മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറപടി ബാറ്റിങ്ങില്‍ ഇന്ത്യ 14.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 റണ്‍സ് നേടിയ ഷെഫാലി വര്‍മയും നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവരാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. രാധ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇന്ത്യ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു.

വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. അഞ്ചാം ഓവറില്‍ സ്മൃതി മന്ഥാന (17) മടങ്ങി. മൂന്ന് ബൗണ്ടറി നന്നായി തുടങ്ങിയ മന്ഥാനയ്ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. മൂന്നാമതായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15) ഷെഫാലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വലിയ ഷോട്ടിന് ശ്രമിച്ച ക്യാപ്റ്റന്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. അപ്പോള്‍ 81 റണ്‍സായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍. ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഷെഫാലിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 34 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. ഷെഫാലി മടങ്ങിയെങ്കിലും ദീപ്തി ശര്‍മ (15), ജമീമ റോഡ്രിഗസ് (15) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. ഉദ്ദേഷിക പ്രബോദനി, ശശികല സിരിവര്‍ധനെ എന്നിവരാണ് ശ്രീലങ്കയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ, മോശം തുടക്കമായിരുന്നു ശ്രീലങ്കയ്ക്ക്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഉമേഷ തിമാഷിനി (2)യെ നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ ഹര്‍ഷിത മാധവി (12) അതപത്തു കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇരുവരും 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാധവി പുറത്തായതോടെ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുകെട്ട് പോലും ഉണ്ടാക്കാനായില്ല. വാലറ്റത്ത് കവിഷ ദില്‍ഹാരി (16 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്.

രാധ യാദവിന് പുറമെ ഇന്ത്യക്ക് വേണ്ടി രജേശ്വരി ഗെയ്ക്വാദ് രണ്ടും ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇതും ജയിച്ച് ആത്മവിശ്വാസത്തോടെ സെമി കളിക്കാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്.