ക്രൈസ്റ്റ്‌ചര്‍ച്ച്: കെയ്‌ല്‍ ജമൈസണിന്‍റെ പേസാക്രമണത്തില്‍ തകര്‍ന്ന ഇന്ത്യ ന്യൂസിലന്‍ഡിന് എതിരായ അവസാന ടെസ്റ്റില്‍ 242 റണ്‍സില്‍ പുറത്ത്. ടോസ് നഷ്‌ടപ്പെട്ട് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം മൂന്നാം സെഷനില്‍ പുറത്താവുകയായിരുന്നു. പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി എന്നിവരുടെ അര്‍ധ സെഞ്ചുറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. 48 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. 

ഏഴ് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ തുടക്കത്തിലെ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. നായകന്‍ വിരാട് കോലി(3), ഉപനായകന്‍ അജിങ്ക്യ രഹാനെ(7) എന്നിവര്‍ക്കും കാലുറച്ചില്ല. സൗത്തിക്ക് മുന്നിലാണ് കോലി വീണ്ടും വീണത്. എന്നാല്‍ ഏകദിനശൈലിയില്‍ 61 പന്തില്‍ അര്‍ധ സെഞ്ചുറി നേടി പൃഥ്വി ഷാ. ഷായുടെ ആകെ സമ്പാദ്യം 64 പന്തില്‍ 54 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് വന്‍തകര്‍ച്ചയിലും ചെറിയ ആശ്വാസമായത്. 

പൂജാര 140 പന്തില്‍ 54ഉം വിഹാരി 70 പന്തില്‍ 55ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം അതിവേഗമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മടക്കം. ഋഷഭ് പന്ത് 12നും ഉമേഷ് യാദവ് പൂജ്യത്തിലും രവീന്ദ്ര ജഡേജ ഒന്‍പതിലും മുഹമ്മദ് ഷമി 16ലും മടങ്ങി. ജസ്‌പ്രീത് ബുമ്ര 10 റണ്‍സുമായി പുറത്താകാതെ നിന്നു. ജമൈസണ്‍ 14 ഓവറില്‍ 45 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടുവീതവും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും നേടി. 

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര

കണങ്കാലിന് പരിക്കേറ്റ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് പകരം ഉമേഷ് യാദവും സ്‌പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലെത്തി. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.