ദില്ലി: ഇന്ത്യ സന്ദര്‍ശനത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ നാക്കുപിഴച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കളിയാക്കി ക്രിക്കറ്റ് ലോകം. ഇതിഹാസങ്ങളുടെ പേരു പറയുന്നതിന് മുമ്പ് കുറച്ചൊക്കെ ഗവേഷണം നടത്താമായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.

ട്രംപിന്റെ നാക്കുപിഴയെ ട്രോളി ഐസിസിയും ഇന്നലെ രംഗത്തെത്തിയിരുന്നു. സച്ച്, സച്ച്, സാച്ച്, സുച്ച്, സൂച്ച്, ആര്‍ക്കെങ്കിലും അറിയുമോ എന്ന് പറഞ്ഞായിരുന്നു ഐസിസി ട്രംപിനെ കളിയാക്കിയത്.

ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീമും ട്രംപിനെ കളിയാക്കാനായി എത്തിയവരിലുണ്ട്. സച്ചിന്റെയും കോലിയുടെയും പേരുകള്‍ കണ്ടപ്പോള്‍ ചൈനയിലെ ജനപ്രിയ ഭക്ഷണവിഭവമാണെന്ന് ട്രംപിന് തോന്നിക്കാണുമെന്നായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ പരിഹാസം.

 

അതേസമയം, ഇതുവരെ കേള്‍ക്കാത്തൊരു പേര് പറയുമ്പോള്‍ ട്രംപിന് നാക്കുപിഴച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വെറുക്കേണ്ടതില്ലെന്നും അതിന് മറ്റനേകം കാരണങ്ങളുണ്ടല്ലോ എന്നുമായിരുന്നു ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാമിന്റെ പ്രതികരണം.

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വിരാട് കോലിക്കും കൈയടിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നായിരുന്നു മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.