന്ത്യയിൽ 20 ഏകദിന സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്‌മാന്‍ ആകാനും കോലിക്ക് കഴിയും. നിലവില്‍ സച്ചിന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

തോറ്റാല്‍ കഥ കഴിയും; ജയിക്കാതെ വഴിയില്ല

രാജ്കോട്ടിൽ ഉച്ചയ്‌ക്ക് 1.30ന് ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം ആരംഭിക്കും. തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നതിനാല്‍ കോലിപ്പടയ്‌ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല. അതിനിര്‍ണായക പോരില്‍ മാറ്റങ്ങളോടെയാവും കോലിപ്പട ഇറങ്ങുക. പിഴച്ചെന്ന് നായകന്‍ തന്നെ സമ്മതിച്ച പരീക്ഷണത്തിനൊടുവിൽ മൂന്നാം നമ്പറിലേക്ക് കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാം. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കും. 

Read more: രണ്ടുംകല്‍പിച്ച് കോലിപ്പട; രാജ്‌കോട്ടില്‍ ജീവന്‍മരണ പോരാട്ടം; ടീമില്‍ മാറ്റമുറപ്പ്