ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. കരിയറില്‍ ആദ്യമായി ബൗളിംഗ് റാങ്കിംഗില്‍ ഷമി ആദ്യ പത്തിലെത്തി. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്താണ് ഷമി. ആര്‍ അശ്വിന്‍ ഒമ്പതാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്തുമുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും പുറത്തെടുത്ത മികവാണ് ഷമിയെ ആദ്യ പത്തിലെത്തിച്ചത്. ഇഷാന്ത് ശര്‍മ പതിനേഴാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉമേഷ് യാദവ് ഇരുപതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുശേഷം കളിച്ചിട്ടില്ലാത്ത ബുമ്രക്ക് നാലാം സ്ഥാനം നിലനിര്‍ത്താനായി. ഓസ്‌ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാദ രണ്ടാമതും ജേസണ്‍ ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറാണ് നാലാമത്.