Asianet News MalayalamAsianet News Malayalam

'ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് മധുരഓര്‍മ്മ'; നാറ്റ്‌വെസ്റ്റ് കിരീടധാരണത്തെ കുറിച്ച് കൈഫ്

ഇംഗ്ലണ്ടിനെതിരെ 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ദാദ സ്റ്റൈലില്‍ ഷര്‍ട്ടൂരി വിജയാഘോഷം നടത്തിയതിനെയാണ് കൈഫ് ആര്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നത്

Natwest final will make every cricket fan nostalgic Feels Mohammad Kaif
Author
Delhi, First Published Jan 22, 2020, 4:27 PM IST

ദില്ലി: നാറ്റ്‌വെസ്റ്റ് കിരീട ഓര്‍മ്മ ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഗൃഹാതുരത്വമെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. 'അര്‍ട്ട് ആന്‍ഡ് ആര്‍ട്ടിസ്റ്റ്'(കലയും കലാകാരന്‍മാരും) എന്ന തലക്കെട്ടില്‍ നാറ്റ്‌വെസ്റ്റ് ചിത്രം ട്വീറ്റ് ചെയ്താണ് കൈഫ് ഇന്ത്യന്‍ ടീമിന്‍റെ സുവര്‍ണ നേട്ടം അയവിറക്കിയത്. 2002 ജൂലൈ 13നായിരുന്നു ലോര്‍ഡ്‌സിന്‍റെ തിരുമുറ്റത്ത് ഇന്ത്യയുടെ കിരീടധാരണം. 

ഇംഗ്ലണ്ടിനെതിരെ 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ദാദ സ്റ്റൈലില്‍ ഷര്‍ട്ടൂരി വിജയാഘോഷം നടത്തിയതിനെയാണ് കൈഫ് ആര്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നത്. ദാദയ്‌ക്കും യുവ്‌രാജിനും ഒപ്പം കിരീടവുമായി നില്‍ക്കുന്ന ചിത്രമാണ് കലാകാരന്‍മാര്‍ എന്ന തലക്കെട്ടില്‍ കൈഫ് പരാമര്‍ശിച്ചത്. കൈഫിന്‍റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ സാമൂഹ്യമാധ്യമങ്ങളില്‍ നാറ്റ്‌വെസ്റ്റ് മീം നിറഞ്ഞു. 

വിഖ്യാതമായ നാറ്റ്‌വെസ്റ്റ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റുകയായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരവസരത്തില്‍ 146/5 എന്ന നിലയിലായിരുന്നു. എന്നാല്‍ ക്രീസില്‍ ഒന്നിച്ച യുവിയും കൈഫും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. യുവി 69 റണ്‍സില്‍ പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് കപ്പ് ഇന്ത്യയുടേതാക്കി. രണ്ട് വിക്കറ്റും മൂന്ന് പന്തും ബാക്കിനില്‍ക്കേ അവസാന ഓവറില്‍ ടീം വിജയിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ 87 റണ്‍സുമായി കൈഫ് പുറത്താവാതെ നില്‍പുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios