ലണ്ടന്‍: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കാതിരിക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടിവന്നാല്‍ അത് വലിയ നാണക്കേടാവുമെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. ഐപിഎല്‍ സംബന്ധിച്ച് ടീം മാനേജ്മെന്റുകളും ബിസിസിഐ അധികൃതരും തമ്മില്‍ എന്ത് ചര്‍ച്ചകളാണ് നടക്കുന്നതെന്ന് അറിയില്ല. അതുപോലെ ഐപിഎല്‍ എന്ന് തുടങ്ങാനാവുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളുമില്ല. ഈ വര്‍ഷം ഐപിഎല്‍ നടക്കുമോ എന്നുപോലും ഉറപ്പില്ല. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായൊരു ടൂര്‍ണമെന്റാണ്. അതുകൊണ്ടുതന്നെ അത് നടക്കാതിരിക്കുന്നത് വലിയ നാണക്കേടും-ബട്‌ലര്‍ പറഞ്ഞു.

ഐപിഎല്ലില്‍ നിന്നുള്ള വരുമാനം കണക്കിലെടുത്താലും കളിക്കാരുടെ പങ്കാളിത്തം കണക്കിലെടുത്താലും ഐപിഎല്‍ നടക്കാതിരിക്കുന്നത് കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ എല്ലാം അനിശ്ചിതത്വത്തിലാണ്. ഈ പ്രതിസന്ധികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് അറിയില്ല. അതുകൊണ്ടുതന്നെ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്ന് അറിയില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് താരമായ ബട്‌ലര്‍ പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സംബന്ധിച്ച തീരുമാനം ഏപ്രില്‍ 15ലേക്ക് ബിസിസിഐ മാറ്റിവെച്ചിരുന്നു. വിസാ നിയന്ത്രണങ്ങളുള്ളതിനാലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാലും വിദേശതാരങ്ങളുടെ പങ്കാളിത്തം ഇത്തവണ ഐപിഎല്ലിനുണ്ടാവുമോ എന്നകാര്യം സംശയത്തിലാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേക്ക് ഐപിഎല്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.