Asianet News MalayalamAsianet News Malayalam

മുംബൈയില്‍ വമ്പന്‍ തിരിച്ചുവരവ്; വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

ബ്രണ്ടന്‍ കിംഗിനെ(5) വീഴ്ത്തി ഭുവനേശ്വര്‍കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ലെന്‍ഡല്‍ സിമണ്‍സിനെ(7) ഷമിയും, നിക്കോളാസ് പുരാനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ദീപക് ചാഹറും മടക്കിയതോടെ തുടക്കത്തിലെ വിന്‍ഡീസ് പാളം തെറ്റി.

India vs West Indies India beat West Indies by runs to clinch series
Author
Mumbai, First Published Dec 11, 2019, 10:46 PM IST

മുംബൈ: തിരുവനന്തപുരത്തെ പിഴവുകള്‍ക്ക് മുംബൈയില്‍ ഇന്ത്യ കണക്കുതീര്‍ത്തു. ഇന്ത്യക്കെതിരെ പരമ്പര മോഹിച്ചിറിങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോലിയും കൂടി അടിച്ചു ബൗണ്ടറി കടത്തിയപ്പോള്‍ നിര്‍ണായക മൂന്നാം ടി20യില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ കൂറ്റന്‍ ജയം. ജയത്തോടെ മൂന്ന് മത്സരം പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 240/3, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 173/8.

കരുത്തോടെ പേസര്‍മാര്‍

India vs West Indies India beat West Indies by runs to clinch seriesഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിയലക്ഷ്യത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ മടക്കി. ബ്രണ്ടന്‍ കിംഗിനെ(5) വീഴ്ത്തി ഭുവനേശ്വര്‍കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ലെന്‍ഡല്‍ സിമണ്‍സിനെ(7) ഷമിയും, നിക്കോളാസ് പുരാനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ദീപക് ചാഹറും മടക്കിയതോടെ തുടക്കത്തിലെ വിന്‍ഡീസ് പാളം തെറ്റി.

ആളിക്കത്തി ഹെറ്റ്മെയറും പൊള്ളാര്‍ഡും

യുവതാരം ഷെമ്രോണ്‍ ഹെറ്റ്മെയറും(24 പന്തില്‍ 41) ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും(39 പന്തില്‍ 68) നടത്തിയ പ്രത്യാക്രമണം ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും ഹെറ്റ്മെയറെ കുല്‍ദീപും പൊള്ളാര്‍ഡിനെ ഭുവിയും മടക്കിയതോടെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു. വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന് ഇന്ത്യന്‍ വിജയം വൈകിക്കാനായി എന്നു മാത്രം. ഇന്ത്യക്കായി ഭുവിയും ഷമിയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ചാഹര്‍ ഒരു വിക്കറ്റെടുത്തു.

തല്ലിത്തളര്‍ത്തി രോഹിത്-രാഹുല്‍ സഖ്യം

India vs West Indies India beat West Indies by runs to clinch seriesനേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചാണ് രോഹിത്തും രാഹുലും തുടങ്ങിയത്. പരമ്പരയില്‍ തിളങ്ങാനായില്ല എന്ന പഴിക്ക് രോഹിത് കണക്കുതീര്‍ത്തപ്പോള്‍ പവര്‍പ്ലേയില്‍ പിറന്നത് 72 റണ്‍സ്. എട്ട് ഓവറില്‍ ടീമിനെ 100 കടത്തി. പിയറിയെ സിക്‌സര്‍  പറത്തി രോഹിത്ത് 23 പന്തില്‍ സ്റ്റൈലായി ഫിഫ്റ്റി തികച്ചു. കെ എല്‍ രാഹുല്‍ 29 പന്തിലും 50 പിന്നിട്ടു.

പത്ത് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 116. എന്നാല്‍ 12-ാം ഓവറിലെ നാലാം പന്തില്‍ കെസ്രിക്കിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് ഹിറ്റ്‌മാന്‍ വാള്‍ഷിന്‍റെ ക്യാച്ചില്‍ മടങ്ങി. 34 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 71 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ബാറ്റിംഗ് ഓര്‍ഡറില്‍ കോലി പരീക്ഷണം തുടര്‍ന്നപ്പോള്‍ മൂന്നാമനായെത്തിയത് ഋഷഭ് പന്ത്. ക്രീസിലെത്തി രണ്ടാം പന്തില്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി അക്കൗണ്ട് തുറക്കാതെ കൂടാരം കയറി. പന്തിന് നിരാശയുടെ മറ്റൊരു പരമ്പര.

രാഹുലും കോലിയും; വീണ്ടും കൂട്ടുകെട്ട്

India vs West Indies India beat West Indies by runs to clinch seriesക്രീസിലൊന്നിച്ച രാഹുലിനും കോലിക്കും ആശങ്കകളുണ്ടായിരുന്നില്ല. 15-ാം ഓവറില്‍ ഹോള്‍ഡറെ 22 റണ്‍സടിച്ചു. ഇതിനിടെ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവരം ഹോള്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. 16-ാം ഓവറില്‍ വില്യംസ് റണ്ണൊഴുക്കിന് തടയിട്ടെങ്കിലും 17-ാം ഓവറില്‍ കോട്രലും 18-ാം ഓവറില്‍ വില്യംസും അടിവാങ്ങി. 19-ാം ഓവറില്‍ പൊള്ളാര്‍ഡിന്‍റെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി കോലി 21 പന്തില്‍ ഫിഫ്റ്റി തികച്ചു.

പൊള്ളാര്‍ഡിനെ 27 റണ്‍സാണ് ഇരുവരും നേടിയത്. അവസാന ഓവറിലെ നാലാം പന്തില്‍ രാഹുലിനെ(91*) കോട്രല്‍ മടക്കി. എന്നാല്‍ അവസാന പന്ത് ഗാലറിയിലെത്തിച്ച് നായകന്‍ വിരാട് കോലി ഇന്ത്യന്‍ സ്‌കോര്‍ 240ലെത്തിച്ചു. 70 റണ്‍സെടുത്ത കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ (0*) പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 16 സിക്‌സുകളാണ് നാലുപാടും പറന്നത്.

Follow Us:
Download App:
  • android
  • ios