ബംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. കഴിഞ്ഞ മാസം രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ് ഇശാന്ത് ശര്‍മ കായിക ക്ഷമത തെളിയിച്ചു. ശനിയാഴ്ച ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ശാരീരികക്ഷമതാ പരിശോധനയില്‍ പേസര്‍ വിജയിക്കുകയായിരുന്നു. നേരത്തെ ഇശാന്തിന് കിവീസ് പര്യടനം നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കായികക്ഷമത വീണ്ടെടുത്തതോടെ താരം കളിക്കുമെന്നുള്ള കാര്യം ഉറപ്പായി. ഈമാസം 21നാണ് ഒന്നാം ടെസ്റ്റ്. 

ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശികിന് നന്ദി പറയുന്നുവെന്നും കൗശികിനൊപ്പമുള്ള ചിത്രത്തോടെ ഇഷാന്ത് ട്വീറ്റ് ചെയ്തു. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരായിരിക്കും ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇലവനിലുണ്ടാകുന്ന പേസര്‍മാര്‍. നവദീപ് സൈനിയും ഉമേഷ് യാദവും പുറത്തിരിക്കാനാണ് സാധ്യത.

കഴിഞ്ഞമാസം 21ന് വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് 31കാരനായ ഇശാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റത്. വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്സിലെ അഞ്ചാം ഓവറില്‍ കാല്‍വഴുതി വീണ ഇശാന്ത് സപ്പോര്‍ട്ട് സ്റ്റാഫിന്റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. 

ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഇശാന്ത് ശര്‍മ.