Asianet News MalayalamAsianet News Malayalam

പിന്നിട്ടത് നാഴികക്കല്ല്; ഇന്ത്യക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലന്‍ഡും

ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കെയ്ന്‍ വില്യംസണും സംഘവും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ജയിച്ചപ്പോഴാണ് കിവീസ് ക്രിക്കറ്റിനെ തേടി അഭിമാനിക്കാവുന്ന നേട്ടമെത്തിയത്.

new zealand cricket passed a milestone in test cricket
Author
Wellington, First Published Feb 24, 2020, 2:37 PM IST

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കെയ്ന്‍ വില്യംസണും സംഘവും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ജയിച്ചപ്പോഴാണ് കിവീസ് ക്രിക്കറ്റിനെ തേടി അഭിമാനിക്കാവുന്ന നേട്ടമെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ നൂറാം ജയമായിരുന്നു ഇന്നത്തേത്. 441 ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് ഇതുവരെ കളിച്ചത്. ഇതില്‍ 175 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 166 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

എന്നാല്‍ 100 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച ടീം ന്യൂസിലന്‍ഡാണ്. 1930ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ന്യൂസിലന്‍ഡിന്റെ ആദ്യ ടെസ്റ്റ്. മറ്റു ടീമുകളെ സംബന്ധിച്ചിടത്തോളം ഏറെ വൈകിയാണ് ന്യൂസിലന്‍ഡിനെ തേടി നേട്ടമെത്തിയത്. ഓസ്‌ട്രേലിയയാണ് ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയ ടീം. 1951ല്‍ 199ാം ടെസ്റ്റില്‍ ഓസീസ് 100 ജയങ്ങള്‍ സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടാണ് രണ്ടാമത്.  241ാം ടെസ്റ്റിലാണ്് ഇംഗ്ലണ്ട് ഇത്രയും ജങ്ങള്‍ നേടിയത്. 1939ലാണ് ഇംഗ്ലണ്ടിന്റെ നേട്ടം. 1988ല്‍ വെസ്റ്റ് ഇന്‍ഡീസും 100 ജയങ്ങളുടെ ഭാഗമായി. 266 ടെസ്റ്റില്‍ നിന്നായിരുന്നു വിന്‍ഡീസിന്റെ നേട്ടം. 2006ല്‍ ദക്ഷിണാഫ്രിക്ക ചരിത്രത്തില്‍ ഇടം നേടി. 310 ടെസ്റ്റുകളില്‍ നിന്നാണ് പ്രോട്ടീസിന്റെ നേട്ടം. അതേവര്‍ഷം പാകിസ്ഥാനെ തേടിയും 100ാം ടെസ്റ്റ് വിജയമെത്തി. 320 ടെസ്റ്റില്‍ നിന്നായിരുന്നു പാകിസ്ഥാന്‍ 100ാം വിജയം കണ്ടത്. 

ഇന്ത്യക്ക് 100ാം ടെസ്റ്റ് വിജയം സ്വന്തമാക്കാന്‍ 2009വരെ കാത്തിരിക്കേണ്ടിവന്നു. 432 ടെസ്റ്റുകള്‍ വേണ്ടിവന്നു ഇന്ത്യക്ക് സെഞ്ചുറി ജയം സ്വന്തമാക്കാന്‍. ഇപ്പോഴിതാ ന്യൂസിലന്‍ഡും അഭിമാനിക്കാവുന്ന നേട്ടത്തിന് നെറുകയില്‍. വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം.

Follow Us:
Download App:
  • android
  • ios