ബറോഡ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കായി അരിയും സാധനങ്ങളുമായി പത്താന്‍ സഹോദരന്മാര്‍. പതിനായിരം കിലോ അരിയും 700 കിലോ ഉരുളക്കിഴങ്ങുമാണ് ബറോഡയില്‍ ലോക്ക് ഡൌണിനേ തുടര്‍ന്ന് കഷ്ടപ്പെടുന്നവര്‍ക്കായി മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍പത്താനും സഹോദരന്‍ യൂസഫ് പത്താനും വിതരണം ചെയ്തത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ വഡോദരയിലെ ആരോഗ്യ വകുപ്പിന് നാലായിരം മാസ്കുകള്‍ പത്താന്‍ സഹോദരന്മാര്‍ നല്‍കിയിരുന്നു. 

മാര്‍ച്ച് 24ന് പ്രഖ്യാപിച്ച രാജ്യ വ്യാപക ലോക്ക് ഡൌണ്‍ ദിവസ വേതനക്കാരായ നിരവധി പേരെ പട്ടിണിയില്‍ ആക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് സഹായവുമായാണ് പത്താന്‍ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നേരത്തെ കൊവിഡ് പടരുന്ന രീതിയേക്കുറിച്ചും സുരക്ഷാ മുന്‍ കരുതലുകളേക്കുറിച്ചും ബോധവല്‍ക്കരണ വീഡിയോകളും സന്ദേശങ്ങളും പത്താന്‍ സഹോദരന്മാര്‍ ചെയ്തിരുന്നു. 

സാധിക്കുന്ന രീതിയിലെല്ലാം സര്‍ക്കാരിനെ സഹായിക്കാന്‍ സജ്ജമാണെന്ന് ഇവര്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെയിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനൊപ്പം അയല്‍വാസികള്‍ കഷ്ടപ്പെടുമ്പോള്‍ സഹായിക്കണമെന്നും താരങ്ങള്‍ പറയുന്നു. കൊവിഡ് 19 വ്യാപനത്തിന് പിന്നാവെ ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി 50ലക്ഷം രൂപ വിലമതിക്കുന്ന അരി വിതരണം ചെയ്തിരുന്നു. കൊല്‍ക്കത്തയിലായിരുന്നു ഗാംഗുലി സഹായമെത്തിച്ചത്. 

കൊവിഡ് 19: മാതൃകയായി പത്താന്‍ സഹോദരങ്ങളും