വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെല്ലവിളിച്ച് കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. പരിക്കുമൂലം ടി20, ഏകദിന പരമ്പരകളില്‍ കളിക്കാതിരുന്ന ബോള്‍ട്ട് ടെസ്റ്റ് പരമ്പരയിലൂടെയാണ് തിരിച്ചുവരവിന് ശ്രമിക്കുന്നത്. 21ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ബോള്‍ട്ടിനെ ന്യൂസിലന്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു.

വ്യക്തിപരമായി ഈ പരമ്പരയില്‍ കളിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് ബോള്‍ട്ട് പറഞ്ഞു. കോലിയെപ്പോലുള്ള കളിക്കാരെ പുറത്താക്കി എന്റെ മികവിനെ എനിക്കുതന്നെ പരീക്ഷിക്കണമെന്ന് തോന്നി. അതിനായി ഇനിയും കാത്തിരിക്കാന്‍ എനിക്കാവില്ല. കോലി അസാമാന്യ കളിക്കാരനാണ്. കോലി മഹാനായ കളിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം.

ആദ്യ ടെസ്റ്റിന് വേദിയാവുന്ന വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ പേസിനെ തുണക്കുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെങ്കിലും  അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബോള്‍ട്ട് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെ 11 ഇന്നിംഗ്സില്‍ നിന്ന് 68 റണ്‍സ് ശരാശരിയില്‍ 612 റണ്‍സാണ് കോലിയുടെ നേട്ടം.