അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചകള്‍ ബിസിസിഐ ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെ സ്റ്റേഡിയത്തെ കളിയാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വലിപ്പത്തില്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്റ്റേഡിയത്തെ രണ്ടാം സ്ഥാനത്താക്കുന്ന മൊട്ടേര സ്റ്റേഡിയത്തെ ഇംഗ്ലണ്ടിലെ ഹെഡിംഗ്‌ലി സ്റ്റേഡിയവുമായാണ് വോണ്‍ താരതമ്യം ചെയ്തത്.

ഏറെക്കുററെ ഹെഡിംഗ്‌ലിയോളം മികച്ചത് എന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റിന് താഴെ വോണിന്റെ കമന്റ്. 1.1 ലക്ഷം ആരാധകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് വലിപ്പത്തിന്റെ കാര്യത്തില്‍ മൊട്ടേര പിന്തള്ളുക. 90000 പേരെയാണ് മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാവുക. എന്നാല്‍ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിലാകട്ടെ 21000 പേരെ മാത്രമെ ഉള്‍ക്കൊള്ളാനാവു. 1890ലാണ് ഹെഡിംഗ്‌ലി സ്റ്റേഡിയം സ്ഥാപിച്ചത്.കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് വേദിയായത് ഹെഡിംഗ്‌ലിയായിരുന്നു.50000ലധികം പേർക്ക് ഇരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയം നവീകരിച്ചാണ് 700 കോടി രൂപ ചെലവില്‍ പുതിയ സ്റ്റേഡിയം നിര്‍മിച്ചത്. 

അടുത്തവര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റിന് മൊട്ടേര വേദിയാവുമെന്നാണ് കരുതുന്നത്. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍, 4000 കാറുകൾക്കും 10000 ബൈക്കുകൾക്കുമുള്ള പാർക്കിംഗ് സൗകര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് സ്റ്റേഡിയത്തിലുള്ളത്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സ്റ്റേഡിയം.

ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ബോക്‌സിംഗ്, ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ബില്ല്യാര്‍ഡ്‌സ്, ബാഡ്മിന്റണ്‍, തുടങ്ങിയ കായിക മത്സരങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്. നേരത്തെ, ക്രിക്കറ്റ് മത്സരം നടത്തി മോട്ടേരയുടെ ഉദ്ഘാടനം നടത്താമെന്നായിരുന്നു തീരുമാനം. ഐപിഎൽ ഫൈനൽ ഇവിടെ നടത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം പരിഗണിച്ച് ഉദ്ഘാടനം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു.