Asianet News MalayalamAsianet News Malayalam

വാംഖഡെയില്‍ രാഹുല്‍-രോഹിത്-കോലി വെടിക്കെട്ട്, സിക്‌സര്‍ മഴ; ഇന്ത്യക്ക് 240 റണ്‍സ്!

വിന്‍ഡീസിനെതിരെ പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന ടി20യില്‍ ഇന്ത്യയുടെ സിക്‌സര്‍ മഴയും റണ്‍ പെയ്‌ത്തും. രാഹുലിനും കോലിക്കും രോഹിത്തിനും ഫിഫ്റ്റി. 

Mumbai T20I India Big total on KL Rahul Rohit Sharma Virat Kohli Blast
Author
Mumbai, First Published Dec 11, 2019, 8:55 PM IST

മുംബൈ: കെ എല്‍ രാഹുലും വിരാട് കോലിയും രോഹിത് ശര്‍മ്മയും സിക്‌സര്‍ മഴ പെയ്തിറക്കിയപ്പോള്‍ നിര്‍ണായക മൂന്നാം ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. വാംഖഡെയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 240 റണ്‍സെടുത്തു. രാഹുല്‍(56 പന്തില്‍ 91), രോഹിത്(34 പന്തില്‍ 71) കോലി(29 പന്തില്‍ 70*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

തല്ലിത്തളര്‍ത്തി രോഹിത്-രാഹുല്‍ സഖ്യം

Mumbai T20I India Big total on KL Rahul Rohit Sharma Virat Kohli Blast

ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചാണ് രോഹിത്തും രാഹുലും തുടങ്ങിയത്. പരമ്പരയില്‍ തിളങ്ങാനായില്ല എന്ന പഴിക്ക് തിരിച്ചടി നല്‍കി ഓപ്പണിംഗ് സഖ്യം. പവര്‍പ്ലേയില്‍ പിറന്നത് 72 റണ്‍സ്. എട്ട് ഓവറില്‍ ടീമിനെ 100 കടത്തി. പിയറിയെ സിക്‌സര്‍  പറത്തി രോഹിത്ത് 23 പന്തില്‍ സ്റ്റൈലായി ഫിഫ്റ്റി തികച്ചു. കെ എല്‍ രാഹുല്‍ 29 പന്തിലും 50 പിന്നിട്ടു. 

പത്ത് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 116. എന്നാല്‍ 12-ാം ഓവറിലെ നാലാം പന്തില്‍ കെസ്രിക്കിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് ഹിറ്റ്‌മാന്‍ വാള്‍ഷിന്‍റെ ക്യാച്ചില്‍ മടങ്ങി. 34 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 71 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ബാറ്റിംഗ് ഓര്‍ഡറില്‍ കോലി പരീക്ഷണം തുടര്‍ന്നപ്പോള്‍ മൂന്നാമനായെത്തിയത് ഋഷഭ് പന്ത്. ക്രീസിലെത്തി രണ്ടാം പന്തില്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി അക്കൗണ്ട് തുറക്കാതെ കൂടാരം കയറി. പന്തിന് നിരാശയുടെ മറ്റൊരു പരമ്പര. 

രാഹുലും കോലിയും; വീണ്ടും കൂട്ടുകെട്ട്

Mumbai T20I India Big total on KL Rahul Rohit Sharma Virat Kohli Blast

ക്രീസിലൊന്നിച്ച രാഹുലിനും കോലിക്കും ആശങ്കകളുണ്ടായിരുന്നില്ല. 15-ാം ഓവറില്‍ ഹോള്‍ഡറെ 22 റണ്‍സടിച്ചു. ഇതിനിടെ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവരം ഹോള്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. 16-ാം ഓവറില്‍ വില്യംസ് റണ്ണൊഴുക്കിന് തടയിട്ടെങ്കിലും 17-ാം ഓവറില്‍ കോട്രലും 18-ാം ഓവറില്‍ വില്യംസും അടിവാങ്ങി. 19-ാം ഓവറില്‍ പൊള്ളാര്‍ഡിന്‍റെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി കോലി 21 പന്തില്‍ ഫിഫ്റ്റി തികച്ചു. 

പൊള്ളാര്‍ഡിനെ 27 റണ്‍സാണ് ഇരുവരും നേടിയത്. അവസാന ഓവറിലെ നാലാം പന്തില്‍ രാഹുലിനെ(91*) കോട്രല്‍ മടക്കി. എന്നാല്‍ അവസാന പന്ത് ഗാലറിയിലെത്തിച്ച് നായകന്‍ വിരാട് കോലി ഇന്ത്യന്‍ സ്‌കോര്‍ 240ലെത്തിച്ചു. 70 റണ്‍സെടുത്ത കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ (0*) പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 16 സിക്‌സുകളാണ് നാലുപാടും പറന്നത്. 


 

Follow Us:
Download App:
  • android
  • ios